ഇനിയും യാഥാർഥ്യമാകാത്ത ഗരീബി ഹഠാവോ


അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിന് ദേശീയതലത്തിൽത്തന്നെ പ്രത്യേകപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം

.

ഗരീബി ഹഠാവോ എന്ന ഇന്ത്യൻ മുദ്രാവാക്യം ഐക്യരാഷ്ട്രസഭയിൽ മുഴങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ രാജ്യത്ത് ഭക്ഷ്യക്ഷാമം അതിരൂക്ഷമായ, പല സ്ഥലങ്ങളിൽനിന്നും പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാലം. ദാരിദ്ര്യനിർമാർജനമാണ് രാഷ്ട്രത്തിന്റെ ഏറ്റവും ആദ്യത്തെയും മുഖ്യവുമായ പരിഗണനാവിഷയം എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീട് പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി. പട്ടിണിയില്ലാതെ ജീവിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ടെന്നതാണ് ആ മുദ്രാവാക്യത്തിന്റെ അന്തസ്സത്ത. രാജ്യങ്ങളുടെ പരസ്പരസഹകരണത്തിലൂടെയും ഐക്യരാഷ്ട്രസംഘടനയുടെ ഇടപെടലുകളിലൂടെയും മാത്രമേ പട്ടിണിനിർമാർജനം ചെയ്യാനാവൂ എന്ന് 1972-മാർച്ച് അവസാനം യു.എൻ. ആസ്ഥാനത്ത് നടന്ന സാർവദേശീയ മനുഷ്യാവകാശ കമ്മിഷൻ സമ്മേളനത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടി. ദാരിദ്ര്യനിർമാർജനപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഒരു സാർവദേശീയദിനാചരണം സംഘടിപ്പിക്കണമെന്ന് ഇന്ത്യൻസംഘത്തെ നയിച്ച ലീലാദാമോദരമേനോനാണ് ശക്തിയുക്തം വാദിച്ചത്. ചിലി, പോളണ്ട് രാജ്യങ്ങളും ഈ ആവശ്യം ഉന്നയിക്കുകയും പാകിസ്താൻ പിന്താങ്ങുകയും ചെയ്ത പ്രമേയം കമ്മ‌ിഷൻ അംഗീകരിച്ചു. എന്നാൽ, രണ്ടുപതിറ്റാണ്ടോളം കഴിഞ്ഞാണ് അങ്ങനെയൊരു തീരുമാനമുണ്ടായതും എല്ലാവർഷവും ഒക്ടോബർ 17 ദാരിദ്ര്യനിർമാർജനദിനമായി ആചരിക്കാൻ തുടങ്ങിയതും. ഇന്ത്യയിൽ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാൻ തുടങ്ങിയിട്ട് ഒമ്പതുവർഷം കഴിഞ്ഞു. എന്നിട്ടും ദാരിദ്ര്യം കുറച്ചുകൊണ്ടുവരാനാവുന്നില്ല, കൂടിവരുന്നെന്നത് ‘അതിവികസന’ത്തിന്റെ ഇക്കാലത്ത് വേദനിപ്പിക്കേണ്ട സാമൂഹികാനുഭവമാണ്.

ലോകത്തെ 790 കോടി ജനങ്ങളിൽ 130 കോടിയോളം പേർക്ക് രണ്ടുനേരത്തെ ഭക്ഷണംപോലും കൃത്യമായി കിട്ടുന്നില്ലെന്നതാണ് ലോകബാങ്കിന്റെ കണക്ക്. കോവിഡ് മഹാമാരി അക്കൂട്ടത്തിലേക്ക് 16 കോടിയോളം ആളുകളെക്കൂടി തള്ളിക്കയറ്റിയിരിക്കുന്നു. ഇന്ത്യയിൽ ദാരിദ്ര്യം കൂടിവരുന്നതായാണ് ഏറ്റവുമൊടുവിലത്തെ നിതി ആയോഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനവും ദാരിദ്ര്യത്തിലാണ്. പത്തുകോടിക്കടുത്ത്‌ ജനങ്ങൾ (9,76,97,747) കൃത്യമായി ഭക്ഷണംപോലും കിട്ടാതെ നരകയാതനയനുഭവിക്കുന്ന അതിദരിദ്രരാണെന്നും നിതി ആയോഗ് റിപ്പോർട്ട് ചെയ്തു. ബിഹാറിലെ 51.91 ശതമാനവും ത്ധാർഖണ്ഡിലെ 42.16 ശതമാനവും ഉത്തർപ്രദേശിലെ 37.79 ശതമാനവും ആളുകൾ ദരിദ്രരാണെന്ന ആ കണക്കിൽ കേരളമാണ് ദാരിദ്ര്യത്തെ ഒരുപരിധിവരെയെങ്കിലും നിർമാർജനംചെയ്ത സംസ്ഥാനം. 0.71 ശതമാനമാണ് കേരളത്തിലെ ദരിദ്രരെന്നും കോട്ടയം ജില്ലയാണ് രാജ്യത്ത് ദരിദ്രരില്ലാത്ത ഏകജില്ലയെന്നും നിതി ആയോഗ് പറയുന്നു. എന്നാൽ, കേരളവും ദാരിദ്ര്യമില്ലാത്ത നാടല്ല, ഇവിടെ 0.64 ശതമാനം കുടുംബങ്ങൾ അതിദരിദ്രരാണെന്നാണ് സംസ്ഥാനസർക്കാർ കഴിഞ്ഞമാസം എടുത്ത സർവേയിലുള്ളത്. 1,18,326 കുടുംബങ്ങൾ ദാരിദ്ര്യത്തിലാണ്.

അതിൽ അതിദരിദ്രരുടെ കണക്കിൽ 64,006 കുടുംബങ്ങളേ വരൂ എന്നാണ് നിഗമനം. ഭക്ഷണം സ്വയം കണ്ടെത്തി കഴിക്കാനാവാത്തവർ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ, പൊതു ഇടങ്ങളിൽ കഴിയുന്നവർ, പോഷകാഹാരമില്ലാത്തതിനാൽ രോഗാവസ്ഥയിലുള്ള കുട്ടികൾ എന്നിവരെല്ലാമാണ് ഈ വിഭാഗത്തിലുള്ളത്. ഈ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ പഞ്ചായത്ത്-നഗരസഭാ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ, സർവേയിൽ ആദ്യഘട്ടത്തിൽ കണ്ടെത്തിയ കുടുംബങ്ങളെയാകെ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ നടപടിയുണ്ടാകണം.കോൺഗ്രസിലെ പിളർപ്പിനുശേഷം (1969), നെഹ്രുവിന്റെ സാമ്പത്തികനയങ്ങളിൽ ഊന്നിക്കൊണ്ട് ബാങ്ക് ദേശസാത്‌കരണമടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനൊപ്പംതന്നെയാണ് ഇന്ദിരാഗാന്ധി ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവും ഉയർത്തിയത്. കടുത്തദാരിദ്ര്യം ജനങ്ങളെ ക്ഷുഭിതരാക്കുകയും തീവ്രവാദപ്രസ്ഥാനങ്ങൾ ശക്തിപ്രാപിക്കുകയുംചെയ്ത രാഷ്ട്രീയകാലാവസ്ഥയെ മുറിച്ചുകടക്കുന്നതിന്റെ ഭാഗമായിരുന്നു നടപടികൾ. പക്ഷേ, ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിന്റെ അന്തസ്സത്തയായ എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും പാർപ്പിടം എന്നതിലേക്ക് അധികം മുന്നോട്ടുപോകുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ വിജയിച്ചില്ലെന്നാണ് ലോകബാങ്കിന്റെയും നിതി ആയോഗിന്റെയും കണക്കുകൾ തെളിയിക്കുന്നത്. അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളെ അതിൽനിന്ന് മോചിപ്പിക്കുന്നതിന് ദേശീയതലത്തിൽത്തന്നെ പ്രത്യേകപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം.

Content Highlights: editorial

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..