സാമ്പത്തിക അച്ചടക്കം പാലിക്കാം


ചെലവുകൾ നിയന്ത്രിച്ച്, നികുതിപിരിവ് കാര്യക്ഷമമാക്കി കർശനമായ സാമ്പത്തിക അച്ചടക്കംപാലിച്ചുമാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകൂ

.

സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുന്നെന്ന വാർത്ത ആശങ്കാജനകമാണ്. നേരത്തേയെടുത്ത കടവുമായി ബന്ധപ്പെട്ട കണക്കുകളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന തർക്കം നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ കടമെടുപ്പിന് അനുമതിനൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വായ്പയെടുക്കാൻ കേന്ദ്രം വേഗത്തിൽ പച്ചക്കൊടി കാട്ടിയില്ലെങ്കിൽ ഏപ്രിലിലെ ശമ്പളവും മേയിലെ പെൻഷനും നൽകുന്നത് പ്രയാസത്തിലാകും. ശമ്പളവും പെൻഷനും നൽകണമെങ്കിൽ ആറായിരം കോടിയിലേറെ രൂപവേണം. എന്നാൽ ശമ്പളവിതരണം തടസ്സപ്പെടുന്ന യ​ാതൊരുസ്ഥിതിയും നിലവിലില്ല എന്നാണ്‌ സംസ്ഥാന ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്‌. ഈ സാമ്പത്തികവർഷം ഇതേവരെ മൂന്ന് ഗഡുവായി റിസർവ് ബാങ്ക് മുഖേന ലഭിക്കേണ്ട നാലായിരം കോടി രൂപയുടെ വായ്പ തടഞ്ഞുവെച്ചിരിക്കുകയാണ്. താത്‌കാലിക പരിഹാരം കണ്ടാലും സാമ്പത്തികക്കുഴപ്പം തരണംചെയ്യുക എളുപ്പമല്ല. സംസ്ഥാനങ്ങളെക്കാൾ അധികതോതിൽ കടമെടുത്തുകൊണ്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനങ്ങൾക്ക് ഓരോവർഷവും എടുക്കാവുന്ന വായ്പത്തുകയെത്രയെന്ന് നിശ്ചയിക്കുന്നതും കേന്ദ്രസർക്കാരാണ്. സാങ്കേതികത്വത്തിന്റെപേരിൽ അതിന്റെ ഗഡുക്കൾ തടയുന്നത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കും. രണ്ട്‌ മാസം കടമെടുക്കൽ നടന്നില്ലെങ്കിലും വലിയ പ്രതിസന്ധിയിലേക്ക്‌ പോവില്ല എന്നാണ്‌ ധനമന്ത്രിയുടെ ശുഭാപ്തി വിശ്വാസം.

സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികൾക്കായി സ്വീകരിച്ച നിക്ഷേപങ്ങളും വായ്പകളും സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിലപാട്. കിഫ്ബി വായ്പകളും പ്രത്യേക പദ്ധതികൾക്കായി എടുത്ത വായ്പകളും കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിനൊപ്പം ചേർത്താൽ അനുവദനീയമായ കടത്തിലും അധികമാകും. എന്നാൽ, കിഫ്ബി വായ്പയും പ്രത്യേക പദ്ധതികളുമായി ബന്ധപ്പെട്ട വായ്പകളും സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽ ഉൾപ്പെടുത്തുന്നത് അന്യായമാണെന്നാണ് കേരളത്തിന്റെ നിലപാട്. ഏതായാലും കണക്കിലെ തർക്കങ്ങളും സാങ്കേതികത്വങ്ങളും പരിഹരിച്ച് അടിയന്തരമായി വായ്പഗഡുക്കൾ വിട്ടുനൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, അടിസ്ഥാനസൗകര്യവികസനത്തിന്റെപേരിൽ പദ്ധതികളാവിഷ്‌കരിക്കുന്നതിലും കടം വാങ്ങുന്നതിലും സ്വയംനിയന്ത്രണം പാലിച്ചില്ലെങ്കിൽ സാമ്പത്തിക അരാജകത്വമാവും ഫലമെന്നോർക്കുകയും വേണം. വികസനത്തിലെ പൊങ്ങച്ചമാണ് ശ്രീലങ്കയെ വീഴ്ത്തുന്നതിൽ പ്രധാനഘടകമായത്.

പഞ്ചാബിനും രാജസ്ഥാനും ബംഗാളിനും പിറകെ രാജ്യത്ത് ഏറ്റവും കൂടുതൽതോതിൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 38.3 ശതമാനത്തിലധികമായിരിക്കുകയാണ് കടം. കടം തിരിച്ചടവിനുതന്നെ ഇക്കൊല്ലം അമ്പത്താറായിരം കോടിയോളം വേണം. കോവിഡിന്റെ രൂക്ഷതതുടരുന്ന സന്ദർഭത്തിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പതിനൊന്നാം ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ശമ്പളക്കമ്മിഷൻ ശുപാർശപ്രകാരം 2019 ജൂലായ്‌മുതൽ പൂർവകാല പ്രാബല്യത്തോടെ നൽകേണ്ട ആനുകൂല്യം പൂർണമായി ഇനിയും നൽകിയിട്ടില്ല. എന്നിട്ടും ശമ്പള-പെൻഷൻ ചെലവ് മൊത്തം റവന്യൂ വരുമാനത്തിന്റെ 60.43 ശതമാനമായി ഉയർന്നു.
അഞ്ചുവർഷമായി കേന്ദ്രത്തിൽനിന്ന്‌ കിട്ടിക്കൊണ്ടിരുന്ന ജി.എസ്.ടി. നഷ്ടപരിഹാരം ജൂണോടെ നിലയ്ക്കുകയാണ്. കേന്ദ്രത്തിന്റെ നികുതിവരുമാനത്തിൽ സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതം പത്തുവർഷംകൊണ്ട് പകുതിയോളമായി കുറഞ്ഞ് 1.92 ശതമാനത്തിലെത്തി. ദേശീയ ആരോഗ്യദൗത്യംപോലുള്ള കേന്ദ്രാവിഷ്‌കൃതപദ്ധതികളിൽ 40 ശതമാനം തുക സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്. വാർഷികബജറ്റുകൾ കൂടുതൽ ചെലവാക്കുന്നതിനുള്ള വാതിലുകളല്ലാതെ അതിനുള്ള വരുമാനം കണ്ടെത്താനുള്ള സ്രോതസ്സുകൾ തുറക്കുന്നില്ല. ചെലവുകൾ നിയന്ത്രിച്ച്, നികുതിപിരിവ് കാര്യക്ഷമമാക്കി കർശനമായ സാമ്പത്തിക അച്ചടക്കംപാലിച്ചുമാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകൂ.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..