യുദ്ധവും പ്രത്യാഘാതങ്ങളും


യുക്രൈൻ യുദ്ധം കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ്‌. ഇപ്പോഴത്തെ യുദ്ധത്തിന്റെ കെടുതി ലോകവ്യാപകമാണ്, യാതനയനുഭവിക്കുന്നത് എല്ലാവരുമാണ്

.

വിലക്കയറ്റത്തിന്റെ വേലിയേറ്റത്തിൽ പൊറുതിമുട്ടുകയാണ്‌ രാജ്യം. റഷ്യയുടെ യുക്രൈൻ ആക്രമണം കാരണമുണ്ടായ ഇന്ധനവിലവർധന വിലക്കയറ്റത്തെ ആഗോളപ്രതിഭാസമാക്കി. 2014-നുശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണ് ഇന്ത്യയിൽ. തുടർച്ചയായി പത്താം മാസവും പണപ്പെരുപ്പം കൂടിക്കൂടി 7.9 ശതമാനമായി. ഔദ്യോഗികമായി സർക്കാർ പുറത്തുവിട്ട ഈ കണക്കിലും അധികമാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. പച്ചക്കറിക്ക് 15.41 ശതമാനവും ധാന്യങ്ങൾക്ക് 10.56 ശതമാനവുമാണ് വിലക്കയറ്റം. യാത്രച്ചെലവിൽ 10.91 ശതമാനംവർധന. ഇന്ധനവില വർധനയെത്തുടർന്ന് യാത്രക്കൂലിയിലുണ്ടായ യഥാർഥവർധന കണക്കിൽ പ്രതിഫലിക്കുന്നില്ല. ഓരോ ദിവസവും ജീവിതച്ചെലവ് കൂടിക്കൊണ്ടിരിക്കുന്നു. പലിശനിരക്ക് 0.40 ശതമാനം കൂട്ടിയതിനുപുറമേ അടുത്തമാസം വീണ്ടും കൂട്ടുന്നതിനാണ് സാധ്യത. വരുംമാസങ്ങളിലും പണപ്പെരുപ്പം തുടരുമെന്ന് വ്യക്തമായിട്ടും കേന്ദ്രസർക്കാർ ജനങ്ങളുടെ പ്രയാസം കുറയ്ക്കാനും ആശങ്കയകറ്റാനും നടപടികളൊന്നും സ്വീകരിക്കുന്നതായി കാണുന്നില്ല.

യുക്രൈൻ യുദ്ധം കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ്‌. ആരും വിജയിക്കാത്ത യുദ്ധമാണ് യുക്രൈനിൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ നടത്തിയ യൂറോപ്യൻ പര്യടനത്തിനിടെ പറഞ്ഞത്. ഇപ്പോഴത്തെ യുദ്ധത്തിന്റെ കെടുതി ലോകവ്യാപകമാണ്, യാതനയനുഭവിക്കുന്നത് എല്ലാവരുമാണ്. യുക്രൈൻ നാറ്റോയിൽ ചേർന്നാൽ തങ്ങൾക്ക് ഭീഷണിയാകുമെന്ന നിഗമനത്തോടെ റഷ്യ എടുത്തുചാടി നടത്തിയ ആക്രമണത്തിൽ ദശലക്ഷക്കണക്കിനാളുകളാണ് നരകയാതനയനുഭവിക്കുന്നത്. ലോകത്തെ ഊട്ടുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന യുക്രൈനിലെ 30 ശതമാനം കൃഷിസ്ഥലവും തരിശ്ശായിമാറി. ലോകത്താകെ കയറ്റിയയക്കുന്ന സൺഫ്ലവർ ഓയിലിന്റെ 50 ശതമാനവും യുക്രൈനിൽനിന്നായിരുന്നു. അത് നിലച്ചത് ഭക്ഷ്യയെണ്ണയ്ക്ക് ക്ഷാമവും വിലക്കയറ്റവുമുണ്ടാക്കി. യുദ്ധമല്ല, പരിമിതമായ സൈനികനടപടിയെന്നവകാശപ്പെടുമ്പോൾത്തന്നെ ഒരുനാടിനെയും ജനതയെയും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുദ്ധക്കുറ്റമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് വ്യക്തമാകുന്നത്.

യുദ്ധത്തിൽ ജയിക്കുകയല്ല, ലോകത്തിന്റെ മുന്നിൽ ഒറ്റപ്പെടുകയാണ് റഷ്യ. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാനൊരുങ്ങുന്നെന്നതാണ് യുദ്ധംകൊണ്ട് റഷ്യ നേരിടുന്ന പുതിയ വെല്ലുവിളി. റഷ്യയുമായി 1300 കിലോമീറ്ററോളം അതിർത്തിപങ്കിടുന്ന ഫിൻലൻഡിൽ നടന്ന അഭിപ്രായവോട്ടെടുപ്പിൽ 76 ശതമാനം പേരും നാറ്റോയിൽ ചേരണമെന്നാണ് നിർദേശിച്ചത്. ഫിൻലൻഡ് അതിന് മുതിർന്നാൽ വെറുതേവിടില്ലെന്ന ഭീഷണി റഷ്യയുടെ ഭാഗത്തുനിന്ന് ഉടൻതന്നെയുണ്ടായത് സംഘർഷം വ്യാപിച്ചേക്കാമെന്നാണ് സൂചിപ്പിക്കുന്നത്.
20 വർഷത്തിനിടയിലെ ഏറ്റവുംവലിയ നിരക്കിലാണ് റഷ്യയിലെ പണപ്പെരുപ്പം-18 ശതമാനത്തോളം. റഷ്യ സ്വന്തം സുരക്ഷിതത്വത്തിന് വേണ്ടിനടത്തുന്ന സൈനികനടപടിയെ യുദ്ധമായി ചിത്രീകരിച്ച് റഷ്യയെ സാമ്പത്തികമായി തകർക്കാനാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഉപരോധം തുടരുന്നതെന്നാണ് പുതിന്റെ ആരോപണം. അങ്ങനെ കുറ്റപ്പെടുത്താൻ പുതിന് അവകാശമില്ലെങ്കിലും റഷ്യക്കെതിരായ സമ്പൂർണ ഉപരോധം വിനയായത് ലോകത്തിനാകെയാണ്. ഗോതമ്പിന്റെയും മറ്റും ഇറക്കുമതി നിലച്ചതും ഉപരോധം ഏർപ്പെടുത്തിയ രാഷ്ട്രങ്ങളിലടക്കം പണപ്പെരുപ്പം രൂക്ഷമാക്കി. കരിങ്കടലിലെ തുറമുഖങ്ങൾ അടച്ചതുകാരണം റഷ്യയിൽനിന്ന് പാശ്ചാത്യമേഖലയിലേക്കുള്ള എണ്ണ ഇറക്കുമതി നിലച്ചു.

കോവിഡ് പാപ്പരാക്കിയ ദരിദ്ര-ഇടത്തരം സാമ്പത്തികനിലയുള്ള രാജ്യങ്ങളെ യുക്രൈൻ യുദ്ധം സാമ്പത്തികത്തകർച്ചയിലേക്കാണ് തള്ളിയിട്ടതെന്ന് ഐക്യരാഷ്ട്രസംഘടന പറയുന്നു. വിവരം ശേഖരിച്ചുനൽകുന്നതിനും അഭ്യർഥന നടത്തുന്നതിനുമപ്പുറം നിസ്സഹായാവസ്ഥയിലാണ് ഐക്യരാഷ്ട്രസഭ. നാശംവിതച്ചുകൊണ്ടിരിക്കുന്ന അധിനിവേശയുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടൽ നടത്താൻ ഇന്ത്യയടക്കം പ്രാപ്തിയുള്ള രാഷ്ട്രങ്ങൾ ശ്രമിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..