മാതൃകയാക്കാം കേരളയെ  


ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യംവെക്കുന്ന സർക്കാരിന്റെ ­പ്രവർത്തനങ്ങൾക്ക് ഒരു ­മുതൽക്കൂട്ടാണ് കേരളയുടെ നേട്ടം. ഈ മാതൃകയിൽത്തന്നെ മറ്റ് സർവകലാശാലകളും നാക് റീ-അക്രഡിറ്റേഷനിൽ ­മുന്നേറ്റം നടത്തുമെന്നുതന്നെ ­പ്രതീക്ഷിക്കാം

.

കേരളത്തിന്റെ മാതൃസർവകലാശാലയായ കേരള സർവകലാശാല ഇപ്പോൾ സ്വന്തമാക്കിയ നേട്ടം സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്കും മാതൃകയാണ്. നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് സ്വന്തമാക്കിയതിലൂടെ രാജ്യത്തെ ആദ്യത്തെ പത്ത് സർവകലാശാലയുടെ പട്ടികയിലേക്കാണ് കേരളയും എത്തിയത്. നാലിൽ 3.67 എന്ന സ്കോർ നേടിയതിലൂടെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് ലഭിച്ച അതേ സ്കോർ എന്ന ഖ്യാതിയും കേരളയ്ക്ക് ലഭിച്ചു. ബി പ്ലസിൽ നിന്ന് എ-യിലേക്കും എ-യിൽ നിന്ന് എ++ ലേക്കുമുള്ള ക്രമാനുഗത വളർച്ച അധ്യാപക-അനധ്യാപക ജീവനക്കാരുടെയും സർക്കാരിന്റെതന്നെയും മികച്ച ഇടപെടലിലൂടെ സാധ്യമായതാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ 2021-ലെ പട്ടികയിൽ രാജ്യത്തെ സർവകലാശാലകളിൽ 27-ാം സ്ഥാനത്താണ് കേരളയെത്തിയത്.

സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ രാജ്യത്ത് എറ്റവും മികച്ചതെന്ന ഖ്യാതിയും കേരളയ്ക്കാണ്. കാലാകാലങ്ങളിൽ സർവകലാശാലയ്ക്കുമേൽ ബാധിച്ച കരിനിഴലിൽനിന്ന് മുക്തിനേടാനുതകുന്നതാണ് ഇപ്പോഴത്തെ വളർച്ച. 1937-ൽ തിരുവിതാംകൂർ സർവകലാശാലയെന്ന പേരിൽ ആരംഭിച്ച് എട്ട് പതിറ്റാണ്ട് പിന്നിട്ട ഈ സ്ഥാപനത്തിന് മഹത്തായ ചരിത്രപാരമ്പര്യവുമുണ്ട്. കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന് വഴിമരുന്നിട്ട സ്ഥാപനമാണിത്. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ ചാൻസലറായും സി.പി. രാമസ്വാമി അയ്യർ വൈസ് ചാൻസലറായുമാണ് സർവകലാശാല തുടങ്ങിയത്. വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈനെ ആദ്യ വൈസ് ചാൻസലറാക്കാൻ തീരുമാനിച്ച സർവകലാശാല കൂടിയാണിത്. 1957-ലാണ് തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി മാറിയത്. 16 ഫാക്കൽറ്റികളിലായി 41 പഠന, ഗവേഷണ വകുപ്പുകളുണ്ട് സർവകലാശാലയ്ക്ക്. 150 അഫിലിയേറ്റഡ് കോളേജുകളും ഇതിന്റെ ഭാഗമാണ്. 85,000-ത്തോളം കുട്ടികളാണ് പഠിക്കുന്നത്.

നാക്കിന്റെ റീ-അക്രഡിറ്റേഷനിൽ വീണ്ടും മുന്നിലെത്താൻ രണ്ടുവർഷത്തിലധികമായി ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി. ഏഴ് സൂചകങ്ങളാണ് വിവിധ സർവകലാശാലകളിൽനിന്നുള്ള വിദഗ്‌ധർ പരിശോധിച്ചത്. അടിസ്ഥാന സൗകര്യമേഖല, പഠനസൗകര്യങ്ങളുടെ ലഭ്യത, നേതൃപാടവം, ഭരണ നൈപുണി, മൂല്യങ്ങൾ, അധ്യാപനം, പാഠ്യപദ്ധതി തുടങ്ങിയവയിലൊക്കെ സർവകലാശാല മികച്ച പ്രകടനം കാഴ്ചവെച്ചു. എ++ നേട്ടത്തിലേക്ക് എത്തിയതോടെ സർവകലാശാലയുടെ വളർച്ച വേഗത്തിലാകും. നാക് ഗ്രേഡ് എറ്റവും മികച്ചതായതിനാൽ കേന്ദ്രത്തിന്റെയും യു.ജി.സി.യുടെയും പല പ്രോജക്ടുകളും ലഭിക്കുന്നത് എളുപ്പമാകുമെന്നും കരുതുന്നു. ഇതുവഴി കോടികളുടെ വികസനപ്രവർത്തനങ്ങൾക്കാണ് വഴിതുറക്കുന്നത്. സെന്റർ ഒാഫ് എക്സലൻസ്, ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എമിനൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അർഹതയുമായി. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ആയിരംകോടി രൂപയെങ്കിലും സർവകലാശാലയ്ക്ക് സഹായധനമായി ലഭിക്കും. സർവകലാശാലയ്ക്കൊപ്പം ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കും അഭിമാനമാണ് ഈ എ++ നേട്ടം. രാജ്യത്തെതന്നെ ഏറ്റവും മികച്ച സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയവർക്ക് ലഭിക്കുന്ന അവസരങ്ങളും സാധ്യതകളും കൂടുതലാകും. ഉന്നതവിദ്യാഭ്യാസത്തിലേക്ക് എത്തുന്ന വിദ്യാർഥികൾക്കാകട്ടെ, ഇത് കൂടുതൽ ഉപകരിക്കുകയും ചെയ്യും.

കേരള സർവകലാശാലയ്ക്ക് ലഭിച്ച എ++ ഗ്രേഡ് കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് പ്രചോദനമാകുന്നതിനൊപ്പം കേരളയ്ക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളും നൽകുന്നുണ്ട്. സർവകലാശാലകളുടെ പരീക്ഷാ നടപടികൾക്കെതിരേയും മറ്റും ഇടയ്ക്കിടെ ഉയരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും വീണ്ടും ഉണ്ടായാൽ, അത് കൈവരിച്ച നേട്ടത്തിന് മങ്ങലേൽക്കും. പരീക്ഷകളുടെ സമയബന്ധിതവും സുരക്ഷിതവുമായ നടത്തിപ്പും കൂടുതൽ കാര്യക്ഷമമാകണം. ഗവേഷണസംവിധാനങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളും കൂടുതൽ മേന്മയേറിയതാകേണ്ടതുണ്ട്. അക്കാദമിക ഇടപെടലുകൾക്കൊപ്പം സർവകലാശാല നടത്തിയ സാമൂഹിക ഇടപെടലുകളും തുടരണം. ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമായ മാറ്റം എന്നത് ലക്ഷ്യംവെക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ് സർവകലാശാലയുടെ നേട്ടം. കേരളയുടെ മാതൃകയിൽത്തന്നെ മറ്റ് സർവകലാശാലകളും നാക് റീ-അക്രഡിറ്റേഷനിൽ മുന്നേറ്റം നടത്തുമെന്നുതന്നെ പ്രതീക്ഷിക്കാം.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..