മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകം


ആസന്നമായ രാഷ്ട്രപതി തിരഞ്ഞെടുപ്പും 2024-ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ അണിയറനീക്കങ്ങളിലേക്കുമാണ് ഇപ്പോഴത്തെ കലഹം വിരൽചൂണ്ടുന്നത്

.

പ്രകടമായിത്തന്നെ വിരുദ്ധാദർശമുള്ള രണ്ടുവിഭാഗത്തിന്റെ കൂട്ടായിരുന്നിട്ടും വലിയ കുലുക്കമില്ലാതെ 30 മാസം ഭരണം നടത്തിയശേഷമാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി ഫലത്തിൽ തകരുന്നത്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ബി.ജെ.പി.യുടെ സ്വാഭാവികപങ്കാളിയായ ശിവസേന മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരിലാണ് എൻ.ഡി.എ.യിൽനിന്ന് കലഹിച്ചിറങ്ങിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസുമായും ചേർന്ന് മിനിമംപരിപാടിയുടെ അടിസ്ഥാനത്തിൽ മഹാവികാസ് അഘാഡി രൂപവത്‌കരിച്ചതും. തിരഞ്ഞെടുപ്പിൽ ഒന്നിച്ചുമത്സരിച്ചുജയിച്ച ശിവസേന ആദ്യത്തെ രണ്ടരക്കൊല്ലം മുഖ്യമന്ത്രിസ്ഥാനം വേണമെന്നായിരുന്നു ബി.ജെ.പി.യോടാവശ്യപ്പെട്ടത്. ബി.ജെ.പി. അത് നിരാകരിച്ചതിനാൽ എതിർപക്ഷത്തിനൊപ്പംചേർന്ന് മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ രണ്ടരവർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് പുറത്താകുന്നത്. ശിവസേനയിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി.നേതാവ് ഫഡ്‌നവിസിന് മുഖ്യമന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്നതിനും വഴിതെളിയുകയാണ്.

രണ്ടാഴ്ചമുമ്പുനടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞദിവസംനടന്ന മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് ആനുപാതികമായതിലുമധികം സീറ്റിൽ ജയിക്കാനായതോടെത്തന്നെ ഭരണമുന്നണിയിലെ ചോർച്ച വ്യക്തമായതാണ്. തുടർന്ന് എട്ട് മന്ത്രിമാരടക്കം ശിവസേനയിലെ ഭൂരിപക്ഷം എം.എൽ.എ.മാരെയും മറുകണ്ടംചാടിക്കുന്നതിന് സമർഥമായ കരുനീക്കം നടത്താനും രാഷ്ട്രീയ എതിരാളികൾക്ക് സാധിച്ചു. മുഖ്യമന്ത്രിയും പാർട്ടിപ്രസിഡന്റുമായ ഉദ്ധവിന്റെ വിഭാഗം ശിവസേനാ നിയമസഭാകക്ഷിയിൽ ന്യൂനപക്ഷമായി.
സ്വന്തം എം.എൽ.എ.മാരെ വിശ്വാസമില്ലാത്തതിനാലും എതിരാളികൾ തട്ടിക്കൊണ്ടുപോവുകയോ വിലയ്ക്കെടുക്കുകയോ ചെയ്യുമെന്ന ഭയത്താലും മറ്റു സംസ്ഥാനങ്ങളിലെ റിസോർട്ടുകളിലും പഞ്ചനക്ഷത്രഹോട്ടലുകളിലും പാർപ്പിക്കുന്നത് പതിവായിരിക്കുകയാണെന്ന്, ജനാധിപത്യം എത്തിയിരിക്കുന്ന വൈപരീത്യം എന്ന നിലയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് മധ്യപ്രദേശിൽ സമാനസംഭവം നടന്നപ്പോഴാണ്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പുവേളയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാർട്ടികൾ തരാതരം ഈ രീതി പരീക്ഷിച്ചു.

പക്ഷേ, പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള കൂറുമാറ്റം ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ത്യയിലെ പാർലമെന്ററി രാഷ്ട്രീയത്തിലെ കളികൾ പലതും ജനാധിപത്യതത്ത്വങ്ങളുമായി പൊരുത്തപ്പെടാത്തതും അഭിമാനകരമല്ലാത്തതുമാണെങ്കിലും അതെല്ലാം പുതിയപാഠങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ മഹാരാഷ്ട്രയിൽ എൻ.സി.പി.യും കോൺഗ്രസും ശിവസേനയും മുന്നണിയാവുകയും ഉദ്ധവിനെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്ത വിവരമറിഞ്ഞശേഷം ഗവർണർ നടത്തിയ ഇടപെടൽ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. പുലർച്ചെ 5.47-ന് രാഷ്ട്രപതിഭരണം പിൻവലിച്ച് രാവിലെ എട്ടുമണിക്ക് ഫഡ്‌നവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. ഗവർണറുടെ നടപടിക്കെതിരേ മഹാവികാസ് സഖ്യം നിയമത്തിന്റെ വഴിതേടുകയും 24 മണിക്കൂറിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു. ഭൂരിപക്ഷം തീരുമാനിക്കുന്നതിനുള്ള വേദി നിയമസഭയാണെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഭൂരിപക്ഷം ഉറപ്പില്ലാത്തതിനാൽ ഫഡ്‌നവിസിന്‌ രാജി​വെക്കേണ്ടിവന്നു.

കോൺഗ്രസിന്റെയും എൻ.സി.പി.യുടെയും രാഷ്ട്രീയത്തോടല്ല, ബി.ജെ.പി.യുടെ രാഷ്ട്രീയത്തോടാണ് ശിവസേനയ്ക്ക് ബന്ധം വേണ്ടതെന്നാണ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള എം.എൽ.എ.മാരിൽ ഭൂരിപക്ഷത്തിന്റെ വാദം. നേതൃത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെങ്കിലും ഭൂരിപക്ഷവികാരം മാനിച്ച് മഹാവികാസ് സഖ്യം വിടുന്നകാര്യം പരിഗണിക്കാമെന്നതിലേക്കുവരെ ഉദ്ധവ് താക്കറെയും എത്തി. ഇത് സഖ്യകക്ഷികളായ കോൺഗ്രസിനെയും എൻ.സി.പി.യെയും അമ്പരപ്പിച്ചു. എന്നാൽ, ഈ സമവായനീക്കം ഷിന്ദേപക്ഷം നിരാകരിച്ചതിലൂടെ കൂടുതൽ വിപുലമായ രാഷ്ട്രീയതാത്‌പര്യമാണ് വിമതനീക്കത്തിനു പിന്നിലെന്ന് വ്യക്തമാണ്. ആസന്നമായ രാഷ്ട്രപതിതിരഞ്ഞെടുപ്പും 2024-ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ അണിയറനീക്കങ്ങളിലേക്കുമാണ് ഇപ്പോഴത്തെ കലഹം വിരൽചൂണ്ടുന്നത്. അധികാരരാഷ്ട്രീയത്തിന്റെ വടംവലികൾക്കിടെ ജനഹിതത്തിന്റെ വിലയെന്ത് എന്ന കാതലായ ചോദ്യം പക്ഷേ, അവശേഷിക്കുന്നു.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..