ത്രിവർണം ഉയരുമ്പോൾ


‘നമ്മൾ നൂറ്റ നൂലുകൊണ്ട് നമ്മൾ നെയ്ത വസ്ത്രംകൊണ്ട്’ നിർമിച്ച ത്രിവർണപതാക ഓരോ വീട്ടിലും ­ഉയർത്താൻ കഴിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി ­ഉചിതമാവുമായിരുന്നു

.

വീടുകളിലും സ്ഥാപനങ്ങളിലും ഇന്ത്യയുടെ ദേശീയപതാക ഉയരുകയാണ്. ധീരതയുടെയും ത്യാഗത്തിന്റെയും പ്രകാശത്തിന്റെയും പവിത്രതയുടെയും സത്യധർമങ്ങളുടെയും പ്രകൃതിയുടെയും സമൃദ്ധിയുടെയും ചലനാത്മകതയുടെയും പ്രതീകമായ അശോകചക്രാങ്കിത ത്രിവർണപതാക എഴുപത്തഞ്ചുവർഷം പൂർത്തിയാകുന്ന ഭാരതസ്വാതന്ത്ര്യത്തെ ഉദ്‌ഘോഷിച്ച് ഓഗസ്റ്റ് 13 മുതൽ മൂന്നുനാൾ സാർവത്രികമായി പാറിപ്പറക്കും. ഒരുവർഷമായി രാജ്യത്തുടനീളം നടന്നുവരുന്ന ‘ആസാദീ കാ അമൃത് മഹോത്സവ്’ ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ധീരദേശാഭിമാനികൾ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടത്തിന്റെ ഓർമകളുണർത്തി. സ്വാതന്ത്ര്യസമരത്തിന്റെ അനുഭവമുള്ളവരോ അതിന്റെ നേരിട്ടുള്ള ഓർമകളുള്ളവരോ നാമമാത്രമായിക്കൊണ്ടിരിക്കുന്ന കാലമായതിനാൽ ചരിത്രബോധവത്‌കരണത്തിന് ഇനിയാണ് പ്രസക്തികൂടുന്നത്. അതിനാൽ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഹർ ഘർ തിരംഗ’ എന്ന പരിപാടി പ്രഖ്യാപിച്ചത് സമുചിതമാവുന്നു.

‘നമ്മൾ നൂറ്റ നൂലുകൊണ്ട് നമ്മൾ നെയ്ത വസ്ത്രംകൊണ്ട്’ നിർമിച്ച ത്രിവർണപതാക ഓരോ വീട്ടിലും ഉയർത്താൻ കഴിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി ഉചിതമാവുമായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യമായ ചിഹ്നങ്ങളിൽ അദ്വിതീയമാണ് ഖാദിയും അതുണ്ടാക്കുന്ന ചർക്കയും. ഖദർ അഥവാ ഖാദിത്തുണികൊണ്ടുള്ള ദേശീയപതാകയാണ് എല്ലാവരും ഉപയോഗിക്കേണ്ടതെന്ന് ആസാദീ കി അമൃത് മഹോത്സവിന്റെ തുടക്കകാലത്തുതന്നെ നിർദേശിച്ച് അതനുസരിച്ച് ആസൂത്രണം ചെയ്യേണ്ടതായിരുന്നു. എന്നാൽ, ദേശീയപതാക നിർമിക്കുന്നത് ഖാദിത്തുണിയോ കൈത്തറിത്തുണിയോ ഉപയോഗിച്ചായിരിക്കണമെന്ന 2002-ലെ പതാകാനിയമം കഴിഞ്ഞവർഷാവസാനം ഭേദഗതി ചെയ്യുകയാണുണ്ടായത്. ദേശീയപതാക നിർമാണത്തിന്റെ പൂർണമായ അവകാശവും ചുമതലയും കർണാടകയിലെ ഖാദി ഗ്രാമോദ്യോഗ സംയുക്തസംഘത്തിൽ നിക്ഷിപ്തമായിരുന്നതും ഇല്ലാതായി. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന പോളിസ്റ്റർ തുണി ദേശീയപതാക നിർമാണത്തിന് ഉപയോഗിക്കാം എന്ന ഭേദഗതി അതിന്റെ വിലക്കുറവും കൂടിയ ലഭ്യതയും പരിഗണിച്ചാണെന്നാണ് പറയുന്നത്. ഇരുപത് കോടിയോളം ദേശീയപതാകകൾ ഉണ്ടാക്കാനുള്ള ഖാദിത്തുണി ലഭിക്കാൻ പ്രയാസം, തുന്നിയെടുക്കൽ പ്രയാസം എന്നാണ് അധികൃതർ പറയുന്നത്.

ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട അന്തർധാരകളിലൊന്ന് സ്വദേശിപ്രസ്ഥാനമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽത്തന്നെ ആരംഭിച്ച ആ പ്രസ്ഥാനം ചർക്ക വീണ്ടെടുത്തുകൊണ്ട്, ഖാദി പ്രചരിപ്പിച്ചുകൊണ്ട് ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ശക്തിസ്രോതസ്സാക്കി. ആദിമനാഗരികതയുടെ കാലംതൊട്ടേ മികച്ച തുണിത്തരങ്ങൾക്ക് പേരുകേട്ട ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ അധിനിവേശം നെയ്ത്തുവ്യവസായം തകർത്തു. ബ്രിട്ടീഷ് മിൽത്തുണികളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റുകയായിരുന്നു അവർ. വിദേശവസ്ത്രബഹിഷ്കരണവും ഖാദി-കൈത്തറി പ്രചാരണവും മുഖ്യമുദ്രാവാക്യമാക്കിയതിലൂടെ സ്വാതന്ത്ര്യസമരത്തിന് സാമ്പത്തികസമരത്തിന്റെയും അടിത്തറയുണ്ടാക്കുകയായിരുന്നു ഗാന്ധിജി.

വസ്ത്രധാരണരീതിയിൽവന്ന മാറ്റവും മറ്റുംകാരണം ഖാദി വ്യവസായമേഖല പ്രതിസന്ധിയിലാണ്. രാജ്യത്ത് ഖാദിമേഖലയിൽ ഏഴേകാൽ ലക്ഷത്തോളം തൊഴിലാളികളുണ്ട്. കൈത്തറിമേഖലയിൽ 32 ലക്ഷത്തോളം കുടുംബങ്ങളും. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 75 ശതമാനത്തിലേറെയും സ്ത്രീകളാണ്. തൊഴിലുറപ്പുകൂലിയെക്കാൾ കുറഞ്ഞ വേതനമാണ് ഖാദിമേഖലയിൽ പലേടത്തും. സ്ഥിരമായി ജോലിനൽകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പോളിസ്റ്ററിനൊപ്പം വിലയിൽ മത്സരിച്ച് പതാകയുണ്ടാക്കാൻ ഖാദി-കൈത്തറി മേഖലയ്ക്ക് സാധ്യമല്ല. അമൃത് മഹോത്സവം നടക്കുന്നകാലത്താണ് ഖാദിനിർമിത വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയത്. ദേശാഭിമാനപ്രചോദിതമായ പരമ്പരാഗത വ്യവസായമേഖലയെന്ന പരിഗണനയോടെ പ്രോത്സാഹനനടപടികളുണ്ടാകുന്നില്ലെങ്കിൽ ഈ വ്യവസായത്തിന്റെ നിലനിൽപ്പുതന്നെ പ്രയാസത്തിലാവും. ഇറക്കുമതിചെയ്യുന്ന പോളിസ്റ്റർ തുണിയുപയോഗിച്ചുള്ള പതാക ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കണമായിരുന്നെന്ന അഭിപ്രായം ശരിയാകുമ്പോൾത്തന്നെ ഒഴിവാക്കൽ ഇനി പ്രായോഗികമല്ല. എന്നാൽ, ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖാദി-കൈത്തറി വസ്ത്രങ്ങളുടെ ജി.എസ്.ടി. പിൻവലിക്കുന്നതിനും ഖാദി-കൈത്തറി മേഖലയ്ക്ക് കൂടുതൽ റിബേറ്റനുവദിക്കുന്നതിനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനും ഉചിതസന്ദർഭമാണിത്.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..