പ്രചാരണബോർഡിലെ മാതൃക


ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലെത്തന്നെ ­യൂത്ത്‌കോൺഗ്രസും ­രാഷ്ട്രീയകാര്യങ്ങളും ­സംഘടനാകാര്യങ്ങളും ­‘കൂടിയിരുന്നു ചിന്തിക്കാൻ’ തുടങ്ങിയ സന്ദർഭത്തിൽ തൃശ്ശൂർ ജില്ലയിലെ ­യൂത്ത്‌കോൺഗ്രസ് ­നേതൃത്വം സ്വീകരിച്ച ­നിലപാടിന് കൂടുതൽ പ്രസക്തിയുണ്ട്

.

അഭിവാദ്യബോർഡുവെക്കാൻ വാർഡുതലത്തിലെ ഭാരവാഹിത്വംപോലും മതിയെന്ന സ്ഥിതിയാണ് ​െഫ്ളക്സ് സംസ്കാരത്തിന്റെ ഒരു സംഭാവന. ബ്ലോക്കുതലത്തിലോ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ പത്തോ ഇരുപതോ ഭരവാഹികളിലൊരാളായി നാമനിർദേശംചെയ്യപ്പെട്ടാൽപ്പിന്നെ അഭിവാദ്യ​ െഫ്ളക്സുകളുടെ മത്സരമാകും. തെരുവിൽ പുഞ്ചിരിക്കുന്ന സ്വന്തം മുഖംകണ്ട് സ്ഥാനലബ്ധിയിൽ പുളകംകൊള്ളുന്നവർ കൂടിക്കൂടിവരുന്നത് ഭാരവാഹിത്വത്തിനായുള്ള തീവ്രമത്സരത്തിനും കുതികാൽവെട്ടിനും കാരണമാകുന്നുണ്ട്. കോൺഗ്രസിലും പോഷകസംഘടനകളിലുമാണ് താരതമ്യേന ഈ പ്രവണത അധികമെന്ന് സംഘടനയ്ക്കകത്തുതന്നെ വിമർശമുണ്ടാവാറുണ്ട്. ഈ സ്വയംപ്രദർശനഭ്രമം സംഘടനയ്ക്കകത്ത് അർഹമായ പരിഗണന ലഭിക്കുന്നതിനും പിന്നിലേക്കു തള്ളപ്പെടാതിരിക്കുന്നതിനുമുള്ള സാങ്കേതികമാർഗമെന്ന ന്യായീകരണവുമുണ്ടാകാം. ബോർഡുവെക്കുന്നതിലെ മത്സരം വിഭാഗീയതയുണ്ടാക്കുന്നതിനും വളർത്തുന്നതിനും ഇടയാക്കുന്ന അനുഭവവും വിരളമല്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂരിലെ യൂത്ത്‌കോൺഗ്രസിന്റെ നിലപാട് പുതിയ മാതൃകയാകുന്നത്.
രണ്ടുവർഷമായി തൃശ്ശൂർ ജില്ലയിലെ യൂത്ത്‌കോൺഗ്രസ് നേതാക്കൾ പ്രചാരണബോർഡുകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും തങ്ങളുടെ ചിത്രം ഉൾപ്പെടുത്തുന്നില്ലെന്നത് അപൂർവതതന്നെയാണ്. സ്വന്തം ചിത്രങ്ങൾ മാത്രമല്ല സംസ്ഥാനനേതാക്കളുടെ ചിത്രങ്ങളും പ്രചാരണസാമഗ്രികളിൽ ഉപയോഗിക്കാതെ പകരം മൺമറഞ്ഞ നേതാക്കളുടെ ചിത്രം മാത്രം ഉൾപ്പെടുത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവർത്തനത്തിനു പകരം പ്രചാരണം മാത്രം എന്നത് ജനങ്ങളിൽ നീരസമുണ്ടാക്കാനാണിടയാക്കുക. നേതൃത്വം തീരുമാനിച്ച് പ്രസ്താവനകൾ നൽകുന്നതിനുപകരം ഓരോ ഭാരവാഹിയും സ്വന്തംനിലയ്ക്ക് പ്രസ്താവനനൽകുന്നതുപോലുള്ള സംഘടനാസംവിധാനത്തിന് നിരക്കാത്ത ശൈലി പലസംഘടനകളിലും തുടരുന്നുണ്ട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലെത്തന്നെ യൂത്ത്‌കോൺഗ്രസും രാഷ്ട്രീയകാര്യങ്ങളും സംഘടനാകാര്യങ്ങളും ‘കൂടിയിരുന്നു ചിന്തിക്കാൻ’ തുടങ്ങിയ സന്ദർഭത്തിൽ തൃശ്ശൂർ ജില്ലയിലെ യൂത്തുകോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിന് കൂടുതൽ പ്രസക്തിയുണ്ട്. രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥയെക്കുറിച്ചും കോൺഗ്രസ് പ്രസ്ഥാനത്തിന് ദേശവ്യാപകമായി സംഭവിച്ചിട്ടുള്ള തളർച്ചയെക്കുറിച്ചും വളരെ വൈകിയാണെങ്കിലും ശരിയായ പരിശോധനയ്ക്ക് അവർ നിർബദ്ധമായിരിക്കുകയാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥിരമായി തോൽക്കുന്ന മണ്ഡലങ്ങളെ എഴുതിത്തള്ളുകയല്ല അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് ജനപിന്തുണയാർജിക്കുകയാണ് വേണ്ടതെന്ന് തൃശ്ശൂരിൽനടന്ന യൂത്ത് ശിബിരം തീരുമാനിച്ചതായാണ് വാർത്ത. ഡി.വൈ.എഫ്.ഐ.യെപ്പോലുള്ള യുവജനസംഘടനകൾ നടത്തുന്നതുപോലുള്ള സന്നദ്ധ-ക്ഷേമ പ്രവർത്തനങ്ങൾ യൂത്ത്‌കോൺഗ്രസും കൂടുതൽ പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്നും അതിനായി ‘യൂത്ത് കെയർ’ വിഭാഗം വ്യാപകവും ശക്തവുമാക്കാനും ശിബിരത്തിൽ തീരുമാനമുണ്ട്. പാർട്ടിയുടെയും പോഷകസംഘടനകളുടെയും ക്ഷീണത്തിന് കാരണം സേവന-സംഘടനാ പ്രവർത്തനത്തിൽ ശരിയായി ശ്രദ്ധചെലുത്തുന്നതിനുപകരം സ്ഥാനമാനങ്ങളെച്ചൊല്ലി കലഹിച്ചതാണെന്ന് തിരിച്ചറിഞ്ഞെന്നാണ് ചിന്തൻ ശിബിരത്തിലെ പ്രമേയങ്ങളിൽനിന്ന് വ്യക്തമാകുന്നത്. പൊതുയോഗങ്ങൾ വിജയിപ്പിക്കാൻ പ്രവർത്തിക്കുന്നതിനെക്കാൾ ശ്രദ്ധ സ്റ്റേജിൽ നേതാക്കളോടൊപ്പം നിൽക്കാനുള്ള തിക്കിത്തിരക്കാവാറുള്ള അനുഭവം കുറവല്ല. ഏതു പാർട്ടിയുടെയും ജാഥയിൽ പത്താളായാൽപ്പോലും ഒന്നോ രണ്ടോ വരി എന്നതുമാറി റോഡ് നിറഞ്ഞ്, ഗതാഗതം തടസ്സപ്പെടുത്തി, എല്ലാവരും മുൻനിരയാകുന്നതാണ് രീതി. ഇത്തരം തിക്കിത്തിരക്കൽ സംസ്കാരത്തിൽനിന്ന് പുറത്തുകടക്കുന്നതിന്റെ ആദ്യപടിയാണ് പ്രചാരണബോർഡിൽ സ്വയംപ്രദർശനം ഒഴിവാക്കുന്ന തൃശ്ശൂരിലെ യൂത്ത്‌കോൺഗ്രസ് സമീപനമെങ്കിൽ പരക്കെ സ്വാഗതംചെയ്യപ്പെടും.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..