വരട്ടെ, തദ്ദേശീയ  ഓൺലൈൻ വിപണി


സി.എ.ഐ.ടി.യുടെ ഭാരത് ഇ-മാർട്ടും കേന്ദ്രസർക്കാരിന്റെ ഒ.എൻ.ഡി.സി.യുമൊക്കെ പ്രയോജനപ്പെടുത്തി, ചെറുകിട വ്യാപാരിസമൂഹത്തിനും അവസരങ്ങൾ ­നേടിയെടുക്കാൻ കഴിയണം

.

ഇന്ത്യയിലെ ഓൺലൈൻവിപണി കഴിഞ്ഞ രണ്ടരവർഷംകൊണ്ട് മുമ്പെങ്ങുമില്ലാത്തവിധം വളർന്നിരിക്കുകയാണ്. 2021-ലെ കണക്കനുസരിച്ച് രാജ്യത്ത് 34.8 കോടിയാളുകൾ ഓൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ട്. ഇതിൽ 14 കോടിയോളംപേർ ഓൺലൈൻ വഴി ഷോപ്പിങ്ങും നടത്തുന്നു. 83 കോടി ഉപയോക്താക്കളുമായി ഇന്ത്യ ഇപ്പോൾത്തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയായി വളർന്നിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 4.40 ലക്ഷം കോടി രൂപ(5500 കോടി ഡോളർ)യുടെ ഓൺലൈൻ വ്യാപാരം ഇന്ത്യയിൽ നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2030 ആകുമ്പോഴേക്കും 28 ലക്ഷം കോടി രൂപയുടേതാകും ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യവസായം.
ഇത് മുഴുവനായി കുത്തകക്കമ്പനികൾക്ക് വിട്ടുകൊടുക്കാതെ, പരമ്പരാഗത വ്യാപാരിസമൂഹവും ഓൺലൈനിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ട സമയമായിരിക്കുകയാണ്. ഇ-കൊമേഴ്‌സിന്റെ വരവ് പരമ്പരാഗത വ്യാപാരസമൂഹം വലിയ ആശങ്കയോടെയാണ് തുടക്കത്തിൽ കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ അവരും ഓൺലൈനിലേക്കുകൂടി നീങ്ങിത്തുടങ്ങി. ഓൺലൈനിന്റെ സാധ്യതകൾ തങ്ങളുടെ വിൽപ്പനയുയർത്താൻ സഹായിക്കുമെന്ന് വ്യാപാരിസമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ രാജ്യത്തെ വ്യാപാരിസംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) വ്യാപാരികൾക്ക് ഓൺലൈൻ വിപണി പിടിക്കാൻ പ്ലാറ്റ്‌ഫോമുമായി എത്തുകയാണ്. ‘ഭാരത് ഇ-മാർട്ട്’ എന്ന പേരിലുള്ള ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം ദീപാവലിയോടെ സജ്ജമാകും. രാജ്യംമുഴുവനായി സേവനമെത്തിക്കുകയാണ് ലക്ഷ്യം.

സി.എ.ഐ.ടി.ക്കുകീഴിലുള്ള ചെറുതും വലുതുമായ അരലക്ഷത്തോളം വ്യാപാരസംഘടനകളിലെ അംഗങ്ങളായ സംരംഭങ്ങൾക്ക് സൗജന്യമായി ഭാരത് ഇ-മാർട്ട് പോർട്ടലിൽ രജിസ്റ്റർചെയ്യാം. ജി.എസ്.ടി. അടയ്ക്കേണ്ടതില്ലാത്ത സൂക്ഷ്മസംരംഭങ്ങൾക്കും ചേരാമെന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതാണ്ട് എട്ടുകോടിയോളംവരുന്ന വ്യാപാരികൾക്ക് ഈ പ്ലാറ്റ്‌ഫോം പ്രയോജനം ചെയ്യും.വ്യാപാരിസമൂഹത്തിന് മാത്രമല്ല, ഉപഭോക്താക്കൾക്കും ഏറെ സൗകര്യപ്രദമാകും ഈ പ്ലാറ്റ്‌ഫോം എന്ന് പ്രതീക്ഷിക്കാം. പോർട്ടൽ സജ്ജമാകുന്നതോടെ, രാജ്യത്തെവിടെയുമുള്ളവർക്ക് കുറഞ്ഞവിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാനാകും. ഉത്പാദകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ വിലകുറച്ച് വാങ്ങാനാണ് പദ്ധതി. അതോടെ, വൻകിട, ഇ-കൊമേഴ്‌സ് പോർട്ടലുകളെക്കാൾ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ വിൽക്കാനുമാകും. വ്യാപാരികൾക്കുപുറമേ, വിതരണക്കാർ, മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരെയും അണിനിരത്താനാണ് പദ്ധതി. അതുവഴി പ്രൊഫഷണലായ ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി ഇതിനെ മാറ്റാം.

ഭാരത് ഇ-മാർട്ടിനു പുറമേ, ഇ-കൊമേഴ്‌സ് വിപണിയിൽ വലിയ വിപ്ലവം കൊണ്ടുവരാൻ കഴിയുന്ന മറ്റൊരു പ്ലാറ്റ്‌ഫോമാണ് ‘ഓപ്പൺ നെറ്റ്‌വർക്ക്‌ ഫോർ ഡിജിറ്റൽ കൊമേഴ്‌സ്’ (ഒ.എൻ.ഡി.സി.). ഡിജിറ്റൽ പണമിടപാടുരംഗത്ത് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷന്റെ (എൻ.പി.­സി.ഐ.) യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫെയ്‌സ് (യു.പി.ഐ.) ഒരുക്കിയ വിപ്ലവത്തിന് സമാനമായി ഇ-കൊമേഴ്‌സ് രംഗത്തും വികേന്ദ്രീകൃത ഓപ്പൺ ശൃംഖല സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പല സേവനദാതാക്കൾ യു.പി.ഐ. എന്ന ഒരൊറ്റ മാർഗത്തിലൂടെ പണം കൈമാറാൻ അവസരം നൽകിയത് വലിയ സൗകര്യമായിമാറി. അതേ മാതൃകയിൽ ഓൺലൈൻ വിപണിയിലെ വിൽപ്പനയും വാങ്ങലും ഒ.എൻ.ഡി.സി.യിലൂടെ പതിയെ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻകിടക്കാർക്കും ചെറുകിടക്കാർക്കും തുല്യ അവസരമെന്നതാണ് ഈ ഓപ്പൺ ശൃംഖലയുടെ ലക്ഷ്യമെന്നും അതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ ‘ചോയ്‌സ്’ കൈവരുമെന്നും ഒ.എൻ.ഡി.സി.യുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, മലയാളിയായ ടി. കോശി വ്യക്തമാക്കിയിട്ടുണ്ട്.
ആമസോൺ, ഫ്‌ളിപ്കാർട്ട് പോലുള്ള വമ്പൻ പ്ലാറ്റ്‌ഫോമുകൾക്കൊപ്പം, സി.എ.ഐ.ടി.യുടെ ഭാരത് ഇ-മാർട്ടും കേന്ദ്രസർക്കാരിന്റെ ഒ.എൻ.ഡി.സി.യുമൊക്കെ പ്രയോജനപ്പെടുത്തി, ചെറുകിട വ്യാപാരിസമൂഹത്തിനും അവസരങ്ങൾ നേടിയെടുക്കാൻ കഴിയണം. ഒപ്പം, ഉപഭോക്തൃസമൂഹവും ഇത്തരം പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

Content Highlights: editorial

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..