.
കോവിഡ് ഉയർത്തിയ വെല്ലുവിളികളിൽനിന്ന് കരകയറുമ്പോഴും പടിഞ്ഞാറുനിന്ന്, പ്രത്യേകിച്ച് അമേരിക്കയിൽനിന്ന് അത്ര നല്ല വാർത്തകളല്ല വരുന്നത്; പ്രധാനമായും ഐ.ടി. മേഖലയിൽനിന്ന്. ലോകത്തിലെ മുൻനിര ടെക് കമ്പനികൾ ഏതാനും മാസങ്ങൾകൊണ്ട് പിരിച്ചുവിട്ടത് മൂന്നുലക്ഷത്തിലേറെ പേരെയാണ്. 2008-‘09 കാലത്തെ ആഗോള സാമ്പത്തികമാന്ദ്യത്തിലെ പിരിച്ചുവിടലിന്റെ ഇരട്ടിയിലേറെ വരുമിത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നീ വമ്പൻകമ്പനികൾമാത്രം 51,000 പേരെയാണ് ഇത്തവണ പിരിച്ചുവിട്ടത്. 2023-ൽ ആദ്യ മൂന്നാഴ്ചകൊണ്ടുതന്നെ 174 ടെക് കമ്പനികളിൽനിന്ന് 56,570 പേരെ പിരിച്ചുവിട്ടതായി ലേയോഫ്സ് ഡോട്ട് എഫ്.വൈ.ഐ. എന്ന ഗവേഷണസ്ഥാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തവണ മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ, അമേരിക്കയിലെ പിരിച്ചുവിടൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. യു.എസിലെ ഇപ്പോഴത്തെ പിരിച്ചുവിടലിൽ 70,000-80,000 ഇന്ത്യക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഇവർ മുഴുവൻ ഐ.ടി. പ്രൊഫഷണലുകളാണ്. മിക്കവരും എച്ച്1ബി, എൽ1 വിസയുള്ളവർ. അതിനാൽ, രണ്ടുമാസത്തിനുള്ളിൽ പുതിയ ജോലി സംഘടിപ്പിക്കാനായില്ലെങ്കിൽ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. മിക്കവരും രണ്ടോ മൂന്നോ വർഷത്തിനിടെ യു.എസിലെത്തിയവരാണ്. അതുകൊണ്ടുതന്നെ അവർക്ക് പുതിയൊരു ജോലി ചുരുങ്ങിയ സമയംകൊണ്ട് കണ്ടെത്തുകയെന്നത് എളുപ്പമല്ല. പിരിച്ചുവിടൽ പലർക്കും താങ്ങാവുന്നതിനപ്പുറമാണ്. ചിലർ തങ്ങളുടെ നിസ്സഹായാവസ്ഥ ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്നുണ്ട്.
ആൽഫബെറ്റ് എന്ന മാതൃകമ്പനിക്കുകീഴിൽ പ്രവർത്തിക്കുന്ന ഗൂഗിൾ 12,000 പേരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർമുതൽ പിരിച്ചുവിടൽഭീഷണിയിലായിരുന്നു ഗൂഗിളിലെ ജീവനക്കാർ. എന്നാൽ, ജനുവരിവരെ കാര്യമായ പിരിച്ചുവിടലുകളൊന്നുമില്ലാതെ അവർ പിടിച്ചുനിന്നു. വരുമാനവളർച്ച കുറഞ്ഞതോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ആമസോണാകട്ടെ, തങ്ങളുടെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 18,000 പേരെയാണ് അവർ പിരിച്ചുവിടുന്നത്. കോവിഡ് വെല്ലുവിളികൾ നീങ്ങിയതോടെ, കമ്പനികൾ വൻതോതിൽ നിയമനംനടത്തിയതാണ് പിരിച്ചുവിടലിന്റെ ആഘാതം കൂടാൻ കാരണം. ഈ വർഷം ഇനിയും കൂടുതൽ പിരിച്ചുവിടലുകളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, കാര്യമായ ബൃഹദ് പദ്ധതി ഉണ്ടാക്കിയാൽ ഇന്ത്യക്ക് ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാൻ കഴിയും. ആഗോളമാന്ദ്യ സാഹചര്യത്തിലും 2024-‘25 സാമ്പത്തിക വർഷത്തോടെ അഞ്ചുലക്ഷംകോടി ഡോളറിന്റെ സമ്പദ്ഘടനയായി ഇന്ത്യ മാറാൻ പോകുകയാണ്. 2030-ഓടെ ജപ്പാൻ, ജർമനി എന്നീ വൻശക്തികളെ പിന്നിലാക്കി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നാണ് എസ്. ആൻഡ് പി. ഗ്ലോബലും മോർഗൻ സ്റ്റാൻലിയും വിലയിരുത്തുന്നത്. വികസ്വരരാജ്യത്തിൽനിന്ന് വികസിതരാജ്യമായുള്ള പരിണാമമായിരിക്കും അടുത്ത ഏതാനും വർഷങ്ങൾകൊണ്ട് ഇന്ത്യ കാണാൻ പോകുന്നത്. ചൈനയെമാത്രം ആശ്രയിച്ചിരുന്ന ലോകത്തിലെ മുൻനിരകമ്പനികൾ പലതും ഇന്ത്യയെ അവരുടെ ഉത്പാദനകേന്ദ്രമാക്കി മാറ്റുകയാണ്. ആഗോള ടെക് കമ്പനിയായ ആപ്പിൾ, തങ്ങളുടെ മൊത്തം ഐഫോൺ ഉത്പാദനത്തിന്റെ നാലിലൊന്നും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുകയാണ്. ഇത്തരത്തിൽ ആഗോളവമ്പൻമാർ പലരും വരുന്നതോടെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ ഉയരും. ഇവയ്ക്ക് ആവശ്യമായ ഐ.ടി. അടിസ്ഥാനസൗകര്യമൊരുക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയിലെ ഐ.ടി. കമ്പനികൾക്കും കഴിയണം. യു.എസിൽ തൊഴിൽനഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിവരുന്ന ഐ.ടി. പ്രൊഫഷണലുകൾക്ക് മികച്ച അവസരം നൽകാൻകൂടി അത് ഉപകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..