.
മാതൃഭൂമി നൂറുവർഷം പിന്നിടുകയാണ്. അതൊരു ചെറിയകാലയളവല്ല. സാർഥകമായ യാത്ര. മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയിൽ ഉദയംകൊണ്ട പ്രസ്ഥാനം. ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തോട് സമരം നയിച്ച്, ജയിലിൽപ്പോയ പത്രാധിപന്മാർ തെളിച്ചിട്ട നേരിന്റെ വഴിയിലൂടെ ഇടറാതെ പിച്ചവെച്ച് തുടക്കം. കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ മനുഷ്യന്റെ അവകാശങ്ങൾക്കായി പാവനപ്രതിജ്ഞ നടത്തി മുന്നേറിയ പാരമ്പര്യം. ജാതിഭ്രാന്തിന്റെ തീണ്ടാപ്പാടകലത്തിൽ നിർത്തിയ മനുഷ്യർക്ക് വഴി നടക്കാനും ആരാധന നടത്താനും മുന്നിട്ടിറങ്ങിയ വിപ്ലവവീര്യം. കേരളം രൂപപ്പെടുത്താൻ, അതിന്റെ സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ നിലപാടുകളെ ഉരുവപ്പെടുത്താൻ അക്ഷീണം പ്രയത്നിച്ച കർമോത്സുകത. വികസനക്കുതിപ്പുകൾക്കായി അക്ഷരങ്ങൾ നിരത്തിയ ബോധ്യം. പരിസ്ഥിതിക്കായി കോടികളുടെ കിലുക്കം ത്യജിച്ച ആർജവം. മാധവൻ നായരും കെ.പി. കേശവമേനോനും കെ. കേളപ്പനും കുട്ടികൃഷ്ണമാരാരും കൃഷ്ണവാര്യരും എം.ടി. വാസുദേവൻ നായരും എം.പി. വീരേന്ദ്രകുമാറും മറ്റനേകം മഹാരഥന്മാരും മനീഷികളും ചിന്തയും ചേതനയും നൽകി തടമിട്ട വടവൃക്ഷം. പോയ നൂറാണ്ടിന്റെ അനുഭവങ്ങൾ സ്വർണത്തിന്റെ തിളക്കത്തോടെ, വജ്രത്തിന്റെ കരുത്തോടെ ഞങ്ങൾക്കൊപ്പമുണ്ട്. ഇനിയങ്ങോട്ടുള്ള യാത്രയുടെ മൂല്യമൂലധനം നാളേക്കായി കരുതിവെച്ച നൂറ്റാണ്ടായിരുന്നു അത്.
മൂന്നിലുള്ള വഴി എളുപ്പമുള്ളതല്ല എന്ന് ഞങ്ങൾക്ക് നന്നായറിയാം. മനുഷ്യനുവേണ്ടി, മൂല്യങ്ങൾക്കായി മുന്നോട്ടുപോയേ പറ്റുകയുള്ളൂ. വഴിത്തിരിവുകളിൽ പുതിയവെല്ലുവിളികളും പുതിയസമസ്യകളും കാത്തിരിക്കുന്നുണ്ടാവാം. ലക്ഷ്യം പവിത്രമാണെങ്കിൽ വീണുപോവാതെ മഹാപ്രസ്ഥാനം നടത്താമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. ആ ഉറപ്പിന്റെ പിൻബലം നിങ്ങളാണ്, വായനക്കാർ. സത്യവും സമത്വവും സ്വാതന്ത്ര്യവും പുതിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഉരുവിടുന്ന നുണകളെ സത്യമാക്കി മാറ്റുന്ന സത്യാനന്തരകാലം. കരുതിയിരിക്കേണ്ടസമയം. അതിനെ അതിജീവിക്കാനായില്ലെങ്കിൽ മനുഷ്യർ എന്ന നിലയിൽ നാം പരാജയപ്പെട്ടുപോവും. അസമത്വങ്ങൾ വേഷംമാറി ഇപ്പോഴും നടമാടുന്നുണ്ട്. പണവും അധികാരവും സാങ്കേതികതയും വർണവും വർഗവും ലിംഗവും പുതിയ അടിമ-ഉടമ ബന്ധങ്ങൾ തീർക്കാൻ ശ്രമിക്കുന്നു. ഏതുതരത്തിലുള്ള വിധേയത്വവും ബന്ധനങ്ങൾ തീർക്കും. അനീതിയുടെ ഭാരംപേറുന്ന അടിമയായി ഒരാളും മാറിക്കൂടാ എന്നുറപ്പിക്കേണ്ടതുണ്ട്. അത് മറ്റൊരു മസ്തിഷ്കത്തിനു മുന്നിലായാലും നിർമിതബുദ്ധിക്കു പിന്നിലായാലും.
സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകളാകട്ടെ നേർത്തുനേർത്തു വരുകയാണ്. പറയാനും പ്രവർത്തിക്കാനും ആയിരം വിലക്കുകളുള്ള സന്ദർഭം. പ്രതിഷേധത്തെയും വിയോജിപ്പിനെയും വിലങ്ങണിയിക്കുന്ന സമയം. അധികാരം സർവാധിപത്യത്തിനായി ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിനായി അതിർവരമ്പുകളെ അതിലംഘിക്കുക തന്നെ വേണ്ടിവരും. ദുർബലഗാത്രനായ ഒരു മഹാത്മാവ് അതിനുവഴികാണിച്ചുതന്നിട്ടുണ്ട്. സത്യത്തിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി നിർഭയരായി, അചഞ്ചലരായി നിലകൊള്ളുക എന്നതു തന്നെയാണത്. സത്യം വിജയിക്കുക തന്നെ ചെയ്യും.വരുംകാലം പ്രത്യാശയുടേതു കൂടിയാണ്, പുരോഗതിയുടെ, സാങ്കേതികതയുടെ കുതിച്ചുചാട്ടങ്ങൾ നാം കാണും. മണ്ണും വിണ്ണും അതിന് സാക്ഷ്യങ്ങളാവും. സുഗമപാതകൾ വരും. രോഗങ്ങൾ കീഴടങ്ങും. ശാസ്ത്രം പുതുപാതകൾ വെട്ടും. അതിന്റെയെല്ലാം ഗുണഭോക്താക്കൾ നമ്മുടെ വരുംതലമുറയായിരിക്കും. അവർ പുതുചരിത്രവും സംസ്കാരവും തീർക്കും. അവർക്കൊപ്പം നടന്നും ഓടിയെത്തിയും കൈപിടിച്ചും നയിക്കാനുള്ള ബാധ്യതയും ഞങ്ങൾക്കുണ്ട്. പുരോഗതിയുടെ ഉയരങ്ങൾ കീഴടക്കുമ്പോഴും നമ്മുടെ മണ്ണിന്റെ, ജലത്തിന്റെ, വായുവിന്റെ ആവാസവ്യവസ്ഥയുടെ നേരുകൾ അവരെ കാണിച്ചുകൊടുക്കേണ്ടതുണ്ട്. മനുഷ്യമൂല്യങ്ങളുടെ നൈതികത പറഞ്ഞുകൊടുക്കേണ്ടതുണ്ട്. അമ്മ എന്ന സ്നേഹസങ്കല്പം മാതൃഭൂമിയും മാതൃഭാഷയും കൂടിയാണെന്നു മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. കടമകൾ ഒരുപാടുണ്ട്. നാളേക്കായി നിങ്ങൾക്കുവേണ്ടി ഇന്നേ ഞങ്ങൾ ഉറങ്ങാതിരിക്കാം. ഒപ്പമുണ്ടാവണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..