പാഠമാവട്ടെ, ബ്രഹ്മപുരം


2 min read
Read later
Print
Share

ജനകീയപങ്കാളിത്തത്തോടെ, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ, ശുചീകരണ സംവിധാനത്തിലേക്കെത്താൻ ഇനിയും വൈകിക്കൂടാ. അതിനുള്ള ആസൂത്രണവും ആത്മാർഥ ഇടപെടലുമാണ് തദ്ദേശ സ്ഥാപനങ്ങളും സർക്കാരും നടത്തേണ്ടത്

.

ബ്രഹ്മപുരം ഒരു താക്കീതാണ്, ഒപ്പം അവസരവും. കുന്നുകൂടുന്ന മാലിന്യമലകൾ ഗ്യാസ് ചേംബറുകളാകുമെന്ന മുന്നറിയിപ്പും ഇനിയൊരു ബ്രഹ്മപുരത്തെ താങ്ങാനാവില്ലെന്ന തിരിച്ചറിവിൽ, വീഴ്ചകൾ തിരുത്താനുള്ള അവസരവും.

േദശീയ ഹരിത ട്രിബ്യൂണൽ കേരളത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ച് നടത്തിയ രൂക്ഷവിമർശനങ്ങൾ ഗൗരവത്തിലെടുത്തില്ലെങ്കിൽ മലയാളികൾ മാലിന്യമലകൾക്കിടയിൽ ശ്വാസംമുട്ടി മരിക്കുന്നകാലം വിദൂരത്തല്ല. 2016-ലെ ഖരമാലിന്യചട്ടങ്ങളുടെയും സുപ്രീംകോടതി നിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണ് കേരളത്തിൽ നടക്കുന്നതെന്നാണ് ട്രിബ്യൂണൽ കുറ്റപ്പെടുത്തിയത്. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിനുപിന്നാലെ സംസ്ഥാനത്തെ നാൽപ്പതോളം മാലിന്യമലകൾ നീക്കംചെയ്യാനുള്ള ഉത്തരവ് മലിനീകരണ നിയന്ത്രണബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രിമാലിന്യമടക്കം കുന്നുകൂടിക്കിടക്കുന്ന ഗുരുതര സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാതെ ഇത്തരം ഏജൻസികൾ ഇതുവരെയും കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന പഞ്ചായത്തുകളിൽമാത്രമാണ് നിലവിൽ ഫലപ്രദമായ സംസ്കരണസംവിധാനങ്ങളുള്ളത്. ശുചിത്വനിലവാരപ്പട്ടികയിൽ രാജ്യത്തെ ആദ്യ 150 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിൽനിന്നില്ല. വ്യക്തിശുചിത്വത്തിലും ആരോഗ്യ-വിദ്യാഭ്യാസ സൂചികയിലുമെല്ലാം രാജ്യത്ത് നമ്പർ വൺ പദവി ആഘോഷിക്കുന്ന േകരളത്തിലെ മാലിന്യസംസ്കരണ സംവിധാനത്തിന്റെ നേർക്കാഴ്ചകളാണ് വിളപ്പിൽശാലയും ലാലൂരും ഞെളിയൻപറമ്പുമെല്ലാം പങ്കുവെക്കുന്നത്. ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനങ്ങളൊന്നുമേർപ്പെടുത്താതെയാണ് നഗരത്തിന്റെ മാലിന്യത്തൊട്ടികളാവാൻ വിധിക്കപ്പെട്ട ഈ പ്രദേശങ്ങളിലേക്ക് വൻതോതിൽ മാലിന്യംകൊണ്ടുതള്ളിയിരുന്നത്. തങ്ങളുടെ വെള്ളത്തിലും വായുവിലും വിഷംകലരുന്നെന്ന തിരിച്ചറിവിൽ പ്രദേശവാസികൾ സമരരംഗത്തിറങ്ങിയതോടെയാണ് ഇവിടങ്ങളിൽ ഈ ക്രിമിനൽ പ്രവൃത്തി നിർത്താൻ അധികൃതർ നിർബന്ധിതരായത്. വർഷങ്ങൾ പിന്നിട്ടിട്ടും അവിടങ്ങളിൽ കുഴിച്ചുമൂടിയ മാലിന്യം പൂർണമായി വേർതിരിച്ച് സംസ്കരിച്ച് നാട്ടുകാരുടെ ആശങ്കയ്ക്ക് ഉത്തരംകാണാൻ അധികൃതർ ശ്രമിച്ചിട്ടില്ല. മാലിന്യസംസ്കരണത്തിനായി സ്വച്ഛ് ഭാരത്, അമൃത് തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ കോടിക്കണക്കിനുരൂപ കെട്ടിക്കിടക്കുമ്പോഴാണ് ഈ അനാസ്ഥയെന്നതാണ് ഖേദകരം. രാജ്യത്തെ ശുചിത്വനഗരങ്ങളുടെ പട്ടികയിൽ 25-ാം സ്ഥാനത്തായിരുന്ന മധ്യപ്രദേശിലെ ഇന്ദോർ നഗരം ഒരു വർഷംകൊണ്ടാണ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ക്രിയാത്മകവും ഭാവനാപൂർണവുമായ ആസൂത്രണത്തിലൂടെ അവിടത്തെ ഭരണനേതൃത്വവും ജനങ്ങളും നേടിയ വിജയം എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കും പാഠമാവേണ്ടതാണ്.

കേരളത്തിലെ മാലിന്യസംസ്കരണരീതി എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരവും ബ്രഹ്മപുരം മുന്നോട്ടുവെക്കുന്നുണ്ട്. നഗരത്തിലെ അജൈവ, ജൈവ മാലിന്യമെല്ലാം ഒരിടത്തേക്കെത്തിക്കുന്ന കേന്ദ്രിതസംസ്കരണപദ്ധതിയുടെ പരാജയത്തിൽനിന്ന് ഇനിയെങ്കിലും കേരളം പാഠംപഠിക്കണം. ഈ രംഗത്ത്‌ പുതുതായി തഴച്ചുവരുന്ന സ്വകാര്യകമ്പനികൾക്ക് കോടികൾ കൊയ്യാനുള്ള വഴിമാത്രമായി പദ്ധതികൾ മാറിയതിന്റെ ദുരന്തം കൂടിയാണ് കേരളമിന്ന് അനുഭവിക്കുന്നത്. സർക്കാരിന്റെ അംഗീകൃതനയത്തിനുമേൽ ചിലരുടെ കച്ചവടതാത്പര്യങ്ങൾ വിജയം നേടിയതോടെ കൊച്ചിയിലെ ജനങ്ങൾക്ക് വലിയവിലയാണ് നൽകേണ്ടിവന്നത്.

ഉറവിടമാലിന്യ സംസ്കരണത്തിന്റെയും വികേന്ദ്രിത പദ്ധതികളുടെയും ഒറ്റപ്പെട്ട മാതൃകകൾ സംസ്ഥാനത്ത് അങ്ങിങ്ങായുണ്ട്. ജനകീയപങ്കാളിത്തത്തോടെ, എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ, ശുചീകരണ സംവിധാനത്തിലേക്കെത്താൻ മറ്റു പ്രദേശങ്ങൾ ഇനിയും വൈകിക്കൂടാ. അതിനുള്ള ആസൂത്രണവും ആത്മാർഥ ഇടപെടലുമാണ് തദ്ദേശ സ്ഥാപനങ്ങളും സർക്കാരും നടത്തേണ്ടത്. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച തിരുത്തൽനടപടികൾ വെറുംവാക്കുകളാവാൻ പാടില്ല. അതോടൊപ്പം, എന്റെ മാലിന്യം എന്റെയും ഉത്തരവാദിത്വമെന്ന സ്വയംതിരിച്ചറിവിലേക്ക് ജനങ്ങളുമെത്തിയാൽ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം വരുംകാലത്തും കേരളത്തിന് അഭിമാനപൂർവം ഉയർത്തിക്കാട്ടാം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..