ഖലിസ്താൻ തീവ്രവാദം മുളയിലേ നുള്ളണം


2 min read
Read later
Print
Share

മരമായതിനുശേഷം വെട്ടിമാറ്റാൻ നോക്കാതെ ചെടിയാവുമ്പോൾത്തന്നെ പിഴുതെറിയാനുള്ള ജാഗ്രതയാണ് വേണ്ടത്. പാളയത്തിൽനിന്നുള്ള പട ഒരു രാജ്യത്തിനും ഇനിയുള്ള കാലത്ത്‌ അംഗീകരിക്കാനാവില്ല

.

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം ഖലിസ്താൻവാദം വീണ്ടും തലപൊക്കുകയാണ്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഖലിസ്താൻ തീവ്രവാദികൾ അക്രമംനടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്തു. ‘വാരിസ് പഞ്ചാബ് ദേ’ എന്ന ഖലിസ്താൻ സംഘടനയുടെ തലവനായ അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഖലിസ്താൻ പതാകയും അമൃത്പാൽ സിങ്ങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികൾ ഹൈക്കമ്മിഷൻ ഓഫീസിനുമുന്നിലെത്തിയത്. ഒരാൾ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവർ താഴെനിന്ന് അതിൽ തൂങ്ങി വലിച്ചിടുകയുംചെയ്തു. ഈ കാഴ്ച സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതെല്ലാം കഴിഞ്ഞാണ് ബൈക്കിൽ പോലീസുകാരെത്തുന്നത്. ഡൽഹിയിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധി അലക്സ് എല്ലിസിനെ അധികൃതർ നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചപ്പോൾ, സംഭവത്തെ അപലപിക്കുന്നതായി അദ്ദേഹം അറിയിച്ചു. ബ്രിട്ടനിലെ ഇന്ത്യക്കാരുടെയും നയതന്ത്രപ്രതിനിധികളുടെയും സുരക്ഷയിൽ രാജ്യത്തിന്റെ ആശങ്ക അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഇന്ത്യക്കാരുടെനേരെ വിദേശത്ത് ഖലിസ്താൻവാദികളുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ജനുവരിയിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ ഒരു സംഘം ഖലിസ്താൻവാദികൾ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. 1990-കളിൽ കെ.പി.എസ്. ഗിൽ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തിയ സിഖ്‌ വിഘടനവാദം പുതിയ രൂപത്തിൽ അവതരിച്ചിട്ട് കുറച്ചുവർഷങ്ങളേ ആയിട്ടുള്ളൂ. 2021-ൽ നടനും സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ ദീപ് സിദ്ധുവാണ് ‘വാരിസ് പഞ്ചാബ് ദേ’ എന്ന പേരിൽ പുതിയ വിഘടനവാദസംഘടന തുടങ്ങിയത്. ‘പഞ്ചാബിന്റെ അവകാശികൾ’ എന്നാണ് ഈ പേരിന്റെ അർഥം. 2021-ലെ റിപ്പബ്ലിക് ദിനത്തിൽ കർഷകസമരത്തിനിടയിൽ ചെങ്കോട്ടയിൽ വിഘടനവാദികളുടെ പതാകയുയർത്താൻ നേതൃത്വം കൊടുത്തത് ദീപ് സിദ്ധുവാണ്. അന്നയാളെ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, സ്വസ്ഥമായ പഞ്ചാബിജീവിതത്തിലേക്ക് പഴയ വിഘടനവാദത്തിന്റെ കനൽ ഊതിപ്പറത്തുകയായിരുന്നു ഇയാളെന്ന് തിരിച്ചറിയാൻ അധികൃതർ വൈകി.

2022-ൽ ഹരിയാണയിൽനടന്ന ഒരു വാഹനാപകടത്തിൽ ദീപ് സിദ്ധു മരിച്ചെങ്കിലും അയാൾ കുടംതുറന്നുവിട്ട ഭൂതങ്ങൾ പുറത്തുണ്ടായിരുന്നു. അതിലൊരാളാണ് പിന്നീട് ഈ സംഘടനയുടെ നേതൃത്വത്തിലേക്കുവന്ന അമൃത്പാൽ സിങ്.

ദുബായിൽ മോട്ടോർ മേഖലയിൽ ജോലിചെയ്യുകയായിരുന്ന അമൃത്പാൽ സിങ്, ദീപ് സിദ്ധുവിന്റെ മരണത്തോടെ പഞ്ചാബിലേക്കെത്തി സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ഇയാളുടെ വരവോടെയാണ് പഞ്ചാബിൽ വിഘടനവാദം കൂടുതൽ അക്രമാസക്തമായത്. സർക്കാരിനെ വെല്ലുവിളിച്ച് ആയുധമേന്തിയ അനുയായികളുടെ അകമ്പടിയോടെയായിരുന്നു അമൃത്പാലിന്റെ സഞ്ചാരം. ഒട്ടേറെ കുറ്റകൃത്യങ്ങളുടെ പേരിൽ പിടിയിലായ അനുയായി ലൗപ്രീത് സിങ്ങിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 23-ന് അമൃത് പാൽ സിങ്ങിന്റെ നേതൃത്വത്തിൽ വൻസംഘം അജിനാല പോലീസ് സ്റ്റേഷൻ ആക്രമിച്ചു. അവസാനം പോലീസിന് അയാളെ വിട്ടുകൊടുക്കേണ്ടിവന്നു. ഇതിന്റെയൊക്കെ തുടർച്ചയായാണ് പഞ്ചാബ് പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

പഞ്ചാബിലെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പോലീസിെന്റയോ പട്ടാളത്തിെന്റയോ നടപടികൾകൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പുതിയ തലമുറയുടെ ബോധതലങ്ങളിൽ അവരറിയാതെ ആണ്ടുപോയ വേരുകളുണ്ടെങ്കിൽ അതുകൂടി പിഴുതുമാറ്റണം. അതിന് വിഘടനവാദത്തിന്റെ നിരർഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കുകയാണ് വേണ്ടത്. വിഘടനവാദത്തിന്റെ മാരകമായ പരിക്ക്‌ ഏറ്റുവാങ്ങിയ ഒരു ജനതയാണവർ. രാജ്യത്തെ വലിയൊരു ശതമാനം ആളുകളെ ഊട്ടുന്ന ജനതയ്ക്ക് സ്വസ്ഥമായ ജീവിതത്തിന് അവകാശവുമുണ്ട്. ഖലിസ്താൻ വിഘടനവാദികൾക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായംനൽകുന്നവർ ഇപ്പോഴുമുണ്ടെന്ന കാര്യം അധികൃതർക്ക് അറിയാത്തതല്ല. അവരുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കണം. മരമായതിനുശേഷം വെട്ടിമാറ്റാൻ നോക്കാതെ ചെടിയാവുമ്പോൾത്തന്നെ പിഴുതെറിയാനുള്ള ജാഗ്രതയാണ് വേണ്ടത്. പാളയത്തിൽനിന്നുള്ള പട ഒരു രാജ്യത്തിനും ഇനിയുള്ള കാലത്ത്‌ അംഗീകരിക്കാനാവില്ല.

Content Highlights: editorial

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..