തെരുവിൽ സ്ത്രീകൾ എന്നു സുരക്ഷിതരാവും


2 min read
Read later
Print
Share

സ്ത്രീപക്ഷകേരളമെന്ന് ആവർത്തിക്കപ്പെടുമ്പോൾത്തന്നെ എപ്പോഴും എവിടെവെച്ചും അതിക്രമത്തിനിരയാക്കപ്പെടാമെന്ന സാഹചര്യം മാറുന്നില്ല. ഗ്രാമനഗര വ്യത്യാസങ്ങളില്ലാതെ, രാപകൽ ഭേദമില്ലാതെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു

.

വൈകീട്ട് ക്ലാസുകഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പട്ടാപ്പകൽ നാലുപേർ മർദിച്ച് അവശയാക്കിയത്. അവളുടെ സഹായത്തിനായി ഓടിയെത്തിയ സഹപാഠിയെയും അക്രമികൾ തല്ലിച്ചതച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്യാഞ്ഞതിനെത്തുടർന്നാണ് പ്രതിപക്ഷ എം.എൽ.എ. ഉമാ തോമസ് വിഷയം നിയമസഭയിലുന്നയിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനടുത്ത് സ്കൂട്ടറിൽ മരുന്നുവാങ്ങാനായി ഇറങ്ങിയ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടതും കഴിഞ്ഞയാഴ്ചയിൽത്തന്നെ. വലിയരീതിയിൽ പരിക്കേറ്റ യുവതി അടിയന്തര സഹായത്തിനായി പോലീസിനെ വിളിച്ചപ്പോൾ നേരിട്ടെത്തി പരാതി കൊടുത്താലേ കേസെടുക്കുകയുള്ളൂ എന്നാണ് മറുപടികിട്ടിയത്. ഒടുവിൽ കമ്മിഷണർക്കു പരാതി നൽകിയതോടെയാണ് കേസായത്. സംഭവംനടന്ന്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി ആരെന്നു കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി നൂറുകൂട്ടം പദ്ധതികൾ പ്രഖ്യാപിക്കുന്ന പോലീസിൽ പക്ഷേ, അടിസ്ഥാനപരമായി മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ലെന്നാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. അതിക്രമ പരാതികളുമായി നേരത്തേ പോലീസിനെ സമീപിച്ച പല സ്ത്രീകളും സമാന അനുഭവം പങ്കുവെച്ചിട്ടുണ്ട്. നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിക്കുന്നതിനൊപ്പം പലപ്പോഴും സ്റ്റേഷനുകളിൽ ഇവർ അപമാനിക്കപ്പെടുകയുമാണ്.

സ്ത്രീപക്ഷകേരളമെന്ന് ആവർത്തിക്കപ്പെടുമ്പോൾത്തന്നെ എപ്പോഴും എവിടെവെച്ചും അതിക്രമത്തിനിരയാക്കപ്പെടാമെന്ന സാഹചര്യം മാറുന്നില്ല. ഗ്രാമനഗര വ്യത്യാസങ്ങളില്ലാതെ, രാപകൽ ഭേദമില്ലാതെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ബോധവത്കരണപരിപാടികൾ പെരുകുമ്പോഴും കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൂടുന്നതായാണ് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

2022-ൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമത്തിന് 18,943 കേസും കുട്ടികൾക്കെതിരായ അതിക്രമത്തിന് 5315 കേസുമാണെടുത്തത്. രണ്ടുവിഭാഗങ്ങളിലുമായി ഏഴുവർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2021-ൽ സ്ത്രീകൾക്കുനേരെ 16,199 അതിക്രമമാണ് നടന്നത്. ഒരുവർഷത്തിനിടെ 2744 കേസിന്റെ വർധനയുണ്ടായത് നിസ്സാരമല്ല. മാനഭംഗവും ഭർത്തൃപീഡനവും വർധിച്ചുവരുന്നതായും കണക്കുകൾ പറയുന്നു. 4586 പോക്‌സോ കേസും പോയവർഷം റിപ്പോർട്ടു ചെയ്തു. 2020-ലെ കോവിഡ് കാലത്തുമാത്രമാണ് അതിക്രമക്കേസുകളിൽ കുറവുണ്ടായിട്ടുള്ളത്. സ്ത്രീകൾക്കുനേരെ നടക്കുന്ന പീഡനങ്ങളിൽ നല്ലൊരു ശതമാനവും പരാതികളാവുന്നില്ല എന്ന സത്യവും ഓർക്കണം. മാനഹാനി ഭയന്നും മറ്റും മറച്ചുവെക്കപ്പെടുന്ന സംഭവങ്ങൾ ഒട്ടേറെയുണ്ട്. കേരളത്തിൽപ്പോലും പോലീസ് സ്റ്റേഷൻ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ കയറിച്ചെല്ലാൻപറ്റുന്ന ഇടമായി മാറിയിട്ടില്ല.

തെരുവുകൾ മാത്രമല്ല, വീട്ടകങ്ങളും സ്ത്രീകളെ ഭയപ്പെടുത്തുകയാണ്. സ്ത്രീധനത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും തീയിലും കത്തിമുനയിലും പെൺകുട്ടികൾ ഇല്ലാതാവുന്നത് സാംസ്കാരിക കേരളമെന്നു മേനിപറയുന്ന നാട്ടിലാണ്. സൈബർ കുറ്റകൃത്യത്തിനിരയാവുന്ന സ്ത്രീകളുടെ എണ്ണം കൃത്യമായി റെക്കോഡ്‌ ചെയ്യപ്പെടുന്നുപോലുമില്ല. ഉള്ള പരാതികൾ കുറ്റവിചാരണയിലേക്കുപോകുന്നുമില്ല. ഓരോ അതിക്രമവും വാർത്തയാകുമ്പോൾ ഏതെങ്കിലും പദ്ധതികൾ പ്രഖ്യാപിക്കുകയും പിന്നീടവ പതുക്കെ നിർജീവമാവുകയും ചെയ്യും. എണ്ണിയാൽത്തീരാത്ത പദ്ധതികളും ടോൾഫ്രീ നമ്പറുകളുമാണ് പോലീസും വിവിധ വനിതാ ഏജൻസികളും പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സംവിധാനങ്ങളെയാകെ ഏകോപിപ്പിച്ച് ഒറ്റവിങ്ങാക്കി മാറ്റി പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പോലീസ് സേനയിൽ ജെൻഡർ അവബോധമുണ്ടാക്കുകയെന്നതും പ്രധാനമാണ്. സ്ത്രീകളുടെ പരാതിയെ ഗൗനിക്കാതെ അവഗണിക്കുന്ന പോലീസ് ഓഫീസർമാർ വിരളമല്ല. വനിതാപോലീസുകാരുടെ എണ്ണം ഗണ്യമായി വർധിപ്പിച്ച് സേനയെ കൂടുതൽ സ്ത്രീസൗഹൃദമാക്കണം. പീഡനക്കേസുകളിൽ ശിക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതും കുറ്റവാളികൾക്ക് രക്ഷയാവുകയാണ്.

മാനസികമായും ശാരീരികമായുമേൽക്കുന്ന മുറിവുകൾക്ക് വലുപ്പച്ചെറുപ്പമില്ലെന്നതിനാൽ അതിക്രമങ്ങളെ ലഘൂകരിച്ചുകാണുന്ന സമീപനം പോലീസും ഭരണാധികാരികളും തിരുത്തുകയും വേണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..