.
2021-ൽ രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷകസമരത്തിന്റെ കനലുകൾ അണഞ്ഞിട്ടില്ലെന്നതിന്റെ സൂചനകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വന്നുതുടങ്ങി. അവകാശങ്ങൾ നേടിയെടുക്കാൻ ഒരിക്കൽകൂടി സമരത്തിനിറങ്ങേണ്ട അവസ്ഥയിലേക്ക് കർഷകരെത്തിയിരിക്കുന്നു. അന്ന് സമരമവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ ഇപ്പോഴും പാലിച്ചിട്ടില്ലെന്നാണ് അവരുടെ പരാതി. കഴിഞ്ഞയാഴ്ച നാസിക്കിൽനിന്ന് കർഷകർ നടത്തിയ ലോങ്മാർച്ചിന്റെ വിജയം അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നം ഉടൻ പരിഗണിച്ചില്ലെങ്കിൽ നേരത്തേ നടന്നതിനെക്കാൾ ശക്തമായ സമരമുണ്ടാകുമെന്ന് കർഷകനേതാവ് ദർശൻപാൽ മുന്നറിയിപ്പുനൽകിക്കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി മാർച്ച് 30-ന് ഡൽഹിയിൽ സംയുക്ത കിസാൻമോർച്ച കർഷകസംഘടനകളുടെ യോഗംവിളിച്ചു. ഏപ്രിൽ അഞ്ചിന് മസ്ദൂർ കിസാൻ സംഘർഷ് റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകരുടെ സംഘബോധത്തിന്റെ വിജയമാണ് ഡൽഹിയിലുണ്ടായത്. ഒരുവർഷത്തിലേറെ നീണ്ടുനിന്ന സമരത്തിനൊടുവിൽ 2021 നവംബർ 19-ന് കേന്ദ്രത്തിന് കർഷകബിൽ പിൻവലിക്കേണ്ടിവന്നു. കർഷകർക്ക് ഭാവിയിൽ ഉപകാരപ്രദമായേക്കാവുന്ന ചില വ്യവസ്ഥകളെങ്കിലും ബില്ലിലുണ്ടായിരുന്നു. എന്നാൽ, തങ്ങൾക്ക് തിരിച്ചടിയായേക്കാവുന്ന നിയമങ്ങളെ അവർ അതിലേറെ ഭയന്നു. അന്ന് സമരം അവസാനിപ്പിക്കാൻ കർഷകർ മുന്നോട്ടുവെച്ച ഒട്ടേറെ ഉപാധികളുണ്ട്. അതാണ് ഇപ്പോഴും എവിടെയുമെത്താതെ കിടക്കുന്നത്.
ഓരോ ബജറ്റും കോർപ്പറേറ്റുകളെ വളർത്തുന്നതോടൊപ്പം തങ്ങളെ തളർത്തുന്നതാണെന്ന് കർഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാന ആവശ്യമായ, വിളകൾക്ക് മിനിമം താങ്ങുവില എന്ന പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. താങ്ങുവില നിർണയിക്കാൻ കേന്ദ്രം രൂപവത്കരിച്ച കമ്മിറ്റിയോട് അവർക്ക് ശക്തമായ വിയോജിപ്പുണ്ട്. കർഷകരെക്കൂടി ചേർത്ത് ആ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. പുതിയ വൈദ്യുതിനിയമ ഭേദഗതി ബിൽ കർഷകരുടെ നടുവൊടിക്കുന്നതാണ്. അത് പിൻവലിക്കാനും കർഷകവായ്പകൾ എഴുതിത്തള്ളാനുമുള്ള ആവശ്യത്തോടും കേന്ദ്രം മുഖംതിരിക്കുകയാണ് ചെയ്തത്. കർഷകസമരത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ലഖിംപുർഖേരിയിലെ കർഷകക്കൊലയുടെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട പ്രതിയുടെ പിതാവ് അജയ് മിശ്ര ഇപ്പോഴും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിത്തന്നെ തുടരുന്നു. അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യത്തോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് കർഷകസംഘടനകളുടെ കൂട്ടായ്മ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന് നിവേദനം നൽകിയിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണത്തിനനുസരിച്ചാവും തങ്ങളുടെ അടുത്ത ചുവടെന്ന് കർഷകനേതാക്കൾ പറയുന്നു.
ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, കടുക് തുടങ്ങിയ കൃഷികളെല്ലാം ഇത്തവണ വലിയ നഷ്ടത്തിലാണ് കലാശിച്ചത്. തക്കസമയത്ത് വിപണിയിലിടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഈ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. ഏറ്റവുമധികം ഗോതമ്പ് കൃഷിചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ മിനിമം താങ്ങുവില ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. റബ്ബറിന്റെ കാര്യവും മറിച്ചല്ല. 300 രൂപയെന്ന നിരക്കിൽ റബ്ബർ ശേഖരിക്കാൻ മുന്നോട്ടുവരുന്നവർ ഏതു പാർട്ടിക്കാരാണെങ്കിലും അവർക്ക് വോട്ടുചെയ്യുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രഖ്യാപനത്തിന്റെ സാഹചര്യം ഇതാണ്. താമരശ്ശേരി ബിഷപ്പും ഏതാണ്ട് ഇതേ അർഥത്തിലുള്ള പ്രസ്താവനയിറക്കിയിട്ടുണ്ട്. കർഷകപ്രശ്നത്തിന് മതപരവും രാഷ്ട്രീയവുമായ മാനമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണ്.
140 കോടി ജനങ്ങളുള്ള, ഇന്ത്യപോലുള്ള ഒരു കാർഷികരാജ്യത്തിന് കർഷകരെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. എന്തെല്ലാം വികസനഭൂമികകളുണ്ടെങ്കിലും ഭക്ഷണംതന്നെയാണ് അടിസ്ഥാന പ്രശ്നം. നമുക്ക് അന്നമൂട്ടാനായി മണ്ണിനോട് പൊരുതുന്നവരും ഒരുതരത്തിൽ സൈനികരാണ്. അവർ തീർച്ചയായും ബഹുമാനവും പരിഗണനയുമർഹിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങളെ രാജ്യം ഗൗരവമായിത്തന്നെ അഭിസംബോധന ചെയ്യണം. കഴിഞ്ഞദിവസം ഡൽഹിയിലെ രാംലീല മൈതാനത്തിൽനടന്ന കർഷകമഹാപഞ്ചായത്തിലെ വൻകർഷകപങ്കാളിത്തം കേന്ദ്രസർക്കാരിനുള്ള ഒരു മുന്നറിയിപ്പാണ്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..