പ്രതിഷേധിക്കാനുള്ള  അവകാശം ഔദാര്യമല്ല


2 min read
Read later
Print
Share

പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള വ്യക്തികളുടെ അവകാശം ആരുടെയും ഔദാര്യമല്ല. സമരങ്ങൾ സമൂഹത്തിലെ തിരുത്തൽ പ്രക്രിയയുടെ ഭാഗംകൂടിയാണ്. അത് കരിനിയമങ്ങളുപയോഗിച്ച് അടിച്ചമർത്തുന്നതിലല്ല, ഔചിത്യത്തോടെ നേരിട്ട് പരിഹരിക്കുന്നതിലാണ് ഭരണാധികാരികൾ പക്വത കാണിക്കേണ്ടത്

.

ഇന്ത്യയിലെ ഒന്നാമത്തെ സംഘടിത സ്വാതന്ത്ര്യസമരമായി അറിയപ്പെടുന്നത് 1857 സമരമാണ്. ബ്രിട്ടീഷുകാർക്കുകീഴിൽ ജോലിചെയ്യുന്ന ശിപായികൾ എന്നറിയപ്പെട്ട ഇന്ത്യൻ സൈനികർ തങ്ങളുടെ വിശ്വാസവും അവകാശവും സംരക്ഷിക്കാൻ നടത്തിയ സമരം. സ്വാതന്ത്ര്യത്തിന്റെ ചരിത്രം ലോകത്തെല്ലായിടത്തും സമരങ്ങളുടെയും പോരാട്ടങ്ങളുടെയുംകൂടി ചരിത്രമാണ്. ഇന്ത്യയുടെ കാര്യത്തിൽ അതിന് സവിശേഷമായ പ്രാധാന്യവുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറപ്പെടുവിപ്പിച്ച അറിയിപ്പ് ചരിത്രത്തോടുള്ള ഒരു വെല്ലുവിളിയാണ്. കേന്ദ്രസർക്കാർ ജീവനക്കാർ പ്രതിഷേധങ്ങളിലോ സമരങ്ങളിലോ പണിമുടക്കിലോ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ജോയിന്റ് കൗൺസിൽ ഫോർ ആക്‌ഷൻ പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് ഇങ്ങനെയൊരു മുന്നറിയിപ്പുനൽകിയത്. ഇതുപ്രകാരം കുത്തിയിരിപ്പ്, ധർണ, മെല്ലെപ്പോക്ക്, കൂട്ടഅവധിയെടുക്കൽ തുടങ്ങിയ ഒരു പ്രതിഷേധരീതികളും അനുവദിക്കില്ല. സമരം ചെയ്യുന്നത് ഗുരുതരമായ പെരുമാറ്റദൂഷ്യമാണെന്നാണ് ഉത്തരവിലെ പരാമർശം. അങ്ങനെയുണ്ടായാൽ ശമ്പളം വെട്ടിക്കുറയ്ക്കൽ അടക്കമുള്ള അച്ചടക്കനടപടി നേരിടേണ്ടിവരും.

തൊഴിലാളികൾ സർക്കാരിന്റെതന്നെ ഭാഗമാണെന്ന തിരിച്ചറിവില്ലായ്മയാണ് ഇത്തരം അറിയിപ്പുകളുടെ പിന്നിൽ. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ പ്രതിഷേധങ്ങളെ പെരുമാറ്റദൂഷ്യമായിക്കണ്ട് അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധതയാണ്. തങ്ങൾക്കെതിരായ ഏതൊരു നിലപാടുകളോടും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം തൊഴിലാളിക്കും ലഭിക്കണം. അതിന് തടസ്സമായി നിൽക്കുന്ന നിയമങ്ങളെ ആധുനികമായി പരിഷ്കരിക്കുകയാണ് രാജ്യംചെയ്യേണ്ടത്. 1964-ലെ സി.സി.എസ്. നിയമവ്യവസ്ഥകളാണ് തൊഴിലാളികളുടെ പ്രതിഷേധസ്വാതന്ത്ര്യം തടയുന്നത്. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ഈ വ്യവസ്ഥകളിൽ ചർച്ച നടത്തി വേണ്ടഭേദഗതി വരുത്തണം.

പ്രതിഷേധങ്ങളോട് സർക്കാരുകൾ കൈക്കൊള്ളുന്ന പ്രതിലോമനിലപാടുകൾ ജനതയെ എത്രത്തോളം അസ്വസ്ഥമാക്കുമെന്നറിയാൻ അയൽരാജ്യങ്ങളിലേക്ക് നോക്കിയാൽ മതി. ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യം അപമാനിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. ചൈനയിൽ എല്ലാ ഉരുക്കുമുഷ്ടികളെയും മറികടന്നാണ് തൊഴിലാളികളും വിദ്യാർഥികളും സമരത്തിനിറങ്ങുന്നത്. അതിനെ നേരിടുന്ന രീതി അവർ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രപരമായ അവകാശവാദത്തിന് വിരുദ്ധമാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാനിൽ ഈയിടെ സ്ത്രീകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നടന്ന സമരം അടയാളപ്പെടുത്തപ്പെട്ടത് അതിനോടുള്ള ഭരണാധികാരികളുടെ ക്രൂരമായ നിലപാടുകൾ കൊണ്ടുകൂടിയാണ്. ബ്രിട്ടനിൽ കഴിഞ്ഞ മാസം പുതിയ പ്രധാനമന്ത്രി ഋഷിസുനക് നേരിട്ടത് ഒരു നൂറ്റാണ്ടിനിടെ രാജ്യംകണ്ട ഏറ്റവും വലിയ തൊഴിലാളിപ്രക്ഷോഭത്തെയാണ്. അത് അവർക്കുണ്ടാക്കിയ നാണക്കേട് ചെറുതല്ല. 2021-ൽ നടന്ന കർഷകപ്രക്ഷോഭത്തെ നേരിട്ട രീതി നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്.

ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽനിന്ന് ഏതുവിഷയത്തിലും ഏറ്റവും ജനാധിപത്യപരമായ സമീപനം ലോകം പ്രതീക്ഷിക്കും. ഒരു രാജ്യമായി മാറാൻ പോലും സമരം ചെയ്യേണ്ടിവന്നവരാണ് നമ്മൾ. നൂറുകണക്കിന് പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ഫലമാണ് നാം ഇന്നനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥ. വ്യക്ത്യവകാശങ്ങൾപോലും പൊരുതിനേടിയ ചരിത്രമുള്ളവരാണ് ഇന്ത്യക്കാർ. അത്തരം മഹിതമായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രവണതകൾ പ്രോത്സാഹിപ്പിച്ചുകൂടാ. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള വ്യക്തികളുടെ അവകാശം ആരുടെയും ഔദാര്യമല്ല. സമരങ്ങൾ സമൂഹത്തിലെ തിരുത്തൽ പ്രക്രിയയുടെ ഭാഗംകൂടിയാണ്. അത് കരിനിയമങ്ങളുപയോഗിച്ച് അടിച്ചമർത്തുന്നതിലല്ല, ഔചിത്യത്തോടെ നേരിട്ട് പരിഹരിക്കുന്നതിലാണ് ഭരണാധികാരികൾ പക്വത കാണിക്കേണ്ടത്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..