പെൻഷൻ പരിഷ്കരണം യുക്തിസഹമാവണം


2 min read
Read later
Print
Share

പെൻഷൻ പരിഷ്കരണത്തിനായി കേന്ദ്രധനമന്ത്രാലയമെടുത്ത തീരുമാനത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ട്. ജീവനക്കാരുടെ ക്ഷേമവും താത്പര്യവും മുൻനിർത്തിയുള്ള നടപടികൾ സമിതിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം

.

സർക്കാർജീവനക്കാർക്കിടയിൽ അസംതൃപ്തിയും പരാതിയും വ്യാപകമായ പശ്ചാത്തലത്തിൽ പുതിയ പെൻഷൻ പദ്ധതി(എൻ.പി.എസ്.) പരിഷ്കരിക്കാനും സേവനം മെച്ചപ്പെടുത്താനുമായി ധനസെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ എല്ലാ ശ്രമങ്ങളുമുണ്ടാവുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ഉറപ്പ് ശുഭസൂചകമാണ്. കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരുകൾക്കും സ്വീകരിക്കാവുന്ന രീതിയിലായിരിക്കും പരിഷ്കരണമെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനങ്ങളും പഴയസംവിധാനത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ജീവനക്കാരുടെ പ്രക്ഷോഭം ഉയർന്നുവരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുനഃപ്പരിശോധന. അതേസമയം, പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിപ്പോവില്ലെന്ന് ധനമന്ത്രാലയം സംശയത്തിനിട നൽകാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. പഴയതിലേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങൾക്ക് അത് സാധ്യമാവുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുകയാണെങ്കിൽ നിലവിലുള്ള സങ്കീർണതകൾക്ക് ഒരു പരിധിവരെ പരിഹാരമാകും. നിയമപരമായ തടസ്സങ്ങളില്ലെങ്കിലും പ്രായോഗികമായി പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ സംസ്ഥാനങ്ങൾക്ക് സ്വന്തംനിലയിൽ എളുപ്പമല്ല. പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, ത്ധാർഖണ്ഡ്‌, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊന്നും പെൻഷൻ പദ്ധതിയിലേക്ക് അടച്ച തുക പി.എഫ്.ആർ.ഡി.എ. (പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി) തിരിച്ചുനൽകിയിട്ടില്ല. ഒരിക്കൽ അടച്ച പണം മടക്കിനൽകാൻ നിയമപരമായി വ്യവസ്ഥയില്ലെന്നാണ് പി.എഫ്.ആർ.ഡി.എ.യുടെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിലായ കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ഈ ഭാരിച്ച തുക സ്വന്തമായി കണ്ടെത്തി ജീവനക്കാർക്ക് തിരികെനൽകാനും കഴിയില്ല. രണ്ടുപദ്ധതികളിലുമുള്ള പെൻഷൻ പ്രായത്തിലെ വ്യത്യാസവും പ്രശ്നമാവും. പുതിയ പദ്ധതിയിൽ അംഗങ്ങളായവരുടെ പെൻഷൻ പ്രായം 60-ഉം മറ്റുള്ളവരുടേത് 56-ഉം ആണ്. ഏതു രീതിയിൽ ഇത് ഏകീകരിച്ചാലും കടുത്ത പ്രതിഷേധങ്ങൾക്കു വഴിവെക്കും. പങ്കാളിത്തപെൻഷൻവാങ്ങി വിരമിച്ച ജീവനക്കാരുടെ കാര്യത്തിൽ എന്തുചെയ്യും തുടങ്ങിയ പ്രായോഗിക പ്രതിസന്ധികളും മുന്നിലുണ്ട്. ആഗ്രഹിച്ചാലും സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിലേക്ക് തിരിച്ചുപോകാനാവാത്ത ഊരാക്കുടുക്കാണ് സംസ്ഥാനങ്ങൾ നേരിടുന്നത്.

ജീവനക്കാർക്ക് റിട്ടയർമെന്റിനുശേഷം നിശ്ചിത വരുമാനം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പഴയ പെൻഷന്റെ സവിശേഷത. മുഴുവൻ ചെലവും വഹിച്ചിരുന്നത് സർക്കാർ ആയിരുന്നുതാനും. എന്നാൽ, പുതിയ പദ്ധതിയനുസരിച്ച് കുറഞ്ഞ സർവീസ് കാലയളവുമായി വിരമിച്ച പല ജീവനക്കാർക്കും പേരിനുപോലും പെൻഷൻ ലഭിക്കുന്നില്ലെന്ന സാഹചര്യമുണ്ട്. പഴയരീതിയിലേക്ക് മടങ്ങുന്നില്ലെങ്കിൽപ്പോലും ജീവനക്കാരുടെ ഇത്തരം ആശങ്കകൾക്ക്‌ പരിഹാരമുണ്ടാവണം. ജീവനക്കാരിൽനിന്ന് വിഹിതം സ്വീകരിക്കുന്നത് നിലനിർത്തിക്കൊണ്ടുതന്നെ സർക്കാർവിഹിതം വർധിപ്പിക്കാവുന്നതാണ്. മുഴുവൻ ജീവനക്കാർക്കും മിനിമംപെൻഷൻ ഉറപ്പുവരുത്താനുള്ള തീരുമാനങ്ങളും പരിഷ്കരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാവണം. ഷെയർ മാർക്കറ്റിനെ ആശ്രയിച്ചുനിൽക്കുന്ന പദ്ധതിയെന്ന നിലയിൽ എൻ.പി.എസിന്റെ അനിശ്ചിതത്വവും അഭിസംബോധന ചെയ്യപ്പെടണം.

2004 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നിലവിൽവന്ന എൻ.പി.എസ്. കേരളത്തിൽ 2013-ലാണ് നടപ്പാക്കിയത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മടങ്ങുമെന്ന് ഇടതുപക്ഷം തിരഞ്ഞെടുപ്പുവാഗ്ദാനം നൽകിയിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാനായി നിയമിച്ച സമിതി 2021 ഏപ്രിൽ 30-ന് സമർപ്പിച്ച റിപ്പോർട്ടിലെന്താണെന്ന കാര്യം സർക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ല. പഴയസംവിധാനത്തിലേക്ക് മാറുന്ന സംസ്ഥാനങ്ങളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയാണെന്ന റിസർവ് ബാങ്ക് മുന്നറിയിപ്പ് മറന്നുകൊണ്ടുള്ള തീരുമാനം പ്രതീക്ഷിക്കുകവയ്യ. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുഫലത്തെപ്പോലും നിർണയിക്കുന്ന വിഷയമായി പെൻഷൻ പദ്ധതി മാറിക്കഴിഞ്ഞു. ഹിമാചൽ, ത്രിപുര തിരഞ്ഞെടുപ്പുകളിലെ ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്ന് പെൻഷനായിരുന്നു. വരാൻപോകുന്ന കർണാടക തിരഞ്ഞെടുപ്പിലും ഈ വിഷയം ഉയർന്നുവരാനുള്ള സാധ്യത കേന്ദ്രം മുന്നിൽക്കാണുന്നുണ്ട്. ലോക് സഭാതിരഞ്ഞെടുപ്പും പടിവാതിൽക്കലെത്തി. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലും കർണാടകയിലും ഉത്തർപ്രദേശിലും ജീവനക്കാർ പ്രക്ഷോഭരംഗത്താണ്. 17 ലക്ഷത്തോളം ജീവനക്കാരാണ് മഹാരാഷ്ട്രയിൽ സമരത്തിലണിനിരന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പെൻഷൻ പരിഷ്കരണത്തിനായി കേന്ദ്രധനമന്ത്രാലയമെടുത്ത തീരുമാനത്തിന് രാഷ്ട്രീയപ്രാധാന്യമുണ്ട്. ജീവനക്കാരുടെ ക്ഷേമവും താത്പര്യവും മുൻനിർത്തിയുള്ള നടപടികൾ സമിതിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..