ചിരിയുടെ വസന്തകാലം സൃഷ്ടിച്ച നടൻ


2 min read
Read later
Print
Share

ഇന്നസെന്റ് വിടപറഞ്ഞപ്പോൾ ഇരുട്ടിലായത് മലയാളിയുടെ ചിരിയുടെ അരങ്ങാണ്. ആ അരങ്ങ് അവശേഷിപ്പിക്കുന്ന ഇരുൾനിറഞ്ഞ ശൂന്യതയിൽനിന്ന് മലയാളിക്കൊപ്പം മാതൃഭൂമിയും പറയുന്നു: ‘‘നന്ദി, ഞങ്ങൾക്ക് ചിരിയുടെ വസന്തകാലങ്ങൾ തന്നതിന്.’’

.

1982-ൽ മോഹൻ സംവിധാനം ചെയ്ത 'ഇളക്കങ്ങൾ' എന്ന സിനിമ കണ്ടതിനുശേഷം നാടകാചാര്യനും എഴുത്തുകാരനുമായ എൻ.എൻ. പിള്ള തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു: 'ഈ സിനിമയിൽ കറവക്കാരനായി അഭിനയിച്ച നടൻ ഭാവിയിൽ വലിയ അഭിനേതാവായിത്തെളിയും.' ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായ ഇന്നസെന്റായിരുന്നു ആ നടൻ. കാലമേറെ മുന്നോട്ടുപോയപ്പോൾ എൻ.എൻ. പിള്ളയുടെ പ്രവചനം ഫലിച്ചു. ഇന്നസെന്റ് മലയാളസിനിമയിലെ ഏറ്റവും ജനപ്രിയ നടന്മാരിലൊരാളായി വളർന്നു. മലയാളിയുടെ ചിരിക്ക് ഈ നടൻ പുത്തൻ മാനംനൽകി. ഇന്നസെന്റിന്റെ സംസാരത്തിലും ഭാവങ്ങളിലും മാത്രമല്ല, ഒരു മൂളലിൽപ്പോലും മലയാളി ചിരിയുടെ രസത്തരികൾ തിരഞ്ഞു. ആ ചിരിയുടെ ചിറയിൽ മുങ്ങി പല തലമുറകൾ ജീവിതത്തിന്റെ പിരിമുറുക്കങ്ങൾ കഴുകിക്കളഞ്ഞു.
75 വർഷത്തെ ഇന്നസെന്റിന്റെ ജീവിതം നാനാ വേഷങ്ങളാടി നിറഞ്ഞതായിരുന്നു. മാപ്രാണത്തെ അപ്പന്റെ കടയിലെ എടുത്തുകൊടുപ്പുകാരനായും ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലറായും ഉത്തര കർണാടകത്തിലെ ദാവൻഗരെയിൽ തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരനായും പലവിധ സ്റ്റേഷനറി സാധനങ്ങൾ ഡൽഹിയിൽനിന്നും മുംെബെയിൽനിന്നും കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്നയാളായും സിനിമാ നിർമാതാവായും നടനായും പാർലമെൻറ് അംഗമായും രാഷ്ട്രീയക്കാരനായും മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ദീർഘകാല പ്രസിഡന്റായും ജനപ്രിയനായ എഴുത്തുകാരനായും വിവിധവേഷങ്ങളിൽ മലയാളി ഇന്നസെന്റിനെക്കണ്ടു. എല്ലാ മേഖലയിലും സ്വന്തമായ മുദ്ര അദ്ദേഹം പതിപ്പിച്ചു. ഓരോ മേഖലയും അദ്ദേഹത്തിന് അനുഭവങ്ങളുടെ പാഠശാലയായി. ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും കഠിന യാഥാർഥ്യങ്ങളുടെ കയ്പുനീർ കുടിച്ചിറക്കുമ്പോഴും ഇന്നസെന്റ് അതിലെല്ലാം നർമത്തിന്റെ നുറുങ്ങുവെട്ടങ്ങൾ കണ്ടെത്തി. അത് അദ്ദേഹത്തിന്റെ ജീവിതകാഴ്ചപ്പാടുകളെ വ്യത്യസ്തമാക്കി. തന്റെ അർബുദരോഗകാലത്തെ അനുഭവങ്ങളെ ഫലിതത്തിലൂടെ അവതരിപ്പിക്കുന്ന 'കാൻസർ വാർഡിലെ ചിരി' എന്ന കൃതിമാത്രം മതി ഉദാഹരണമായി.

സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിന്റെ ‘റാംജിറാവു സ്പീക്കിങ്ങി’ലെ മാന്നാർമത്തായിയായി മലയാളസിനിമയിലെ തന്റെ ജൈത്രയാത്ര തുടങ്ങിയ ഇന്നസെന്റ് തുടർന്ന് സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ, രഞ്ജിത്ത് എന്നീ സംവിധായകരുടെ ഹിറ്റ് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത നടനായി. ഫലിതവേഷങ്ങൾ നിറയെ ചെയ്യുമ്പോഴും സ്വഭാവവേഷങ്ങളിലും ഇന്നസെന്റ് തിളങ്ങി. ഗൗരവപ്രധാനമായ സ്വഭാവവേഷങ്ങൾക്കുപോലും ഇന്നസെന്റ് ഫലിതത്തിന്റെ കസവുകര തുന്നി. ഇന്നസെന്റിൽ ഒരു ചാക്യാരുടെ അംശങ്ങളുണ്ട് എന്ന് നിരീക്ഷിച്ചത് നടൻ നെടുമുടി വേണുവാണ്. ചുറ്റുമുള്ള സമൂഹത്തെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നസെന്റ് പരിഹസിച്ച് പരിഹസിച്ച്‌ പവിത്രീകരിച്ചുകൊണ്ടിരുന്നു. പലപ്പോഴും അദ്ദേഹം സ്വയം പരിഹസിച്ചു. കൂത്തമ്പലത്തിലെ ചാക്യാരെപ്പോലെ, വി.കെ.എന്നെപ്പോലെ, ബഷീറിനെപ്പോലെ, നായനാരെപ്പോലെ ആരെയും പരിഹസിക്കാനുള്ള ലൈസൻസ് മലയാളി ഇന്നസെന്റിന് നൽകി. അതദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു-പലരുടെയും അഹംഭാവങ്ങളെ കുത്തിപ്പൊട്ടിച്ചുകൊണ്ടുതന്നെ. മാതൃഭൂമിയുടെ അടുത്തബന്ധുവായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം വെളിച്ചം കണ്ടത് മാതൃഭൂമി ആനുകാലികങ്ങളിലൂടെയായിരുന്നു അവയെല്ലാം പുസ്തകമാക്കിയതും മാതൃഭൂമിതന്നെ. ഇന്നസെന്റ് വിടപറഞ്ഞപ്പോൾ ഇരുട്ടിലായത് മലയാളിയുടെ ചിരിയുടെ അരങ്ങാണ്. ആ അരങ്ങ് അവശേഷിപ്പിക്കുന്ന ഇരുൾനിറഞ്ഞ ശൂന്യതയിൽനിന്ന് മലയാളിക്കൊപ്പം മാതൃഭൂമിയും പറയുന്നു: ‘‘നന്ദി, ഞങ്ങൾക്ക് ചിരിയുടെ വസന്തകാലങ്ങൾ തന്നതിന്.’’

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..