.
2008-ലാണ് അന്നത്തെ ഇടതുമുന്നണി സർക്കാർ കേരളത്തിൽ ജനമൈത്രി പോലീസ് എന്ന പദ്ധതി കൊണ്ടുവരുന്നത്. പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയും ജനങ്ങളുമായി ചേർന്ന് നിയമപാലനം സാധ്യമാക്കുകയുമായിരുന്നു ലക്ഷ്യം. ഒന്നരപ്പതിറ്റാണ്ടുകഴിഞ്ഞിട്ടും പദ്ധതി ലക്ഷ്യംകണ്ടില്ലെന്നതാണ് പുതിയ സംഭവങ്ങൾ കാണിക്കുന്നത്. കൊമ്പൻമീശയും കലങ്ങിയ കണ്ണും കക്ഷത്തിൽ ലാത്തിയുമുള്ള, പഴയ സിനിമകളിലെ ക്രൂരന്മാരായ പോലീസുകാരിൽനിന്ന് ഇത്തിരിപോലും മുന്നോട്ടുപോകാൻ ഇന്നും ചില പോലീസുകാർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ലക്ഷണമാണ് കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിൽ കണ്ടത്.
വാഹനപരിശോധനയ്ക്കിടെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്ത കർഷകക്കോളനിയിലെ ചാത്തൻവേലിൽ മനോഹരൻ (52) സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചതാണ് വിവാദമായത്. സംഭവത്തിൽ എസ്.ഐ. ജിമ്മി ജോർജിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വാഹനപരിശോധനയ്ക്കിടെ കുറച്ചു മുന്നോട്ടുനീക്കി ബൈക്ക് നിർത്തിയ മനോഹരനെ ഹെൽമെറ്റ് ഊരിയ ഉടനെ മുഖത്തടിക്കുകയായിരുന്നു. മുഖത്തടിച്ചെന്ന കാര്യം എസ്.ഐ. തന്നെ സമ്മതിച്ചു. അടിച്ചതിനും ജീപ്പിലേക്ക് വലിച്ചിട്ടു കൊണ്ടുപോയതിനും കർഷകക്കോളനിക്ക് സമീപത്തെ പെരുംതുരുത്തിൽ പറമ്പിൽ രമ എന്ന വീട്ടമ്മ ദൃക്‌സാക്ഷിയുമാണ്. സ്റ്റേഷനിലെത്തിച്ചശേഷം സുഹൃത്തുക്കളുടെ മുന്നിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹത്ത് മർദനത്തിന്റെ പാടുകളൊന്നും ഉള്ളതായി മൃതദേഹപരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പക്ഷേ ചോദ്യം ഇതാണ്, ഒരു പൗരനെ അയാൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽപ്പോലും മർദിക്കാനുള്ള അധികാരം പോലീസിനുണ്ടോ ? മർദിച്ച് അനുസരിപ്പിക്കുന്നതും കുറ്റംസമ്മതിപ്പിക്കുന്നതുമായ പ്രാകൃതരീതിയൊക്കെ നമ്മൾ കൈയൊഴിഞ്ഞകാര്യം പോലീസ് അറിഞ്ഞില്ലെന്നുണ്ടോ ?
ജനമൈത്രി പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രൊഫൈൽ ചിത്രമായി ഇന്നും കിടക്കുന്ന ചില സ്‌ക്രീൻഷോട്ടുകളുണ്ട്. രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സർ റോബർട്ട് പീലിന്റെ ‘മെട്രോപൊളിറ്റൻ പോലീസ് ആക്ടി’ലെ ചില നിർദേശങ്ങളാണ് അതിലുള്ളത്. ആധുനിക പോലീസിങ്ങിന്റെ പിതാവായി അറിയപ്പെടുന്നയാളാണ് പീൽ. 1829-ൽ അദ്ദേഹം ലണ്ടനിൽ മെട്രോപൊളിറ്റൻ പോലീസ് സമ്പ്രദായം നടപ്പാക്കുന്നതിന് മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിച്ചതാണ് ഈ മാർഗനിർദേശങ്ങൾ. അതിലൊന്ന് ഇങ്ങനെയാണ്: ‘പോലീസിന്റെ കാര്യക്ഷമത അവരുടെ നടപടികളെയും പെരുമാറ്റത്തെയും കുറിച്ച് പൊതുജനാംഗീകാരവും ബഹുമാനവും നേടാനുള്ള അവരുടെ കഴിവിനെ ആശ്രയിച്ചാണ്.’ മറ്റൊന്ന് ‘പോലീസ് പൊതുജനമാണെന്നും പൊതുജനം പോലീസാണെന്നും എല്ലാസമയത്തും പോലീസുകാർ ഓർക്കണം.’ രണ്ടു നൂറ്റാണ്ടായിട്ടും ഈ നിർദേശങ്ങളുടെ പുതുക്കവും പ്രസക്തിയും കുറഞ്ഞില്ല. പക്ഷേ, ഈ കാലയളവിൽ പോലീസ് സംവിധാനത്തിന് കാര്യമായ പുരോഗതിയുമുണ്ടായിട്ടില്ല. നമ്മുടെ പോലീസുകാർ നിർബന്ധമായും റോബർട്ട് പീലിനെ പഠിക്കണം. ഏറ്റവും ചുരുങ്ങിയത് ജനമൈത്രി പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പറയുന്ന ഉദ്ദേശ്യലക്ഷ്യങ്ങളെങ്കിലും വായിക്കണം.
പഴയ ഗോത്രകാലജനതയല്ല നാമിപ്പോൾ. ലോകം പുരോഗമിക്കുന്നതിനനുസരിച്ച് കുറ്റം, ശിക്ഷ, കുറ്റവാളികളുടെ പരിവർത്തനം തുടങ്ങിയ മേഖലകളിൽ കാര്യമായ പരിഷ്കരണങ്ങൾ നടന്നുകഴിഞ്ഞു. ഹമുറാബിയൻ കാലത്തുനിന്ന് ആധുനിക മനുഷ്യരായപ്പോൾ ശിക്ഷാരീതികളോടുള്ള കാഴ്ചപ്പാടുകൾ പാടേമാറി. പല പരിഷ്കൃത രാജ്യങ്ങളും വധശിക്ഷതന്നെ നിർത്തി. തൂക്കിക്കൊല്ലുന്നതിനു പകരം വേദനയില്ലാതെ മരണം നടപ്പാക്കുന്ന രീതികളെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. കുറ്റം തെളിയിക്കാൻ മനശ്ശാസ്ത്രത്തിനുമപ്പുറം അത്യാധുനികമായ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന കാലമാണിത്. ഈ കാലത്ത് ജീവിച്ചുകൊണ്ട് ഗോത്രകാല ചിന്ത ചുമക്കുന്ന പോലീസുകാരെ നിലയ്ക്കുനിർത്തണം. ഇല്ലെങ്കിൽ അത് മൊത്തം വകുപ്പിനുതന്നെ ചീത്തപ്പേരാകും.
സ്‌കാൻഡിനേവിയൻ യൂറോപ്യൻ രാജ്യങ്ങളിൽ പോലീസ് പൗരന്മാരോട് പെരുമാറുന്ന രീതി ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ ജനമൈത്രി പോലീസിനും അവകാശപ്പെടാൻ ഒട്ടേറെ നന്മകളുണ്ട്. വീടില്ലാത്തവർക്ക് വീടുണ്ടാക്കിക്കൊടുത്തതും തെരുവിലലയുന്നവരെ പുനരധിവസിപ്പിച്ചതും നിർധനവിദ്യാർഥികൾക്ക് പഠിക്കാൻ അവസരമുണ്ടാക്കുന്നതുമായി ഈ പട്ടിക നീളും. ഇങ്ങനെ ഒരുഭാഗത്ത് പോലീസിന് മനുഷ്യമുഖം നൽകാൻ ശ്രമംനടക്കുമ്പോൾ മറുഭാഗത്ത് അതിനെ അപമാനിക്കുന്നവരെ കർശനമായിത്തന്നെ കൈകാര്യംചെയ്യണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..