ധനകാര്യത്തിൽ  കരുതൽ വേണം


2 min read
Read later
Print
Share

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായി കുതിക്കുന്ന ഇന്ത്യൻ സമ്പദ്ഘടനയ്ക്കുമേൽ കരിനിഴൽ വീഴ്ത്താതിരിക്കാനുള്ള ഉത്തരവാദിത്വം ഇവിടത്തെ ബാങ്കിങ് സംവിധാനത്തിനും സർക്കാരിനുമുണ്ട്

.

2008-നുശേഷമുള്ള ഏറ്റവുംവലിയ ബാങ്ക് തകർച്ചയാണ്‌ അമേരിക്കയിൽ ഏതാനും ദിവസങ്ങൾക്കുമുമ്പുണ്ടായത്. യു.എസിലും യൂറോപ്പിലും ബാങ്കുകളുടെ തകർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ അലയൊലികളാണ് യു.എസിലെയും യൂറോപ്പിലെയും ബാങ്ക് തകർച്ചകൾ. കരുതലോടെ നീങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കീഴ്‌മേൽമറിയുമെന്ന് മനസ്സിലാക്കാൻ ഇന്ത്യക്ക്‌ അധികസമയം വേണ്ടിവന്നില്ല. രാജ്യത്തെ മുൻനിര കോർപ്പറേറ്റ് വായ്പാ അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കാനും ഭാവിയിൽ അവയിൽ ഉണ്ടാകാവുന്ന വെല്ലുവിളികൾ പരിശോധിച്ച് പരിഹരിക്കാനും ബാങ്കുകൾക്ക് കേന്ദ്ര ധനമന്ത്രാലയം നിർദേശംനൽകിയത് ഈ പശ്ചാത്തലത്തിലാണ്. അതുപോലെ, രാജ്യത്തെ ബാങ്കുകളിൽ ഏറ്റവുമധികം വായ്പയുള്ള 20 വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ കാര്യത്തിൽ അതിശ്രദ്ധ വേണമെന്ന് റിസർവ് ബാങ്കും വാണിജ്യബാങ്കുകൾക്ക് മുന്നറിയിപ്പുനൽകി.

കമ്പനികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലുമുള്ള മൊത്തം നിക്ഷേപത്തിന് പരമാവധി പരിധി കൊണ്ടുവരുന്നത് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. പരിശോധിക്കുകയാണ്. അമേരിക്കൻ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബെർഗ് ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന്, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തുകയും മറ്റ് ഏതാനും കമ്പനികൾ കടപ്പത്രങ്ങളുടെ തിരിച്ചടവിൽ സമ്മർദം നേരിടുകയുംചെയ്യുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും എൽ.­ഐ.സി.യുടെയുമൊക്കെ അത്യന്താപേക്ഷിതമായ വീണ്ടുവിചാരം.

വൻകിട വായ്പാ അക്കൗണ്ടുകളുടെ കാര്യത്തിൽ നഷ്ടസാധ്യത കുറയ്ക്കാൻ കൂടുതൽ തുക നീക്കിവെക്കണമെന്നാണ് ബാങ്കുകൾക്ക് ആർ.­ബി.ഐ. നൽകിയിരിക്കുന്ന നിർദേശം. മൂന്നുമാസം തുടർച്ചയായി തിരിച്ചടവ് മുടങ്ങി കിട്ടാക്കടമാകുന്ന വേളയിലാണ് സാധാരണ ഇത്തരത്തിൽ പ്രൊവിഷൻ എന്ന നിലയിൽ തുക നീക്കിവെക്കുന്നത്. കിട്ടാക്കടം ആകുന്നതിനുമുമ്പുതന്നെ നീക്കിയിരിപ്പ് ആവശ്യമാണെങ്കിൽ സ്ഥിതി അത്രത്തോളം ജാഗ്രതയോടെവേണം കാണാനെന്നാണ് അർഥം. എന്നാൽ, ഇപ്പോഴത്തേത് അപായമുന്നറിയിപ്പല്ലെന്ന് ആർ.ബി.ഐ.തന്നെ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പല വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കടപ്പത്രങ്ങളുടെയും വായ്പയുടെയും രൂപത്തിൽ വൻതോതിൽ വിദേശകടമുണ്ട്. ആഗോള സാമ്പത്തികസ്ഥിതി വിലയിരുത്തി അത് ഇന്ത്യയിലെ ബാങ്കുകളെ ബാധിക്കാതിരിക്കാനാണ് ആർ.ബി.ഐ.യുടെയും ധനമന്ത്രാലയത്തിന്റെയും ഇടപെടൽ.

വലിയ വായ്പകളുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്യുന്നതിന്റെ തവണ വർധിപ്പിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പൊതുമേഖലാ ബാങ്ക് മേധാവികളോട് നിർദേശിച്ചിരിക്കുകയാണ്. ഏതെങ്കിലുമൊരു വൻകിട സ്ഥാപനം പ്രതിസന്ധിയിലായാലും രാജ്യത്തെ ബാങ്കുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനുള്ളതാണ് ഈ ജാഗ്രതാനടപടികൾ. ഒരുവശത്ത്, ഇത്ര കടുത്ത ഒരുക്കങ്ങൾ നടത്തുമ്പോഴും മറ്റൊരുവശത്ത് പ്രശ്നത്തിലുള്ള കമ്പനികളിൽ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും നിക്ഷേപം കൊണ്ടുചെന്നിടുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇ.പി.എഫ്.ഒ. ഹിൻഡൻബെർഗ് ആരോപണങ്ങളെത്തുടർന്ന് ഓഹരിവില കൂപ്പുകുത്തിയെങ്കിലും അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം തുടരുകയാണ് ഇ.പി.എഫ്.ഒ. അതുപോലെ, എൽ.­ഐ.സി.ക്ക് അദാനി ഗ്രൂപ്പ് കമ്പനികളിൽ 30,120 കോടി രൂപയുടെയും കടപ്പത്രങ്ങളിൽ 6182 കോടി രൂപയുടെയും നിക്ഷേപമാണ് നിലവിലുള്ളത്. നിയമപ്രകാരം കൂടുതൽ നിക്ഷേപം നടത്തുന്നതിൽ തടസ്സവുമില്ല. എന്നാൽ, ഏതെങ്കിലും കുറച്ചു കമ്പനികളിലോ ഗ്രൂപ്പുകളിലോ നിക്ഷേപം കേന്ദ്രീകരിക്കുന്നത് തടയാനാണ് എൽ.ഐ.സി. പരിധി കൊണ്ടുവരാൻ ആലോചിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ അവയുടെ നിർമിതിക്ക് ബാങ്കുകൾ വായ്പ ലഭ്യമാക്കുകതന്നെ വേണം. എന്നാൽ, പൊതുജനങ്ങളുടെ പണമാണ് വായ്പയായി നൽകുന്നത് എന്ന ഉത്തമബോധ്യത്തോടെ കൃത്യമായ ഇടവേളകളിൽ പരിശോധനകളും വിശകലനങ്ങളും നടത്തിവേണം ഈ വായ്പകൾ നൽകാൻ. വൻവായ്പാ അക്കൗണ്ടുകളുടെ കാര്യത്തിൽ വലിയതോതിലുള്ള സൂക്ഷ്മത പുലർത്തുകതന്നെ വേണമെന്നാണ് മുൻകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ലോകത്തെ ­ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായി കുതിക്കുന്ന ഇന്ത്യൻ സമ്പദ്ഘടനയ്ക്കുമേൽ കരിനിഴൽ വീഴ്ത്താതിരിക്കാനുള്ള ഉത്തരവാദിത്വം ഇവിടത്തെ ബാങ്കിങ് സംവിധാനത്തിനും സർക്കാരിനുമുണ്ട്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..