.
ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ ഇന്നും ആത്മനിന്ദകൊണ്ട് മലയാളിയുടെ തലകുനിയുന്ന അധ്യായങ്ങളാണ് അടിമത്തവും അയിത്തവും. മനുഷ്യൻ മനുഷ്യനോടുചെയ്ത ഏറ്റവും നീചമായ കൃത്യങ്ങൾ. അയിത്തത്തിനെതിരേ രാജ്യത്തെത്തന്നെ ഏറ്റവും വലിയ സംഘടിതപ്രക്ഷോഭത്തിന് മണ്ണൊരുങ്ങിയത് കേരളത്തിലാണ്. കേരളത്തിന്റെ നവോത്ഥാനപ്രക്രിയക്ക് ഊർജംപകർന്ന വൈക്കം സത്യാഗ്രഹമെന്ന ആ മഹാപ്രക്ഷോഭത്തിന് ഇന്ന് ഒരു നൂറ്റാണ്ട്.കാളവണ്ടിയും പട്ടിയും പൂച്ചയും സഞ്ചരിക്കുന്ന പൊതുവഴിയിലൂടെ സാധാരണമനുഷ്യന് നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഒരുകൂട്ടം മനുഷ്യസ്നേഹികൾ നടത്തിയ സമരം. അതായിരുന്നു 1924 മാർച്ച് 30-നു തുടങ്ങിയ ഐതിഹാസികമായ വൈക്കം സത്യാഗ്രഹം.
ശ്രീനാരായണഗുരുവിന്റെ ശിഷ്യനും കോൺഗ്രസ് നേതാവുമായ ടി.കെ. മാധവൻ 1923-ൽ കാക്കിനഡയിൽനടന്ന എ.ഐ.സി.സി. യോഗത്തിൽ വിഷയം അവതരിപ്പിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും ‘മാതൃഭൂമി’യുടെ സ്ഥാപകനേതാക്കളുമായ കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരും ടി.കെ. മാധവൻ, വേലായുധമേനോൻ തുടങ്ങിയവരേയും ചേർത്ത് കോൺഗ്രസ് ഒരു കമ്മിറ്റിയുണ്ടാക്കി. വഴിനടക്കാനുള്ള അവകാശത്തിനായി സത്യാഗ്രഹം നടത്താൻ തീരുമാനമായി. 1924 മാർച്ച് 30-ന് നിയമലംഘനത്തിനുള്ള ആദ്യ സംഘം ഒരുങ്ങി. പുലയസമുദായക്കാരനായ കുഞ്ഞാപ്പിയും ഈഴവവിഭാഗത്തിലെ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരുമായിരുന്നു ആദ്യ ഊഴക്കാർ. ഇവരെ പോലീസ് അറസ്റ്റുചെയ്തു. തുടർന്ന് ഘട്ടംഘട്ടമായി ഓരോ നേതാക്കളും നിയമംലംഘിച്ച് അറസ്റ്റുവരിച്ചു. 603 ദിവസമാണ് സമരം നീണ്ടുനിന്നത്. ഇക്കാലയളവിലെല്ലാം ‘മാതൃഭൂമി’ പത്രം സമരാനുകൂലികളുടെ നാവായി മാറി.
ചെറിയ പീഡനങ്ങളൊന്നുമായിരുന്നില്ല സത്യാഗ്രഹികൾ ഏറ്റുവാങ്ങിയത്. നിയമം ലംഘിച്ചവരെ മുഴുവൻ തല്ലിച്ചതച്ചു. പക്ഷേ, അതുകൊണ്ടൊന്നും സമരത്തിന്റെ ഊറ്റം കുറഞ്ഞില്ല. കേരളം പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത സംഘബോധമാണ് അയിത്തത്തിനെതിരേ അന്നുയർന്നത്. സത്യാഗ്രഹത്തിന്റെ ഗതി മാറ്റിക്കൊണ്ട് തമിഴ്‌നാട്ടിൽനിന്ന് ദ്രാവിഡനേതാവ് പെരിയോർ രാമസ്വാമി നായ്‌കർ എത്തി. ഭാര്യ നാഗമ്മാളോടൊപ്പം അദ്ദേഹം നാടുമുഴുവൻ നടന്ന് പ്രസംഗിച്ചു. ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനം ഈ പശ്ചാത്തലത്തിലാണ്. പഞ്ചാബിൽനിന്ന് അകാലിവിഭാഗം വൈക്കത്തെത്തി സത്യാഗ്രഹികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘യങ് ഇന്ത്യ’ പത്രാധിപർ അബ്ദുറഹിമാൻ, ബാരിസ്റ്റർ ജോർജ് ജോസഫ്, ആര്യസമാജത്തിന്റെ സ്വാമി ശ്രദ്ധാനന്ദ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പ്രക്ഷോഭത്തിൽ കണ്ണിചേർന്നു.
‘മറ്റുള്ളവരുടെ സ്പർശനം തങ്ങൾക്ക് അശുദ്ധിവരുത്തുമെന്ന് കരുതുന്നവരെ ശുദ്ധിയിൽ തുടരാൻ ഇനി അനുവദിക്കരുത്’ എന്ന ശ്രീനാരായണഗുരുവിന്റെ പ്രസ്താവന സമരാഗ്നി ആളിക്കത്തിച്ചു. ഇതിനിടയിലാണ് സമരത്തിന് നിർണായകമായ വഴിത്തിരിവുണ്ടാക്കിക്കൊണ്ട് നായർസർവീസ് സൊസൈറ്റി നായകൻ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ പുറപ്പെട്ടത്. എൻ.എസ്.എസിന്റെ മറ്റൊരു നേതാവ് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള അന്നത്തെ റാണി സേതുലക്ഷ്മിബായിയെ കണ്ട് 20,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടവും നൽകി. ഇതുകൂടി കഴിഞ്ഞതോടെ പ്രക്ഷോഭത്തിന് ജനകീയമുഖം വന്നു. ഗാന്ധിജി വീണ്ടും വൈക്കത്തെത്തി ക്ഷേത്ര ഊരാളൻ ഇണ്ടംതുരുത്തി നമ്പ്യാതിരിയുമായും സമരനേതാക്കളുമായും സംസാരിച്ചു. ജാതിമതഭേദമില്ലാതെ സമരത്തിനുലഭിച്ച പിന്തുണ സവർണപ്രഭുക്കളെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. വൈകാതെ വൈക്കം ക്ഷേത്രത്തിന്റെ വഴികൾ എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ ഇണ്ടംതുരുത്തി നമ്പ്യാതിരി നിർബന്ധിതനായി. 1925 നവംബറിൽ പ്രക്ഷോഭം അവസാനിപ്പിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടുമുമ്പുതന്നെ കേരളം നേടിയെടുത്ത മഹിതമായ മാനവികബോധത്തിന്റെ ബഹിർസ്ഫുരണമാണ് വൈക്കത്തുണ്ടായത്. അന്ന് അത്തരമൊരു പ്രക്ഷോഭമുണ്ടായിരുന്നില്ലെങ്കിൽ സാധാരണക്കാർക്ക് പല പൊതുവഴികളും അപ്രാപ്യമാവുമായിരുന്നുവെന്ന് പിന്നീട് രാമസ്വാമി നായ്‌കർ എഴുതി. അതുകൊണ്ടുതന്നെ, മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങൾക്കുവേണ്ടി പോരാടുന്ന ഏതുജനതയ്ക്കും ഏതുകാലത്തും വൈക്കം സത്യാഗ്രഹം ഒരു വഴിവിളക്കാണ്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..