സുതാര്യത നഷ്ടമാവരുത്


2 min read
Read later
Print
Share

വിവിധരാജ്യങ്ങളിൽനിന്ന് മികച്ചവ തിരഞ്ഞെടുത്തുകൊണ്ട് രാഷ്ട്രസ്രഷ്ടാക്കൾ രൂപപ്പെടുത്തിയ ഭരണഘടന ഇന്ത്യയെക്കുറിച്ചുള്ള അവരുടെ സ്വപ്നംകൂടിയാണ് പങ്കുവെക്കുന്നത്

.

ക്രിമിനൽക്കേസിൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലിന് ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുകിട്ടാൻ കാത്തിരിക്കേണ്ടിവന്നത് രണ്ടുമാസമാണ്. കവരത്തി ജില്ലാ സെഷൻസ് കോടതിവിധി വന്ന് മിന്നൽവേഗത്തിലാണ് എം.പി. അയോഗ്യനാക്കപ്പെട്ടത് എന്നു കൂട്ടിവായിക്കുമ്പോഴാണ് കേസിന്റെ ശരിതെറ്റുകൾക്കപ്പുറം മറ്റെന്തെങ്കിലുമാണോ ഇതിനുപിന്നിലുള്ളതെന്ന സംശയമുയരുന്നത്. ജില്ലാ സെഷൻസ് കോടതി വിധിച്ച 10 വർഷം കഠിനതടവ് ചോദ്യംചെയ്ത് മുഹമ്മദ് ഫൈസൽ തൊട്ടടുത്തദിവസം ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കാനിരിക്കേയാണ് അയോഗ്യനാക്കപ്പെട്ടുകൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനംവന്നത്. ഹൈക്കോടതി വിധിക്കുമുമ്പ് തിടുക്കത്തോടെ നടപ്പാക്കിയ അയോഗ്യത പക്ഷേ, തിരിച്ചെടുക്കുന്ന കാര്യത്തിലുണ്ടായതുമില്ല. അപകീർത്തികരമായ പ്രസംഗത്തിനു ശിക്ഷ ലഭിച്ചതിനുപിന്നാലെത്തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി.ക്കെതിരേ ലോക്‌സഭാ സെക്രട്ടേറിയറ്റെടുത്ത നടപടിയും വിമർശനവിധേയമായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽപ്പിക്കുന്ന നടപടികൾ ഒന്നിനുപിറകെ ഒന്നായിവരുന്നത് ജനാധിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

തന്നെ യോഗ്യനായി പ്രഖ്യാപിക്കുന്നതിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് കുറ്റകരമായ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ചാണ് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് ബന്ധപ്പെട്ടവർക്കുതന്നെ ബോധ്യമുണ്ടായിരുന്നതിനാലാവാം കോടതി കേസ്‌ പരിഗണിക്കുന്നതിനുതൊട്ടുമുമ്പായി അംഗത്വം പുനഃസ്ഥാപിച്ചത്. വധശ്രമക്കേസിൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും തിരിച്ചെടുക്കാനുണ്ടായ കാലതാമസം അത്ര സ്വാഭാവികമല്ല. അയോഗ്യനായി പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചയ്ക്കകം ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയും വിമർശിക്കപ്പെട്ടിരുന്നു. സഭാംഗം അയോഗ്യനായാലോ മരിച്ചാലോ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നിരിക്കേയാണ് കേട്ടുകേൾവിയില്ലാത്ത തിടുക്കം തിരഞ്ഞെടുപ്പുകമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത്. ഹൈക്കോടതി വിധിവന്നതോടെ തീരുമാനത്തിൽനിന്ന് കമ്മിഷനു തിരികെപ്പോകേണ്ടിവന്നെങ്കിലും അവധാനതയില്ലാത്ത നടപടിയായിരുന്നു അതെന്ന്‌ വിലയിരുത്തപ്പെടുന്ന സാഹചര്യമുണ്ടായി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിമർശകനായ തന്നെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാനുള്ള ശ്രമം ഇതിനുപിന്നിലുണ്ടെന്നാണ് എം.പി. ആരോപിക്കുന്നത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചിട്ടും മറ്റൊരു ഭരണഘടനാ സ്ഥാപനമായ ലോക്‌സഭാ സെക്രട്ടേറിയറ്റ് എന്തുകൊണ്ട് അയോഗ്യത മാറ്റുന്നില്ലെന്ന ചോദ്യം ഫൈസൽ ഉയർത്തിയിരുന്നു. എം.പി. സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടാവാൻ കാരണമെന്തായിരുന്നുവെന്ന സംശയം ഉത്തരമില്ലാതെ തുടരുകയാണ്. കുറ്റക്കാരനാണെന്നു വിധിക്കപ്പെടുന്നതിനുപിന്നാലെ ജനപ്രതിനിധികൾ സ്വാഭാവികമായി നീക്കംചെയ്യപ്പെടുന്നതിനാൽ കീഴ്‌ക്കോടതികൾ ശിക്ഷവിധിക്കുന്നത് ജാഗ്രതയോടെവേണമെന്ന സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശവും പ്രസക്തമാണ്. രാഹുൽഗാന്ധിക്കെതിരായ കേസിന്റെ പശ്ചാത്തലത്തിൽ പരമോന്നത കോടതിയുടെ വാക്കുകൾക്ക് കൂടുതൽ അർഥവ്യാപ്തിയുണ്ട്.

മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസിൽ മേൽക്കോടതി വിധികൾ വരാനിരിക്കുന്നേയുള്ളൂ. കീഴ്‌ക്കോടതി വിധി സ്റ്റേചെയ്ത ഹൈക്കോടതി നടപടിയിൽ വിശദമായ പുനഃപരിശോധന നടത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ജില്ലാസെഷൻസ് കോടതി വിധി സുപ്രീംകോടതി പുനഃസ്ഥാപിച്ചേക്കാം. എന്നാൽ, കോടതിവിധി ഫൈസലിനനുകൂലമായി നിൽക്കുന്ന ഈ സമയത്ത് അത് മാനിച്ചുകൊണ്ട് ജനാധിപത്യ കീഴ്‌വഴക്കങ്ങളും ഉത്തരവാദിത്വങ്ങളും പാലിക്കുകയെന്നതാണ് ഭരണഘടനാസ്ഥാപനങ്ങളുടെ ചുമതല. പാർലമെന്റ് സംവിധാനം, തിരഞ്ഞെടുപ്പുകമ്മിഷൻ, കോടതി തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളെല്ലാം കടന്നുവന്ന വിഷയമെന്ന സവിശേഷത ഈ കേസിനുണ്ട്. ഇവയുടെ സുതാര്യത സംബന്ധിച്ച് ചെറുസംശയമുളവാക്കുന്ന സ്ഥിതിപോലും ഉണ്ടായിക്കൂടാത്തതാണ്. വിവിധരാജ്യങ്ങളിൽനിന്ന് മികച്ചവ തിരഞ്ഞെടുത്തുകൊണ്ട് രാഷ്ട്രസ്രഷ്ടാക്കൾ രൂപപ്പെടുത്തിയ ഭരണഘടന ഇന്ത്യയെക്കുറിച്ചുള്ള അവരുടെ സ്വപ്നംകൂടിയാണ് പങ്കുവെക്കുന്നത്. ജനാധിപത്യത്തിലും നീതിബോധത്തിലും അധിഷ്ഠിതമായ ഈ സ്ഥാപനങ്ങൾക്ക്‌ തെറ്റുപറ്റിയാൽ ക്ഷതമേൽക്കുന്നത് ‘ഇന്ത്യ’യെന്ന ആശയത്തിനാണ്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..