ഭിന്നാഭിപ്രായത്തിലെ അവ്യക്തത


2 min read
Read later
Print
Share

വാദം പൂർത്തിയായി ഒരു വർഷത്തിനുശേഷമാണ് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നംഗ ബെഞ്ചിന് കേസ് വിട്ടിരിക്കുന്നത്. ഇത്രയും നടപടികൾ പൂർത്തിയായശേഷവും പരിഹാരംകണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അത്‌ സംവിധാനത്തിന്റെ വീഴ്ചയായി സമൂഹം കാണും

.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗംചെയ്തെന്ന ഹർജി വിധിപ്രസ്താവിക്കാതെ മൂന്നംഗബെഞ്ചിനുവിട്ട ലോകായുക്തയുടെ നടപടി മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാരിനും താത്കാലികാശ്വാസം പകരും. എന്നാൽ, പൊതുപ്രവർത്തകരുടെ അഴിമതി തടയുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ലോകായുക്ത എന്ന സംവിധാനത്തിലെ ചില ന്യൂനതകൾ ഈ നടപടി വെളിവാക്കുന്നു. പൊതുപ്രവർത്തകരുടെപേരിൽ ഉയരുന്ന അഴിമതി-സ്വജനപക്ഷപാത ആരോപണങ്ങൾ അന്വേഷിച്ച് കാലവിളംബംവരുത്താതെ നടപടി കൈക്കൊള്ളുക എന്ന വിശാലമായ ലക്ഷ്യത്തിലാണ് ലോകായുക്തയ്ക്ക് രൂപം നൽകിയത്. മുൻ സർക്കാരിന്റെ നടപടിക്കെതിരേ 2019 ജനുവരി 14-ന്‌ ഫയൽചെയ്ത ഹർജിയാണ് നാലുവർഷത്തിനുശേഷം വീണ്ടും കേൾക്കാനായി മാറ്റിവെച്ചിരിക്കുന്നത്. കുറ്റക്കാരനാണെന്ന് ലോകായുക്ത പ്രസ്താവിച്ചാൽ പദവി തുടരാൻ അയോഗ്യത കല്പിക്കുന്ന ലോകായുക്ത ആക്ടിലെ സെക്‌ഷൻ 14 അസ്ഥിരപ്പെടുത്താൻ സംസ്ഥാനസർക്കാർ മുതിർന്നത് ഈ കേസ് മുന്നിൽക്കണ്ടാണെന്ന് ആക്ഷേപമുണ്ട്. ഓർഡിനൻസിന്റെ കാലാവധി കഴിയുകയും സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആക്ടിലെ ഈ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലമാണ് ലോകായുക്തവിധിയുടെ പ്രസക്തി വർധിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുൻ സർക്കാർ മൂന്നുപേരുടെ കുടുംബങ്ങൾക്ക് സഹായം അനുവദിച്ചതാണ് പരാതിക്കിടയായത്. മന്ത്രിസഭായോഗം ചേർന്നെടുത്ത തീരുമാനമായതിനാൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉത്തരവാദികളായി കാണണമെന്നും നിയമവിരുദ്ധമായി അനുവദിച്ച തുക ഇവരിൽനിന്ന് തിരിച്ചുപിടിക്കണമെന്നുമാണ് ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. ദുരിതാശ്വാസനിധിയിൽനിന്ന് എൻ.സി.പി. നേതാവായിരുന്ന അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതും എം.എൽ.എ.യായിരിക്കേ അന്തരിച്ച അഡ്വ. കെ.കെ. രാമചന്ദ്രൻനായരുടെ വായ്പകൾ എഴുതിത്തള്ളാൻ പണം അനുവദിച്ചതും സി.പി.എം. സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് എസ്കോർട്ട് പോകവേ അപകടത്തിൽ മരിച്ച സിവിൽ പോലീസ് ഓഫീസർ പി. പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതുമാണ് വ്യവസ്ഥകൾക്കുവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ ലോകായുക്തയെ സമീപിച്ചത്. ദുരിതാശ്വാസനിധിയിൽനിന്ന്‌ പണം അനുവദിക്കുന്നതിന് പാലിക്കേണ്ട മാർഗനിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയതെന്നും അഴിമതിയും സ്വജനപക്ഷപാതവും നടത്തി അധാർമികമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാനാവില്ലെന്ന നിലപാടാണ് തുടക്കംമുതൽ സർക്കാർ സ്വീകരിച്ചത്‌. സവിശേഷസാഹചര്യങ്ങളിൽ മാർഗനിർദേശങ്ങളിൽനിന്ന്‌ വ്യതിചലിക്കാനുള്ള അധികാരം സർക്കാരിനുള്ളതിനാൽ ഹർജി ഫയലിൽ സ്വീകരിക്കരുതെന്ന് സർക്കാർ വാദിച്ചു. ഇതുസംബന്ധിച്ച്‌ ഏറെ വാദംകേട്ട ശേഷമാണ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന വിലയിരുത്തലിൽ ഹർജി ഫയലിൽ സ്വീകരിച്ചത്.

2019-ൽ ഫയൽചെയ്ത ഹർജിയുടെ വാദം നടന്നത് 2022-ലാണ്. വാദം പൂർത്തിയായി ഒരു വർഷത്തിനുശേഷമാണ് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നംഗ ബെഞ്ചിന് കേസ് വിട്ടിരിക്കുന്നത്. കേസിൽ തീർപ്പുകല്പിക്കേണ്ടത് സർക്കാരിന്റെകൂടി ആവശ്യമാണ്. സവിശേഷസാഹചര്യങ്ങളിൽ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാനുള്ള വിവേചനാധികാരം നിയമപരമാണെങ്കിൽ അതും സ്ഥാപിക്കപ്പെടണം. ആരോപണത്തിന്റെ നിഴൽ നീക്കാനും സമ്മർദങ്ങൾക്ക് അടിെപ്പടാതെ പ്രവർത്തിക്കാനും എതിർകക്ഷികൾക്കും കേസിലെ തീർപ്പ് അനിവാര്യമാണ്. ഇത്രയും നടപടികൾ പൂർത്തിയായശേഷവും പരിഹാരംകണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അത്‌ സംവിധാനത്തിന്റെ വീഴ്ചയായി സമൂഹം കാണും. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം എന്ന പ്രശസ്തമായ ആപ്തവാക്യമാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..