.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെയാണ് ഇരട്ടപ്രഹരമായി സർവമേഖലയിലും നികുതിവർധനകൂടിയെത്തിയത്. വിലവർധിക്കാത്തതായി ഒന്നുമില്ല ചുറ്റിലും എന്ന നിലയിലാണ് കാര്യങ്ങൾ പോവുന്നത്. രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളൊന്നും വേണ്ടത്ര ഫലംകണ്ടിട്ടില്ല. റിപ്പോ നിരക്കുകളുയർത്തി പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും വിലക്കയറ്റത്തോത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആർ.ബി.ഐ.യുടെ അന്തിമരേഖയായ ആറുശതമാനം കടക്കുകയുണ്ടായി. ജനുവരിയിൽ 6.52 ശതമാനവും ഫെബ്രുവരിയിൽ 6.44 ശതമാനവുമായിരുന്നു വിലക്കയറ്റത്തോത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ ചൂടും തുടർന്നുപെയ്ത മഴയും ഗോതമ്പുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും കൂട്ടുമെന്നാണ് സൂചനകൾ. റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ഗോതമ്പുകയറ്റുമതി തടയുന്നതുവരെ കാര്യങ്ങളെത്തിയിരുന്നു. എഫ്.സി.ഐ. കരുതൽശേഖരത്തിൽനിന്ന് ഗോതമ്പ് പൊതുവിപണിയിലിറക്കിയാണ് ഒടുവിൽ വില നിയന്ത്രിച്ചത്. ഈ സാഹചര്യത്തിൽ ഉത്പാദനം കുറയുന്നത് വില നിയന്ത്രണാതീതമാക്കും.
വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് ആവർത്തിച്ചുപറയുന്ന സംസ്ഥാന സർക്കാരാവട്ടെ, സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറാൻ ജനങ്ങളെ പിഴിയാനാണ് തീരുമാനിച്ചത്. കേരളത്തിന്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെൻഷൻ നിലനിർത്താനായി പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതുവഴി ലിറ്ററിന് രണ്ടുരൂപയാണ് കൂടിയത്. കേവലം ഇന്ധനവിലവർധന മാത്രമായി ഇതു പ്രതിഫലിക്കില്ല. കടത്തുചാർജുൾപ്പെടെ വർധിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ വില ആനുപാതികമായി വർധിക്കുമെന്നുറപ്പാണ്. ഇന്ധനവിലയ്ക്കൊപ്പം ഒറ്റത്തവണ വാഹനനികുതിയും റോഡ് സുരക്ഷാ സെസും ടോൾപ്ലാസ നിരക്കും കൂട്ടിയിട്ടുണ്ട്. മഹാമാരിക്കുശേഷം നഷ്ടത്തിൽനിന്ന് കരകയറാത്ത സ്വകാര്യ ബസ് സർവീസും അന്നന്നത്തെ ചെലവിനുപോലും പണംകണ്ടെത്താൻ പ്രയാസപ്പെടുന്ന ഓട്ടോ, ടാക്സി തൊഴിലാളികളും കടുത്തപ്രതിസന്ധിയിലേക്കാണ് പോവുന്നത്.
ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയാണ് നിലവിൽവന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ഫീസിലും ഇതോടെ വലിയമാറ്റംവരും. 13 വർഷത്തിനിടെ അഞ്ചുതവണയാണ് ന്യായവില കൂട്ടിയത്. വസ്തുവ്യാപാരമേഖലയിൽ ഇതു തിരിച്ചടിയാവുമെന്നാണ് ആ രംഗത്തുള്ളവർ പറയുന്നത്. കെട്ടിടനികുതി, കെട്ടിടപെർമിറ്റ് ഫീസ് എന്നിവയും കൂട്ടിയിട്ടുണ്ട്. മദ്യത്തിന് കുപ്പിക്ക് 40 രൂപവരെയാണ് വർധന. ജി.എസ്.ടി. നഷ്ടപരിഹാരസെസും ദുരന്തനിവാരണ സെസും കേന്ദ്രം കൂട്ടിയതിനാൽ സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും വിലകൂടി. മരുന്നുവില കൂടുകയാണ്.
ലോക്ഡൗണിനുശേഷം പച്ചപിടിച്ചുവന്ന ഹോട്ടൽമേഖല വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത നിലയിലാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയ്ക്കൊപ്പം വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിനും അടിക്കടി വില വർധിക്കുകയാണ്. 2022 നവംബർമുതൽ ഈ മാർച്ചുവരെ നാലുതവണയാണ് വില കൂട്ടിയത്. അതിജീവനത്തിന് ഭക്ഷണവില ഇനിയും കൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. കോവിഡിനെത്തുടർന്ന് തൊഴിൽമേഖലയിലുണ്ടായ അനിശ്ചിതത്വം ആശങ്കപ്പെടുത്തുന്നതാണ്. കരാർത്തൊഴിലാളികളിൽ പലർക്കും ജോലി നഷ്ടപ്പെട്ടിരിക്കുന്നു. സ്ഥിരംജീവനക്കാരുടെ പല ആനുകൂല്യങ്ങളും പിടിച്ചുവെക്കുകയോ എടുത്തുകളയുകയോ ചെയ്യുകയാണ്. വിലക്കയറ്റം രൂക്ഷമാവുമ്പോഴും സംസ്ഥാനസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടുവർഷത്തിലേറെയായി കുടിശ്ശികയായി തുടരുന്നു. സാധനവിലവർധന കാരണം നിർമാണമേഖലയും സ്തംഭനത്തിലാണ്. കാർഷികമേഖലയിൽ കാലാവസ്ഥാമാറ്റങ്ങൾ വലിയ തിരിച്ചടികളുണ്ടാക്കുന്നു. കൃഷിചെയ്തുജീവിക്കാമെന്ന പ്രതീക്ഷ, കർഷകർ ഉപേക്ഷിച്ചമട്ടാണ്. എല്ലാവിഭാഗം ജനങ്ങളുടെയും തൊഴിലും വരുമാനവും അനിശ്ചിതത്വത്തിലായ കാലത്താണ് താങ്ങാവേണ്ട സർക്കാരുകൾ ഭാരംകൂട്ടാനിടയാകുന്ന നികുതിപരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. വിലക്കയറ്റത്തിൽനിന്ന് ആശ്വാസംപകരുന്ന നടപടികളും പാക്കേജുകളും പ്രഖ്യാപിച്ച് ജനങ്ങളുടെ ജീവിതപ്രയാസത്തിന് അറുതിയുണ്ടാക്കണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..