യുദ്ധകാലാടിസ്ഥാനത്തിൽ നേരിടണം, അത്യുഷ്ണത്തെ


2 min read
Read later
Print
Share

ഈ പോക്കുപോയാൽ ഏപ്രിലിൽ കേരളം വരണ്ടുണങ്ങും. കടുത്തവരൾച്ചയുടെ മുന്നറിയിപ്പാണ് പ്രകൃതിയിൽനിന്ന് മുഴങ്ങുന്നത്. ‘എൽനിനോ’ പ്രതിഭാസം ഇത്തവണയുമുണ്ടാകുമെന്നാണ് ആഗോള കാലാവസ്ഥാ സംഘടന പറയുന്നത്

.

ഒന്നേകാൽ നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അത്യുഷ്ണത്തിൽ തപിക്കുകയാണ് രാജ്യം. ഇനി വരാനിരിക്കുന്നത് ഇതിലും കൊടിയ ചൂടാണെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനൽകുന്നു. ആസന്നമായ ദുരന്തം എന്ന നിലയിൽത്തന്നെ കണ്ട് മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഉഷ്ണതരംഗ പ്രതിരോധകർമപദ്ധതിയും (ഹീറ്റ് ആക്‌ഷൻപ്ലാൻ) അടിമുടി പരിഷ്കരിക്കേണ്ടിയിരിക്കുന്നു.

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ കാലാവസ്ഥാമാറ്റം ഗുരുതരമായി ബാധിക്കാറില്ല. എന്നാൽ, മുൻവർഷങ്ങളെക്കാൾ ഇപ്പോൾ ചൂട് കാര്യമായി കൂടിവരുന്നുവെന്നത് യാഥാർഥ്യമാണ്. ഈവർഷം മാർച്ച് ആയപ്പോഴേക്കും ചൂട് അസഹ്യമായി. കഴിഞ്ഞ ഫെബ്രുവരിയിലേതിനെക്കാൾ 0.65 ഡിഗ്രി ചൂട് ഇത്തവണ കൂടിയതായാണ് കണക്ക്. ഈ പോക്കുപോയാൽ ഏപ്രിലിൽ കേരളം വരണ്ടുണങ്ങും. കടുത്തവരൾച്ചയുടെ മുന്നറിയിപ്പാണ് പ്രകൃതിയിൽനിന്ന് മുഴങ്ങുന്നത്. ‘എൽനിനോ’ പ്രതിഭാസം ഇത്തവണയുമുണ്ടാകുമെന്നാണ് ആഗോള കാലാവസ്ഥാസംഘടന പറയുന്നത്. അതുകൂടി വന്നാൽ നമ്മുടെ പ്രകൃതിയും ജീവിതവും എങ്ങനെ തകിടംമറിയുമെന്നു കണ്ടറിയണം.

ഹൈദരാബാദാണ് ഇന്ത്യയിൽ ആദ്യമായി ‘ഹീറ്റ് ആക്‌ഷൻ പ്ലാൻ’ (എച്ച്.എ.പി.) നടപ്പാക്കിയത്. 2013-ൽ തുടങ്ങിയ ഈ ഉഷ്ണകാലകർമപദ്ധതി മറ്റുനഗരങ്ങൾക്കും മാതൃകയായി. ഇതിന്റെ ചുവടുപിടിച്ച് 2020-ൽ കേരളം ഈ പദ്ധതി ആവിഷ്‌കരിച്ചു. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലായിരുന്നു ഇത്. എച്ച്.എ.പി. പ്രകാരമുള്ള പല നിർദേശങ്ങളും കേരളം നടപ്പാക്കിവരുന്നുണ്ട്. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക, ഉഷ്ണംകാരണമുണ്ടാകാനിടയുള്ള ശാരീരികപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, ജനങ്ങളെ ബോധവത്കരിക്കുക, തണലിടങ്ങളും വിശ്രമകേന്ദ്രങ്ങളുമൊരുക്കുക തുടങ്ങിയവയെല്ലാം അതിൽപ്പെടുന്നു. ജനത്തിനുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ പരിഹരിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും പ്രാഥമിക ആരോഗ്യപരിശീലനം നൽകണം എന്നൊരു നിർദേശംകൂടിയുണ്ടായിരുന്നു. അത് എത്രത്തോളം പ്രായോഗികമായി എന്നു വ്യക്തമല്ല.

അതതുകാലത്തെ ഉഷ്ണപ്രതിസന്ധിയെ നേരിടാനുള്ള പദ്ധതികളാണ് ഇവയെല്ലാം. ചൂട് കൂടിവരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഇനി ദീർഘകാലാടിസ്ഥാനത്തിലുള്ള കർമപദ്ധതികളാണു വേണ്ടത്. അത് രൂപപ്പെടുത്തേണ്ടത് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാവണം. 44 നദികളൊഴുകുന്ന ഒരു സംസ്ഥാനം മഴ നിലയ്ക്കുന്നതോടെ വരണ്ടുവേവുന്നത് ഒട്ടും ആശാസ്യമല്ല. പെയ്യുന്ന മഴവെള്ളം മുഴുവൻ രണ്ടുദിവസംകൊണ്ട് കടലിലെത്തുന്നെന്നത് നമ്മുടെ ജലസംഭരണപ്രവർത്തനങ്ങളുടെ പരാജയത്തെയാണ് കാണിക്കുന്നത്. വയലുകളും തണ്ണീർത്തടങ്ങളും ചതുപ്പുകളും ഇല്ലാതാക്കിയതിന്റെ ഫലമായി ആളോഹരി ജലലഭ്യതയിൽ വൻഇടിവാണ് കേരളത്തിലുണ്ടായത്. ഭൂഗർഭജല സ്രോതസ്സുകൾ ഇല്ലാതായി. ലഭിക്കുന്ന വെള്ളത്തിന്റെ ഒരംശമെങ്കിലും ഭൂമിയുടെ ഉപരിതലത്തിൽ പിടിച്ചുനിർത്തുന്നതിന് പദ്ധതികൾവേണം. ഓരോ പ്രദേശത്തും വേനൽക്കാലത്തേക്കാവശ്യമുള്ള വെള്ളം സംഭരിക്കേണ്ട ഉത്തരവാദിത്വം അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം. അവർ ജനകീയ സഹകരണത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റണം. മഴവെള്ളക്കൊയ്‌ത്തുപോലുള്ളവ കർശനമായി നടപ്പാക്കണം.

മഴയും വെള്ളപ്പൊക്കവും പോലെത്തന്നെ അസഹ്യമായ ചൂടും വരൾച്ചയും ഇനി അപ്രതീക്ഷിത ദുരന്തങ്ങളല്ല. എന്തും സംഭവിക്കാവുന്നതരത്തിൽ കാലാവസ്ഥ തകിടംമറിഞ്ഞുകഴിഞ്ഞു. ദീർഘവീക്ഷണത്തോടെ, ശാസ്ത്രീയമായി അതിനെ നേരിടുക മാത്രമാണ് പോംവഴി. പ്രളയത്തെ നേരിടാൻ നമ്മൾ കൈക്കൊണ്ടതുപോലൊരു കർമപദ്ധതി ഇനി എല്ലാവർഷവും വേനലിന്റെ കാര്യത്തിലും വേണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..