യാത്രക്കാരുടെ സുരക്ഷ റെയിൽവേയുടെ ഉത്തരവാദിത്വം


2 min read
Read later
Print
Share

ലോകത്തിലെത്തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളത്. മികച്ച വരുമാനമുള്ള പൊതുമേഖലാ സ്ഥാപനവും. എന്നിട്ടും അതിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ റെയിൽവേക്ക് കഴിയുന്നില്ലെന്നത് ലജ്ജാകരമാണ്, അതിലേറെ കുറ്റകരവും

.

രാജ്യംതന്നെ അന്ധാളിച്ചുപോയ ആക്രമണമാണ് കഴിഞ്ഞദിവസം ഓടുന്ന തീവണ്ടിയിൽ നടന്നത്. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ ഒരു അക്രമി യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തി. സംഭവത്തെത്തുടർന്ന് മൂന്നുപേരെ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒമ്പതുപേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ കയറി മനുഷ്യക്കുരുതി നടത്തിയ ആൾ നിഷ്‌പ്രയാസം രക്ഷപ്പെട്ടു. തീവണ്ടിയാത്രക്കാരുടെ ജീവന് തരിമ്പും വിലയില്ലാത്ത ദാരുണമായ അവസ്ഥ. ഏറ്റവും സുഗമവും സുരക്ഷിതവുമെന്ന് ജനം കരുതിയിരുന്ന തീവണ്ടിയാത്രയും ഭയാനകമാവുകയാണ്. ഇതാദ്യമല്ല കേരളത്തിൽ ഇത്തരമൊരനുഭവം. 2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സൗമ്യവധം നടന്നത്. എറണാകുളം -ഷൊർണൂർ പാസഞ്ചറിൽനിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ സൗമ്യയെ ഗോവിന്ദച്ചാമിയെന്ന കുറ്റവാളി ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അന്നും തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഗൗരവമായ ചർച്ചയ്ക്ക് വിധേയമായെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

അത്യാധുനിക സുരക്ഷാക്രമീകരണങ്ങളൊരുക്കാവുന്നവിധം സാമ്പത്തികാടിത്തറയുണ്ട് ഇന്ത്യൻ റെയിൽവേയ്ക്ക്. മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 42,370 കോടിയുടെ അധികവരുമാനമാണ് റെയിൽവേ നേടിയത്. കഴിഞ്ഞവർഷം യാത്രക്കാരിൽനിന്ന് മാത്രമുള്ള വരുമാനം 48,913 കോടി രൂപയാണെന്നാണ് റെയിൽവേ തന്നെ പുറത്തുവിട്ട കണക്ക്. റിസർവ് ചെയ്ത് യാത്രചെയ്യുന്നവർ ഈ കാലയളവിൽ 56 ശതമാനം വർധിച്ചു. ഇവരിൽനിന്നുള്ള വരുമാനം 38,483 കോടിയാണ്. റിസർവേഷനില്ലാത്തവരിൽനിന്ന് 10,430 കോടിയും. ഇതിനുപുറമേ ഒരിക്കലും ഉറപ്പില്ലാത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് നൽകി പ്രതിദിനം ഏഴുകോടി രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. തീവണ്ടിയിലെ ഭക്ഷണത്തിനുവരെ ഈയിടെ വില കുത്തനെ കൂട്ടി. ഇവിടെയെല്ലാം ചൂഷണം ചെയ്യപ്പെടുന്നത് യാത്രക്കാർതന്നെ.

റെയിൽവേയ്ക്ക് വരുമാനമുണ്ടാക്കാനുള്ള കറവപ്പശുക്കളല്ല യാത്രക്കാരെന്ന് അധികൃതർ ഓർക്കണം. അന്തസ്സും അവകാശങ്ങളുമുള്ള പൗരരാണവർ. പണം നൽകി യാത്രചെയ്യുന്നവർക്ക് സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം റെയിൽവേയ്ക്കുണ്ട്. ലാഭമുണ്ടാക്കാൻ ജീവനക്കാരെ വെട്ടിക്കുറയ്ക്കുമ്പോൾ യാത്രക്കാർ ബലിയാടാകരുത്. എലത്തൂരിൽ അക്രമമുണ്ടായ തീവണ്ടിയുടെ കമ്പാർട്ട്‌മെന്റിന് പരിസരത്തെവിടെയും ടി.ടി.ആറോ ആർ.പി.എഫ്. ഉദ്യോഗസ്ഥരോ ഉള്ളതായി ഒരു ദൃക്‌സാക്ഷിയും പറഞ്ഞിട്ടില്ല. റിസർവേഷൻ കമ്പാർട്ട്‌മെന്റ് ആർക്കും എപ്പോഴും കയറിവരാവുന്ന സത്രംപോലെയായിട്ട് കാലങ്ങളായി. കാര്യമായ ഒരു പരിശോധനയും നടക്കുന്നില്ല.

അടുത്തകാലത്തായി പുതിയബോഗികളും തീവണ്ടികളും പ്ലാറ്റ്‌ഫോമുകളും ജൈവശൗചാലയങ്ങളുമായി ഇന്ത്യൻ റെയിൽവേ മുഖം മിനുക്കിയിട്ടുണ്ട്. എന്നാൽ, അതിനെക്കാൾ പ്രധാനമാണ് യാത്രക്കാരുടെ സുരക്ഷ. ചില മെമു തീവണ്ടികളിലും എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടികളിലും മാത്രമാണ് ഇപ്പോൾ സി.സി.ടി.വി. ക്യാമറകളുള്ളത്. ഇത് ബാക്കി തീവണ്ടികളിലേക്കും വ്യാപിപ്പിക്കുന്നത് യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെല്ലാം ഗുണംചെയ്യും. ഏറ്റവും ചുരുങ്ങിയത് റിസർവേഷൻ കമ്പാർട്ട്‌മെന്റുകളിലെങ്കിലും അത് ഘടിപ്പിക്കണം. ഇതിലെ ദൃശ്യങ്ങൾ പ്രധാന സ്റ്റേഷനുകളിൽനിന്നെല്ലാം നിരീക്ഷിക്കാൻ കഴിയണം. കമ്പാർട്ട്‌മെന്റുകളിൽ പരിശോധന കർശനമാക്കേണ്ടതുണ്ട്. രാത്രിപരിശോധനയ്ക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ടിക്കറ്റില്ലാത്ത യാത്ര പൂർണമായി തടയണം. ടിക്കറ്റെടുക്കാത്ത യാത്ര താരതമ്യേന കുറഞ്ഞ മേഖലയാണ് ദക്ഷിണറെയിൽവേ. കേരളംപോലുള്ള സംസ്ഥാനങ്ങളിലെ യാത്രക്കാരുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്.

ലോകത്തിലെത്തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളത്. മികച്ച വരുമാനമുള്ള പൊതുമേഖലാ സ്ഥാപനവും. എന്നിട്ടും അതിലെ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ റെയിൽവേക്ക് കഴിയുന്നില്ലെന്നത് ലജ്ജാകരമാണ്, അതിലേറെ കുറ്റകരവും.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..