നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന വിധി


2 min read
Read later
Print
Share

ആൾക്കൂട്ടക്കൊലകൾ തടയാനും കുറ്റവാളികൾക്ക്‌ പരമാവധിശിക്ഷ ഉറപ്പാക്കാനുമുതകുന്ന പ്രത്യേക നിയമനിർമാണത്തെക്കുറിച്ചും കേരളം ആലോചിക്കണം. ഇനിയൊരു മധുവിനെ ആൾക്കൂട്ടത്തിന്റെ ക്ഷിപ്രകോപത്തിനും അന്ധനീതിക്കും വിട്ടുകൊടുക്കാനാവില്ല

.

അട്ടപ്പാടി മധു കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന മണ്ണാർക്കാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയുടെ കണ്ടെത്തൽ കേരളം കാത്തിരുന്ന ആശ്വാസവിധിയാണ്. കേരളക്കരയിലുള്ളവർ അന്നേവരെ കണ്ടിട്ടില്ലാത്തവിധമൊരു നരഹത്യയാണ് 2018 ഫെബ്രുവരി 22-ന് അട്ടപ്പാടിയിൽ നടന്നത്. മധു എന്ന നിരാലംബനായ ആദിവാസിയുവാവിനെ ആളുകൾ കൂട്ടംചേർന്ന്‌ മർദിച്ചുകൊല്ലുകയാണുണ്ടായത്. അലഞ്ഞുതിരിയുന്ന, ഏറിയകൂറും വനത്തിനുള്ളിൽ ജീവിക്കുന്ന, ഭദ്രമായ മനോനിലയില്ലാത്ത ഈ യുവാവ് സമീപത്തെ കടകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം നിഷ്ഠുരമായ മർദനമേൽപ്പിച്ചത്.

‘ആൾക്കൂട്ടനീതി’യെന്നത് ഒരു പരിഷ്കൃതസമൂഹത്തിനും വെച്ചുപൊറുപ്പിക്കാനാവാത്ത മഹാപാതകമാണ്. തെറ്റുകൾ കണ്ടെത്തുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനും നാട്ടിൽ വ്യവസ്ഥാപിതമായ നിയമപാലന-നീതിനിർവഹണ സംവിധാനങ്ങളുണ്ട്. അവയെ ഉല്ലംഘിച്ചുകൊണ്ട് പൗരന്മാർ ഒറ്റയ്ക്കോ കൂട്ടംചേർന്നോ സ്വേച്ഛാപ്രകാരമുള്ള ‘നീതിനിർവഹണ’ത്തിനുമുതിരുന്നത് കാടത്തമാണ്. ആരോപിതമായ ഒരു കുറ്റത്തെ മറ്റൊരു കുറ്റംകൊണ്ട്‌ നേരിടലാവുമത്. ഏറ്റവും മിതമായിപ്പറഞ്ഞാൽ, നിയമവാഴ്ചയുടെ ലംഘനമാണത്.

മധുവിനും കുടുംബത്തിനും നീതി നിഷേധിക്കപ്പെടുമോ എന്ന് ആശങ്കജനിപ്പിക്കുംവിധം കല്ലും മുള്ളും നിറഞ്ഞതായിരുന്നു ഈ കേസിന്റെ നാൾവഴി. സംഭവത്തിന്റെ ദൃശ്യങ്ങൾ കുറ്റവാളികൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധപതിയുകയുംചെയ്തതുകൊണ്ടാണ് കേസിൽ 16 പേരെ താമസംവിനാ അറസ്റ്റുചെയ്യാൻ പോലീസ് ശുഷ്കാന്തികാട്ടിയതുതന്നെ. 2018 മേയിൽ കേസിൽ കുറ്റപത്രമായെങ്കിലും വിചാരണതുടങ്ങിയത് നാലുകൊല്ലത്തിനുശേഷമാണ്. ആദ്യം വിചാരണക്കോടതിയിൽ ന്യായാധിപനില്ലാത്തതും പിന്നീട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ കാലതാമസമുണ്ടായതും ഇതിനുകാരണമായി. എസ്.പി.പി.മാരായി നിയമിക്കപ്പെട്ട രണ്ടുപേർ ഉത്തരവാദിത്വം പൂർത്തിയാക്കാതെ പിൻവാങ്ങിയതും കേസിന്‌ ദോഷമായി. വാദിഭാഗത്തിന്റെ 24 സാക്ഷികൾ വിചാരണഘട്ടത്തിൽ കൂറുമാറിയതാണ് അതിനെക്കാൾ വലിയ തിരിച്ചടിയായത്. ഏതൊരു ശുഭാപ്തിവിശ്വാസിയെയും വിഷണ്ണനാക്കാൻപോന്ന സംഭവവികാസങ്ങളായിരുന്നു ഇതൊക്കെ. ഈ പ്രതികൂലാവസ്ഥകൾക്കിടയിലും നിയമപോരാട്ടത്തിൽ ഉറച്ചുനിന്ന മധുവിന്റെ കുടുംബവും കേസിനെ വിജയത്തിലെത്തിച്ച ഇപ്പോഴത്തെ എസ്.പി.പി. രാജേഷ് എം. മേനോനും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിച്ച പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറും അനുമോദനമർഹിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസിസമൂഹം നേരിടുന്ന വറുതിയുടെയും നീതിനിഷേധങ്ങളുടെയും പ്രതീകമാണ് മധു എന്നതും ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടതുണ്ട്. ഇവരുടെ ക്ഷേമവും ഉത്കർഷവും ലക്ഷ്യമിട്ട്‌ സർക്കാരുകൾ വകയിരുത്തുന്ന വിഭവങ്ങളൊന്നും വേണ്ടവിധത്തിൽ വിനിയോഗിക്കപ്പെടുന്നില്ല. ബഹുവിധ ചൂഷണങ്ങൾക്കാണ് ഇന്നും ഈ സമൂഹം ഇരയാക്കപ്പെടുന്നത്. ഇതിനൊക്കെ പരിഹാരംകാണാനുതകുന്ന ഒരു സമഗ്രപദ്ധതി വിഭാവനംചെയ്യാൻ ഒട്ടും വൈകിക്കൂടാ.

ക്രിമിനൽക്കേസുകളിലെ സാക്ഷികൾക്ക്‌ മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനായി 2018-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി, സുപ്രീംകോടതി അംഗീകരിച്ച പദ്ധതിയായ ‘വിറ്റ്‌നസ് പ്രൊട്ടക്‌ഷൻ സ്കീം’ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ കേസ് വിരൽച്ചൂണ്ടുന്നു. നീതിയുടെ കണ്ണും കാതുമെന്നാണ്‌ സാക്ഷികളെ വിശേഷിപ്പിക്കാറുള്ളത്. മധു കേസിൽ 24 വാദിഭാഗം സാക്ഷികൾ കൂറുമാറിയെന്നത്‌ നിസ്സാരമായി കാണാനാവില്ല. ഭീഷണികൾക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങാതെ സാക്ഷികൾക്ക്‌ കോടതിയിൽ മൊഴിനൽകാൻ സാഹചര്യമുണ്ടാവണം. കേന്ദ്രത്തിന്റെ ‘സാക്ഷിസംരക്ഷണപദ്ധതി’ അർഥപൂർണമായി നടപ്പാക്കാൻ കേരളസർക്കാർ തയ്യാറാവണം. ആൾക്കൂട്ടക്കൊലകൾ തടയാനും കുറ്റവാളികൾക്ക്‌ പരമാവധിശിക്ഷ ഉറപ്പാക്കാനുമുതകുന്ന പ്രത്യേക നിയമനിർമാണത്തെക്കുറിച്ചും കേരളം ആലോചിക്കണം. ഇനിയൊരു മധുവിനെ ആൾക്കൂട്ടത്തിന്റെ ക്ഷിപ്രകോപത്തിനും അന്ധനീതിക്കും വിട്ടുകൊടുക്കാനാവില്ല.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..