.
തീവണ്ടിയാത്രികരിൽ ആശങ്കപടർത്തിയ തീവെപ്പുകേസിൽ ഒടുവിൽ പ്രതി പിടിയിലായി. ഞായറാഴ്ച രാത്രി എലത്തൂരിൽവെച്ച് ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യാത്രികരെ പെട്രോളൊഴിച്ച് തീയിട്ടെന്നാരോപിക്കപ്പെടുന്ന ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിൽവെച്ചാണ് അറസ്റ്റുചെയ്തത്. ഡൽഹി ഷാഹിൻബാഗ് സ്വദേശിയായ ഇയാളെ മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധസേന രത്നഗിരിയിലെ ആശുപത്രിയിൽനിന്നാണ് പിടികൂടിയത്. കേരളാ-മഹാരാഷ്ട്രാ പോലീസ്‌സേനകളും കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ചേർന്ന് വിരിച്ച വലയിൽ ഷാരൂഖ് കുടുങ്ങുകയായിരുന്നു. സംഭവം നടന്ന് മൂന്നുദിവസത്തിനുള്ളിൽത്തന്നെ പ്രതിയെ പിടിച്ച പോലീസ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അതോടൊപ്പം ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ ഇന്ത്യൻ റെയിൽവേ അടിയന്തരമായി കൈക്കൊള്ളേണ്ടതുണ്ട്.
എത്ര വിദഗ്ധമായ കുറ്റകൃത്യത്തിലും ചില തെളിവുകൾ അവശേഷിക്കുമെന്ന, കുറ്റാന്വേഷണത്തിന്റെ അടിസ്ഥാന തത്ത്വം ഇവിടെ ഒരിക്കൽക്കൂടി സാധൂകരിക്കപ്പെടുകയാണ്. പ്രതിയുടേതെന്ന് കരുതുന്ന ബാഗിലുണ്ടായിരുന്ന സാധനസാമഗ്രികളും മൊബൈൽഫോണുമെല്ലാം കേന്ദ്രീകരിച്ചുനടന്ന അന്വേഷണം തന്നെയാണ് ഷാരൂഖിലേക്ക് പോലീസിനെ എത്തിച്ചത്. രാജ്യം മുഴുവൻ ജാഗ്രതാനിർദേശം നൽകി. ദൃക്സാക്ഷികളിൽനിന്ന് കിട്ടിയ വിവരങ്ങൾവെച്ച് പ്രതിയുടെ രേഖാചിത്രമുണ്ടാക്കി പ്രചരിപ്പിച്ചു. പൊള്ളലേറ്റിരിക്കാമെന്ന കണക്കുകൂട്ടലിൽ എല്ലാ ആശുപത്രികളിലും മുന്നറിയിപ്പുനൽകി. ഇതരസംസ്ഥാനത്തൊഴിലാളികളുടെ കേന്ദ്രങ്ങളിലെല്ലാം സൂക്ഷ്മനിരീക്ഷണമുണ്ടായി. ഇങ്ങനെ പഴുതടച്ച വേട്ടയ്ക്കൊടുവിൽ പ്രതി കുടുങ്ങുകയായിരുന്നു.
പ്രതി പിടിയിലായെങ്കിലും ചോദ്യങ്ങളും സംശയങ്ങളും ഇനിയും ബാക്കിയാണ്. കണ്ണൂരിൽനിന്ന് തീവണ്ടികയറുമ്പോൾ ഇയാൾ എന്തുകൊണ്ട് പോലീസിന്റെ കണ്ണിൽപ്പെട്ടില്ല. കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ. ഷാരൂഖിന്റെ ലക്ഷ്യമെന്തായിരുന്നു. ഇയാൾക്ക് ഏതെങ്കിലും തീവ്രവാദസംഘടനയുമായി ബന്ധമുണ്ടോ. ട്രാക്കിൽ മരിച്ചനിലയിൽ കാണപ്പെട്ടവർ യഥാർഥത്തിൽ എങ്ങനെയാണ് മരിച്ചത് തുടങ്ങി ഒരുപാട് കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. പ്രതിയെ വിശദമായി ചോദ്യംചെയ്യുമ്പോൾ ഇവയ്ക്ക് ഉത്തരമുണ്ടായേക്കും.
പരിഹരിക്കപ്പെടാതെ കിടക്കുന്നത് തീവണ്ടിയാത്രക്കാരുടെ ആശങ്കകൾ തന്നെയാണ്. ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും പരിഹാരമായി റെയിൽവേ ചില പ്രഖ്യാപനങ്ങൾ നടത്തും. സംഭവത്തിന്റെ തീവ്രത കുറയുന്നതോടെ അവ ഓരോന്നായി വിസ്മരിക്കും. എലത്തൂരിൽ തീവണ്ടിയിൽ തീയിട്ട് ഒരുപാടുസമയം കഴിഞ്ഞാണ് സുരക്ഷാസേനയും ടി.ടി.ആറുമെല്ലാം എത്തിയതെന്ന് ആരോപണമുണ്ട്. പല ഡിവിഷനുകളിലും ആവശ്യത്തിന് ആർ.പി.എഫുകാരില്ല. റിസർവ് കമ്പാർട്ടുമെന്റുകളിൽപ്പോലും ആർക്കും എപ്പോൾവേണമെങ്കിലും കയറിയിറങ്ങാം. എല്ലാ കോച്ചുകളിലും ഘട്ടംഘട്ടമായി സി.സി.ടി.വി. ക്യാമറകൾ ഘടിപ്പിക്കുക മാത്രമാണ് പരിഹാരം. 11,000 തീവണ്ടികളിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുമെന്ന് നാലുവർഷംമുമ്പ് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഓരോ കോച്ചിലും എട്ട് ക്യാമറകൾ വീതം സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ആ പദ്ധതി ഇപ്പോഴും പൂർണമായി ലക്ഷ്യം കണ്ടിട്ടില്ല. ഒമ്പതിനായിരത്തോളം റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇതും പൂർത്തിയാവാതെ കിടക്കുകയാണ്. ഉള്ള ക്യാമറകളിൽ പലതും പ്രവർത്തിക്കുന്നില്ല. തീവണ്ടിയിലെ സ്ത്രീസുരക്ഷയ്ക്ക് വനിതാ ആർ.പി.എഫിന്റെ സഹായത്തോടെ തുടങ്ങിയ ‘മേരി സഹേലി’ പദ്ധതിയും കോവിഡ് കാലത്തിനുശേഷം ഫലപ്രദമല്ല. വണ്ടിയുടെ വേഗംകുറയുമ്പോൾ ചാടിക്കയറാനും ചാടിയിറങ്ങാനും ഇപ്പോൾ ഒരു തടസ്സവുമില്ല. ചില തീവണ്ടികളിൽ മാത്രമേ കമ്പാർട്ട്മെന്റുകളുടെ വാതിൽ ലോക്കോ പൈലറ്റ് നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ളൂ. ഈ സൗകര്യം മറ്റു തീവണ്ടികളിലേക്കും വ്യാപിപ്പിച്ചാൽ ഇത്തരം കടന്നുകയറ്റം നിയന്ത്രിക്കാം.
കാലത്തിനനുസരിച്ച് റെയിൽവേയും പരിഷ്കരിക്കപ്പെടണം. വികസിതരാജ്യങ്ങളിലെ റെയിൽവേ സമ്പ്രദായം ഇക്കാര്യത്തിൽ നമുക്ക് മാതൃകയാവണം. സാമ്പത്തിക പ്രയാസം പറഞ്ഞ് ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിയാൻ റെയിൽവേക്ക് കഴിയില്ല. വൻലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണെങ്കിലും ആധുനികീകരണത്തിന്റെ കാര്യത്തിൽ ഇന്ത്യൻ റെയിൽവേക്ക് വേഗം കുറവാണ്. യാത്രക്കാരുടെ ജീവൻവെച്ച് പന്താടാതെ ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. യാത്രക്കാർക്ക് വാഗ്ദാനം നൽകുന്ന ‘ശുഭയാത്ര’ സാർഥകമാക്കാൻ റെയിൽവേ തയ്യാറാവണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..