ജനാധിപത്യത്തിന്‌ കരുത്തേകുന്ന വിധി


2 min read
Read later
Print
Share

നിയമവ്യവസ്ഥയെക്കുറിച്ച് പ്രതീക്ഷയുയർത്തുന്ന വിധിയാണിത്. മാധ്യമസ്വാതന്ത്ര്യവും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന വിധി. രാജ്യത്തിന്റെയും ജനതയുടെയും വിജയമായി ഈ വിധി മാറുന്നതും അതുകൊണ്ടാണ്

.

‘കരുത്താർന്ന ജനാധിപത്യത്തിന് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണ്. സത്യം വിളിച്ചുപറയാനും പരുക്കൻ യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കാനും മാധ്യമങ്ങൾക്ക്‌ ബാധ്യതയുണ്ട്. വിമർശനപരമായ നിലപാട് വ്യവസ്ഥിതിക്ക് എതിരാണെന്ന്‌ വിലയിരുത്താനാവില്ല. മാധ്യമങ്ങൾ സർക്കാരിനെ പിന്തുണയ്ക്കണമെന്ന നിലപാട് സ്വീകരിക്കാനുമാവില്ല’ -ജനാധിപത്യ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് പരമോന്നതനീതിപീഠം കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവ്, ഇരുൾമൂടുന്ന കാലത്തെ വെളിച്ചമാണ്. കേന്ദ്രസർക്കാർ പ്രവർത്തനാനുമതി നിഷേധിച്ച മീഡിയവൺ ചാനലിന് നീതി ലഭിച്ചു എന്നതിനപ്പുറം വർത്തമാനകാല ഇന്ത്യയിൽ വലിയ മാനങ്ങളാണ് ഈ വിധിക്കുള്ളത്. 180 രാജ്യങ്ങളിലെ മാധ്യമങ്ങളുടെ പ്രവർത്തന സാഹചര്യം വിലയിരുത്തി ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്’ എന്ന സംഘടന തയ്യാറാക്കിയ 2022-ലെ ആഗോള മാധ്യമസ്വാതന്ത്ര്യസൂചികയിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ. മുൻവർഷം 142-ാം സ്ഥാനത്തും. 2016-ലെ 133 എന്ന പദവിയിൽനിന്നാണ് അതിവേഗമുള്ള പിന്നോട്ടടിയെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യൻ ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യത്തെ അംഗീകരിക്കണമെന്നും വിമർശനാത്മക റിപ്പോർട്ടുകളുടെ പേരിൽ തടങ്കലിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ മോചിപ്പിക്കണമെന്നും സംഘടന അവരുടെ വെബ്‌സൈറ്റിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേ പ്രയോഗിക്കുന്നുണ്ടെന്നത് ബോധ്യപ്പെട്ടുകൊണ്ടുള്ള വിധിയാണ് സുപ്രീംകോടതി ഇപ്പോൾ നടത്തിയത്. ദേശസുരക്ഷ ലാഘവത്തോടെ ഉപയോഗിക്കേണ്ട ഒന്നല്ല എന്നും നിയമപ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കാൻ ഈ വകുപ്പ് ഉപകരണമാക്കുന്നത് നീതിവ്യവസ്ഥയുമായി ചേർന്നുപോവുന്നതല്ലെന്നും കോടതി അടിവരയിടുന്നു. മുദ്രവെച്ച കവർപോലുള്ള സുതാര്യമല്ലാത്ത നടപടികളെയും വിധിയിലൂടെ കോടതി വിമർശനവിധേയമാക്കുന്നുണ്ട്.

സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും വിമർശിക്കുന്നത് ദേശവിരുദ്ധമല്ലെന്ന സുപ്രീംകോടതി പരാമർശം മാധ്യമങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. രാജ്യത്തെ ഗുരുതര കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി നൽകിയ തലക്കെട്ടിന്റെ പേരിൽ ഒരു പത്രാധിപർക്ക് നഷ്ടമായത് ജോലിതന്നെയാണ്. തന്റെ സ്വന്തം നാട്ടിലെ വികസനപ്രശ്നങ്ങൾ സംബന്ധിച്ച് മന്ത്രിക്കുമുന്നിൽ ചോദ്യങ്ങളുയർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റുചെയ്ത്‌ സ്റ്റേഷനിലേക്ക് കെട്ടിവലിച്ചത് ആഴ്ചകൾക്കുമുമ്പാണ്. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിനുണ്ടായ വീഴ്ച മാധ്യമംവഴി തുറന്നുപറഞ്ഞതിന്റെ പേരിലാണ് കേരളത്തിൽ ഒരു സർക്കാർ സ്കൂൾ അധ്യാപകൻ ഇന്നും അച്ചടക്കവാൾമുനയിൽ തുടരുന്നത്.ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമാത്രമല്ല രാഷ്ട്രീയ പാർട്ടികളിൽനിന്നും സംഘടിത സ്ഥാപനങ്ങളിൽനിന്നുമെല്ലാം മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിമർശനങ്ങളോടും വിയോജിപ്പുകളോടുമുള്ള കടുത്ത അസഹിഷ്ണുതയെന്ന ജനാധിപത്യവിരുദ്ധതയിലേക്ക് ഇവർ നീങ്ങുന്നത് അപകടമാണ്. തങ്ങൾക്ക്‌ ഹിതമായതുമാത്രം പറയണമെന്ന നിർബന്ധബുദ്ധി ആരോഗ്യമുള്ള ജനാധിപത്യസംവിധാനത്തിന്‌ നിരക്കുന്ന കാര്യമല്ല. മാധ്യമപ്രവർത്തകർക്കുനേരെയുള്ള വിദ്വേഷപ്രചാരണങ്ങൾ, സാംസ്കാരികഭൂമികയെന്ന്‌ അവകാശപ്പെടുന്ന കേരളത്തിൽപ്പോലും ഏറിവരുകയാണ്.

ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിൽ നീതിന്യായസംവിധാനങ്ങൾ മാധ്യമങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞ ചരിത്രസന്ദർഭങ്ങൾ നേരത്തേയുമുണ്ടായിട്ടുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയോ ഇല്ലായ്മചെയ്യുകയോ ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾമാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തെ ഭരണകൂടം നിയന്ത്രിക്കാവൂ എന്ന് 1950-ൽ ‘ക്രോസ് റോഡ്’ പത്രത്തിന്റെ നിരോധനം റദ്ദുചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. അതിന്റെ തുടർച്ചയെന്നോണം, ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ പ്രസക്തി മാനിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇക്കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചും പുറപ്പെടുവിച്ചത്. ജനാധിപത്യ ഇന്ത്യയുടെ ഭാവിയിൽ ആശങ്കപ്പെടുന്നവർക്ക് ആശ്വാസമേകുന്ന സന്ദർഭം. നിയമവ്യവസ്ഥയെക്കുറിച്ച് പ്രതീക്ഷയുയർത്തുന്ന വിധിയാണിത്. മാധ്യമസ്വാതന്ത്ര്യവും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന വിധി. രാജ്യത്തിന്റെയും ജനതയുടെയും വിജയമായി ഈ വിധി മാറുന്നതും അതുകൊണ്ടാണ്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..