.
വേനലവധിക്കാലത്ത് നാട്ടിലെത്താൻ ഇത്തവണയും നട്ടംതിരിയേണ്ട ദുരവസ്ഥയിലാണ് മലയാളികൾ. വിഷു, പെരുന്നാൾ സമയമടുത്തതോടെ വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമുള്ള യാത്ര അതിദുഷ്കരമായി. ആവശ്യത്തിന് വാഹനങ്ങളില്ല. ഉള്ളതിൽത്തന്നെ ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റുകൾക്കാണെങ്കിൽ കൊള്ളവിലയും. ആകാശത്തും ഭൂമിയിലും ഒരുപോലെ ചൂഷണം ചെയ്യപ്പെടുകയാണ് കേരളീയർ.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാനനഗരങ്ങളിൽ നിന്നൊന്നും നിലവിൽ തീവണ്ടിയിൽ ടിക്കറ്റ് കിട്ടാനില്ല. രണ്ടുംമൂന്നും മാസംമുമ്പ് റിസർവ് ചെയ്തവരാണ് ഇപ്പോൾ നാട്ടിൽ വന്നുകൊണ്ടിരിക്കുന്നത്. ഇതു മുതലെടുത്ത് സ്വകാര്യബസുകൾ വൻ കൊള്ള തുടങ്ങി. ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് ചിലസ്വകാര്യബസുകൾ നാലായിരം രൂപ വരെ ഇൗടാക്കുന്നുണ്ട്. ഈസ്റ്ററിനോടനുബന്ധിച്ച് അഞ്ചും ആറും തീയതികളിൽ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തിയിരുന്നു. വിഷുവിന് ഇതുവരെ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. രണ്ടിടങ്ങളിലേക്കും റെയിൽവേയും ഓരോ പ്രത്യേക സർവീസ് തുടങ്ങിയിട്ടുണ്ട്. എന്നാൽ, മലയാളി വിദ്യാർഥികളടക്കമുള്ള പതിനായിരങ്ങൾക്ക് നാട്ടിലെത്താൻ ഇതൊന്നും പരിഹാരമാവുന്നില്ല.
ബെംഗളൂരുവിൽ നിന്നുള്ള അവസ്ഥയും ഇതുതന്നെ. സ്വകാര്യ ബസുകൾ ഇതിനകം ചാർജ് ഇരട്ടിയിലധികം കൂട്ടി. കൊച്ചിയിലേക്ക് വിമാനത്തിൽ പോകുന്ന തുക ബസിന് കൊടുക്കേണ്ട സ്ഥിതിയായി. കേരളത്തിന്റെയും കർണാടകത്തിന്റെയും ട്രാൻസ്പോർട്ട് ബസുകൾ ഉണ്ടായിട്ടും തിരക്ക് തീരുന്നില്ല. ആകെ ഒന്നോ രണ്ടോ തീവണ്ടി സർവീസേയുള്ളൂ. അതെല്ലാം മാസങ്ങൾക്കു മുമ്പുതന്നെ ബുക്ക് ചെയ്തുകഴിഞ്ഞു. രാത്രിയാത്രാ നിരോധനം ബെംഗളൂരുവിൽ നിന്നുള്ള യാത്രാപ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
മലബാറിലുള്ളവരാണ് രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് മലബാറിലേക്ക് തീവണ്ടിസർവീസുകൾ വളരെ കുറവാണ്. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ്, ചെന്നൈ-മംഗളൂരു മെയിൽ എന്നിങ്ങനെ രണ്ട് വണ്ടികളേ ചെന്നൈയിൽനിന്ന് മലബാറിലേക്കുള്ളൂ. . സൂപ്പർഫാസ്റ്റിൽ രണ്ട് കോച്ചുകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ, ഇതുവരെ റെയിൽവേ അതിന് അനുവാദം നൽകിയിട്ടില്ല. വിഷുത്തിരക്കിനോടനുബന്ധിച്ച് ചെന്നൈ സെൻട്രലിൽനിന്ന് കണ്ണൂരിലേക്ക് ഒരു സൂപ്പർഫാസ്റ്റ് വണ്ടി പ്രത്യേക സർവീസ് നടത്തുന്നുണ്ടെന്നതാണ് ഏക ആശ്വാസം. ആകാശക്കൊള്ളയാണ് അതിലേറെ ഭീകരം. നാട്ടിൽ സ്കൂളുകൾ അടച്ചതിനാൽ പ്രവാസികുടുംബങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സമയമാണിത്. ടിക്കറ്റ് നിരക്കിൽ വർധന ആകാശത്തോളമാണ്. അതിനിടയിൽ എയർഇന്ത്യ വലിയവിമാനങ്ങൾ പിൻവലിച്ചു. അതോടെ കോഴിക്കോട്ട് നിന്നുമാത്രം ആഴ്ചയിൽ അഞ്ഞൂറോളം സീറ്റുകൾ കുറഞ്ഞു. എയറിന്ത്യയുടെ കൊച്ചിയിൽനിന്നുള്ള ഡ്രീം ലൈനറും പിൻവലിച്ചു. 250- ഓളം സീറ്റുകൾ ഇതിലുണ്ടായിരുന്നു. അവിടത്തെ 21 സർവീസ് ഏഴാക്കിച്ചുരുക്കി. കോഴിക്കോട്ടെ മൂന്ന് സർവീസ് പിൻവലിച്ചു. വിദേശവിമാനക്കമ്പനികൾക്കാണെങ്കിൽ ഇതുവരെ അനുമതിയും നൽകിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് ആറായിരം രൂപയുണ്ടായിരുന്ന ടിക്കറ്റിന് 36,000 രൂപവരെ ഇപ്പോൾ വാങ്ങുന്നുണ്ട്.
ജോലിയുടെയും പഠനത്തിന്റെയും സമ്മർദത്തിനിടയിൽ കുറച്ചുദിവസം കുടുംബത്തോടൊപ്പം ഉല്ലസിക്കാനാണ് മലയാളികൾ ഈ ത്യാഗമെല്ലാം സഹിക്കുന്നത്. മറ്റ് സംസ്ഥാനത്തുള്ളവർക്കില്ലാത്ത കഷ്ടപ്പാടുകളാണ് യാത്രയിൽ കേരളീയർ അനുഭവിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരംവേണം. മുമ്പൊക്കെ ഉത്സവക്കാലത്ത് രണ്ടോ മൂന്നോ ആഴ്ചമുമ്പുതന്നെ റെയിൽവേ പ്രത്യേക തീവണ്ടികൾ പ്രഖ്യാപിക്കുമായിരുന്നു. അപ്പോൾ യാത്രക്കാർക്ക് അതിനായി ഒരുങ്ങാനാവും. ഇപ്പോൾ ദിവസങ്ങൾക്കുമുമ്പു മാത്രമാണ് പ്രത്യേകതീവണ്ടികളെക്കുറിച്ച് അറിയിപ്പുവരുന്നത്. വടക്കേ ഇന്ത്യയിലേക്ക് പ്രത്യേക തീവണ്ടിവേണമെന്ന മലയാളികളുടെ ആവശ്യത്തിനോട് ഇതുവരെ റെയിൽവേ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിലൊക്കെ സംസ്ഥാനത്തെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. തിരക്കുള്ള സീസണുകളിൽ കെ.എസ്.ആർ.ടി.സി. ആവശ്യമനുസരിച്ച് സർവീസ് നടത്തണം. നഷ്ടത്തിലാണെന്ന് പറയുമ്പോഴും ഇത്തരം സന്ദർഭങ്ങൾ കോർപ്പറേഷൻ പ്രയോജനപ്പെടുത്തുന്നില്ല. തിരക്കുള്ള സമയങ്ങളിൽ സ്വകാര്യബസുകളുടെ ചൂഷണത്തെ നിയന്ത്രിക്കാനും സംവിധാനം വേണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..