സ്തംഭനമല്ല, വേണ്ടത് സംവാദം


2 min read
Read later
Print
Share

പാർലമെന്റ് സമ്മേളനങ്ങൾ ബഹളത്തിൽ മുങ്ങുകയും ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ബില്ലുകൾ പാസാക്കി അവസാനിക്കുന്നതും ഇരുപത് വർഷത്തിനിടെ പതിവായിരിക്കുന്നു

.

പ്രവർത്തനക്ഷമതയിൽ അഞ്ചുകൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രകടനമെന്ന നാണക്കേടിന്റെ പ്രോഗ്രസ് കാർഡുമായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചത്. ഒരു വർഷംമാത്രം ബാക്കിയുള്ള 17-ാം ലോക്‌സഭ പൂർത്തിയാകുമ്പോഴേക്കും 1952-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും മോശം പ്രകടനമെന്ന മറ്റൊരു ‘പൊൻതൂവൽ’ കൂടി സ്വന്തമാക്കുമെന്നത് ഏറക്കുറെ ഉറപ്പാണെന്ന് പാർലമെന്റ് നടപടികൾ നിരീക്ഷിക്കുന്ന സ്വതന്ത്രസംവിധാനമായ പി.ആർ.എസ്. ലജിസ്ലേറ്റീവിന്റെ രേഖകൾ പറയുന്നു. നിശ്ചയിച്ച 133.6 മണിക്കൂറിൽ 45 മണിക്കൂർമാത്രമാണ് ലോക്‌സഭ ചേർന്നത്. 130 മണിക്കൂർ നിശ്ചയിച്ച രാജ്യസഭ സമ്മേളിച്ചത് വെറും 31 മണിക്കൂർ. 2023-ലെ ധനബിൽ, ജമ്മുകശ്മീർ അപ്രോപ്രിയേഷൻ ബിൽ തുടങ്ങി ആറ് പ്രധാന ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.
ആദ്യത്തെ സംഭവമല്ല ഇത്. പാർലമെന്റ് സമ്മേളനങ്ങൾ ബഹളത്തിൽ മുങ്ങുകയും ഫലപ്രദവും സുതാര്യവുമായ ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ബില്ലുകൾ പാസാക്കി അവസാനിക്കുന്നതും ഇരുപത് വർഷത്തിനിടെ പതിവായിരിക്കുന്നു. രാഹുൽഗാന്ധിയുടെ അയോഗ്യതയും അദാനിവിഷയവുമാണ് പാർലമെന്റ് സ്തംഭിപ്പിക്കാൻ ഇത്തവണ പ്രതിപക്ഷത്തിന് ആയുധമായതെങ്കിൽ ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ലണ്ടനിൽവെച്ച് നടത്തിയ പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും സഭാ നടപടികൾ മുടക്കി. സ്തംഭിപ്പിക്കലല്ല സംവാദമാണ് പാർലമെന്റിൽ വേണ്ടതെന്ന് ഭരണപക്ഷത്തുള്ളപ്പോൾ തരാതരം വാദിക്കുകയും പ്രതിപക്ഷത്തെത്തുമ്പോൾ ആ തത്ത്വം മറക്കുകയും ചെയ്യുന്നുവെന്നതാണ് ചരിത്രത്തിൽ കാണുന്നത്.

ആഴത്തിലുള്ള ചർച്ചകളാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ നിർണയിക്കുന്നതെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മറക്കുന്നിടത്ത് സഭാതലങ്ങൾ യുദ്ധക്കളമാകും. നിയമനിർമാണ സഭകളിലെ നടപടികൾ തടസ്സപ്പെടുന്നത് ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്നോട്ടുപോകാൻ ഭരണപക്ഷത്തെ കൂടുതൽ സഹായിക്കുമെന്ന വസ്തുത പ്രതിപക്ഷത്തുള്ളവർ സൗകര്യപൂർവം മറക്കുന്നു. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യോത്തരവേളയോ ശൂന്യവേളയോ ആണ് പലപ്പോഴും ബഹളത്തിൽ മുങ്ങുന്നത്. തങ്ങളെ സഭയിലേക്ക് തിരഞ്ഞെടുത്ത ജനങ്ങൾക്കുവേണ്ടി സംസാരിക്കാനുള്ള സമയമാണ് ഇത്തരത്തിൽ നഷ്ടമായിപ്പോകുന്നതെന്ന് സാമാജികർ മനസ്സിലാക്കണം. നിരന്തരം ഈ ശബ്ദകോലാഹല നാടകങ്ങൾ കണ്ടിരിക്കുന്ന ജനങ്ങൾക്ക് പതിയെ നിയമനിർമാണ സഭകളോടുള്ള വിശ്വാസം ഇല്ലാതാകാനും മതി. സംസ്ഥാന നിയമസഭയിലും വിഭിന്നമല്ല കാര്യങ്ങൾ.

ഓരോ തവണയും പാർലമെന്റ് തടസ്സപ്പെടുമ്പോൾ പാഴായിപ്പോകുന്നത് കോടിക്കണക്കിന് രൂപയാണെന്നതും വിസ്മരിച്ചുകൂടാ. പാർലമെന്റ് ചേരുന്ന ഓരോ മിനിറ്റിലും 2.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് സർക്കാരിന്റെ കണക്ക്. അങ്ങനെയെങ്കിൽ ഒരു മണിക്കൂറിന് 1.5 കോടി രൂപയും പത്തുമണിക്കൂർ പാർലമെന്റ് സമ്മേളിക്കുമ്പോൾ 10.5 കോടി രൂപയും ചെലവാക്കപ്പെടുന്നു. പത്തുവർഷം മുമ്പ്‌ കണക്കാക്കിയ ചെലവാണിത്. ഇന്നത് ഇരട്ടിയായിട്ടുണ്ടാകും. ഇത്തവണ ലോക്‌സഭ മുടങ്ങിയ 88 മണിക്കൂറിൽ എത്ര കോടി രൂപയാണ് പാഴായിപ്പോയത്. സഭ സമ്മേളിക്കുമ്പോൾ ഓരോ സഭാംഗത്തിനും രണ്ടായിരം രൂപയാണ് ദിനബത്തയായി നൽകുന്നത്. ഇരുസഭകളിലുമായി 788 എം.പി.മാരുള്ള ഇന്ത്യയിൽ ഈയിനത്തിൽമാത്രം പ്രതിദിനം വേണ്ടത് 15 ലക്ഷത്തോളം രൂപയാണ്. ഇതെല്ലാം ജനങ്ങളുടെ നികുതിപ്പണമാണെന്ന് മറക്കരുത്.
പ്രതിപക്ഷം ചോദ്യങ്ങളുന്നയിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതം തന്നെ. എന്നാൽ, പ്രതിഷേധങ്ങൾ സംവാദങ്ങളിലൂടെ മുന്നോട്ടുപോകേണ്ട, ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമനിർമാണ സഭകളെ നിരന്തരം മുടക്കിക്കൊണ്ടാകുമ്പോഴാണ് കല്ലുകടിയാകുന്നത്. പ്രതിഷേധത്തിന് അനുയോജ്യമായ മറ്റ് സമരരീതികൾ തിരഞ്ഞെടുക്കണം. എത്രനേരം സഭ തടസ്സപ്പെടുത്തി എന്നതിലല്ല, ചർച്ചയും സംവാദങ്ങളും എത്രത്തോളമുണ്ടാകുന്നു എന്നതിലാണ് ജനാധിപത്യത്തിന്റെ ശക്തി. സഭയുടെ പ്രധാന ധർമങ്ങളെ സംരക്ഷിക്കാനുതകുന്ന നടപടികൾ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം ഭരണപക്ഷത്തിനാണ്‌. സംവാദമില്ലാതെ, ചർച്ചപോലുമില്ലാതെ നിയമങ്ങൾ നിർമിക്കുന്നതിൽ ഒട്ടും ജനാധിപത്യമില്ല എന്നവർ മനസ്സിലാക്കണം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകാനുള്ള ബാധ്യത ഭരണപക്ഷത്തിനുണ്ട്‌ എന്ന വസ്തുതയും വിസ്മരിക്കരുത്‌.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..