വട്ടംചുറ്റിക്കല്ലേ, വയോജനങ്ങളെ


2 min read
Read later
Print
Share

സെർവറിന്റെ ശേഷി കൂട്ടി മസ്റ്ററിങ് തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കാനും തട്ടിപ്പുകാർക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കാനും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. വാർഡുകൾ തിരിച്ച് മസ്റ്ററിങ് നടത്തണമെന്ന നിർദേശവും പരിഗണിക്കണം

.

ജീവിച്ചിരിപ്പുണ്ടെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തി പെൻഷൻ ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് സംസ്ഥാനത്തെ വയോജനങ്ങൾ. സാമൂഹികക്ഷേമ പെൻഷനുകൾ ലഭിക്കണമെങ്കിൽ പെൻഷൻ മസ്റ്ററിങ് നിർബന്ധമാക്കിയതോടെ അക്ഷയകേന്ദ്രങ്ങൾക്കുമുന്നിൽ നീണ്ടനിര തുടങ്ങി. എന്നാൽ, അതിരാവിലെയെത്തി മണിക്കൂറുകൾ വരിനിന്നിട്ടും സെർവർ തകരാർ കാരണം മസ്റ്ററിങ് ചെയ്യാതെ തിരികെപ്പോകേണ്ട ഗതികേടിലായി ഭൂരിഭാഗം പേരും. നാഷണൽ ഇൻഫർമാറ്റിക് സെന്റർ ആധാർ സെർവറിൽ അറ്റകുറ്റപ്പണി നടത്തിയതുകാരണമാണ് ഇത്തവണ സാങ്കേതിക തടസ്സമുണ്ടായതെന്നാണ് അധികൃതരുടെ വാദം.
ഇതാദ്യമായല്ല, സാങ്കേതികതടസ്സങ്ങൾ കാരണം മസ്റ്ററിങ് മുടങ്ങുന്നത്. ഏപ്രിൽ ഒന്നിന് പെൻഷൻ മസ്റ്ററിങ് തുടങ്ങി വെറും ഒരാഴ്ച പിന്നിടുന്നതിനിടെ രണ്ടുതവണ സെർവർ തകരാർകാരണം പെൻഷൻ മസ്റ്ററിങ് തടസ്സപ്പെട്ടിരുന്നു.

വിവിധ കാരണങ്ങളാൽ ബയോമെട്രിക് വിവരങ്ങൾ സ്കാൻ ചെയ്യുന്നതിൽ സാങ്കേതികപ്രശ്നങ്ങളുണ്ടാകുന്നതും മസ്റ്ററിങ് വൈകിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതത് തദ്ദേശസ്ഥാപനങ്ങളിലൂടെ മസ്റ്ററിങ് പൂർത്തിയാക്കാമെങ്കിലും അധികമാളുകൾ ഇതുപയോഗിക്കാത്തതും പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
നിലവിൽ 64.5 ലക്ഷത്തിലേറെപ്പേരാണ് കേരളത്തിൽ സാമൂഹികക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നത്. ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കിയത് വെറും 1.87 ലക്ഷം പേർ മാത്രമാണെന്നാണ് സർക്കാർ കണക്ക്. ഇനി 97 ശതമാനംപേർ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതുണ്ട്. അക്ഷയകേന്ദ്രങ്ങൾക്കു മാത്രമാണ് സർക്കാർ മസ്റ്ററിങ് ചുമതല നൽകിയിട്ടുള്ളത്. ഗുണഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി അക്ഷയകേന്ദ്രങ്ങളില്ലാത്തതും പെൻഷൻകാരെ വലയ്ക്കുന്നു. അറുപത്തിനാലര ലക്ഷംവരുന്ന ഗുണഭോക്താക്കൾക്കായി കേരളത്തിലുള്ളത് വെറും 2761 അക്ഷയകേന്ദ്രങ്ങൾ മാത്രമാണ്. ശരാശരി 2300-നടുത്ത് പെൻഷൻകാരാണ് ഇതുപ്രകാരം ഒരു അക്ഷയകേന്ദ്രത്തിന്റെ സേവനം തേടുന്നത്. സംസ്ഥാനത്തിന്റെ ജനസംഖ്യയനുസരിച്ച് ആറായിരത്തിൽപ്പരം അക്ഷയകേന്ദ്രങ്ങൾ വേണ്ടിടത്താണിത്.

അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ് മറ്റൊരു പ്രശ്നം. തിരക്ക്‌ കണക്കിലെടുത്ത് അതിരാവിലെത്തന്നെ അക്ഷയകേന്ദ്രങ്ങളിലെത്തി വരിനിൽക്കുകയാണ് പലരും. മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമ്പോഴും ഭൂരിഭാഗം സ്ഥലങ്ങളിലും ഇരിപ്പിടങ്ങളോ വിശ്രമിക്കാനുള്ള കേന്ദ്രങ്ങളോ ഇല്ല. ഇതിനിടെയാണ് വൈകുംവരെ കാത്തുനിന്നിട്ടും സെർവർ തകരാറടക്കമുള്ള സാങ്കേതികപ്രശ്നങ്ങൾ കാരണം മടങ്ങേണ്ടിവരുന്നത്. മസ്റ്ററിങ്ങിനായി നേരിട്ടുതന്നെ ഹാജരാകേണ്ടത് നിർബന്ധമായതിനാൽ അടുത്തദിവസവും ഇതേ കാത്തിരിപ്പ് തുടരണം. മസ്റ്ററിങ് പൂർത്തിയാക്കാൻ ജൂൺ 30 വരെ സമയമനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിതസമയത്തിന്റെ തുടക്കത്തിലും അവസാനത്തിലും മാത്രം ആളുകൾ കൂട്ടത്തോടെയെത്തുന്നതും അക്ഷയജീവനക്കാർക്ക് തലവേദനയാകുന്നുണ്ട്. സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾ തടത്തുന്ന തട്ടിപ്പുകളാണ് വയോജനങ്ങളെ വലയ്ക്കുന്ന മറ്റൊരു കാര്യം. സംസ്ഥാന ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് ജീവൻരേഖ സർട്ടിഫിക്കറ്റാണ് വേണ്ടതെന്നിരിക്കേ കേന്ദ്ര പെൻഷൻ കൈപ്പറ്റുന്നവർക്കു വേണ്ടിയുള്ള ജീവൻപ്രമാൺ സർട്ടിഫിക്കറ്റ് നൽകുകയും മസ്റ്ററിങ് പൂർത്തിയാക്കിയെന്ന് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം തട്ടിപ്പുസ്ഥാപനങ്ങൾ. ഇതിനായി വലിയ തുകയും ഈടാക്കുന്നുണ്ട്. ദിനംപ്രതി ഇത്തരം പരാതികൾ ഉയരുന്നുണ്ടെങ്കിലും അധികൃതർ ശക്തമായ നടപടി സ്വീകരിക്കാത്തത് ഇത്തരക്കാർക്ക് വളമാകുന്നു.

സർക്കാരിന്റെ ഔദാര്യമല്ല, വയോജനങ്ങളുടെ അവകാശമാണ് പെൻഷൻ. അവരെ ബുദ്ധിമുട്ടിക്കാതെ മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാനും അർഹതപ്പെട്ട എല്ലാവർക്കും പെൻഷൻ ലഭിച്ചെന്ന് ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വവും ബാധ്യതയും സർക്കാരിന്റേതാണ്. വാർധക്യകാലത്ത് ഏക ആശ്വാസമായ പെൻഷൻ ലഭിക്കാൻ വയോജനങ്ങളെ നെട്ടോട്ടമോടിക്കുന്നത് വയോജനസൗഹൃദ സമൂഹമെന്ന് പേരുകേട്ട കേരളത്തിന് ഭൂഷണമല്ല. സെർവറിന്റെ ശേഷി കൂട്ടി മസ്റ്ററിങ് തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കാനും തട്ടിപ്പുകാർക്ക് മാതൃകാപരമായ ശിക്ഷയുറപ്പാക്കാനും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം. വാർഡുകൾ തിരിച്ച് മസ്റ്ററിങ് നടത്തണമെന്ന നിർദേശവും പരിഗണിക്കണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..