.
റഷ്യ-യുക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുമ്പോൾത്തന്നെ തയ്‌വാൻ കടലിടുക്കിൽ യുദ്ധസമാന സൈനികാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ് ചൈന. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ അമേരിക്കൻ സന്ദർശനത്തോടെ പ്രകോപിതരായ ചൈന നടത്തിയ മൂന്നുദിവസത്തെ സൈനികാഭ്യാസത്തിൽ എഴുപതിലേറെ യുദ്ധക്കപ്പലുകളെയും 11 വിമാനവാഹിനിക്കപ്പലുകളെയുമാണ് വിന്യസിച്ചത്. പ്രകോപനമരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടും ചൈന വഴങ്ങാത്തതോടെ തെക്കൻ ചൈനാക്കടലിൽ തങ്ങളുടെ മിസൈൽവേധ മുങ്ങിക്കപ്പലിനെ വിന്യസിച്ചാണ് അമേരിക്ക ഇതിന് മറുപടിനൽകിയത്. തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന തയ്‌വാൻ മുഖ്യശത്രുവായ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി സ്വന്തംനിലയിൽ ബന്ധം സ്ഥാപിക്കുന്നതാണ് ചൈനയെ ചൊടിപ്പിക്കുന്നത്.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ നൂറാംവാർഷികമായ 2050-നുമുമ്പ് തയ്‌വാനടക്കമുള്ള മേഖലകളെ ഒപ്പംചേർത്ത് ‘ഏക ചൈന’ സ്ഥാപിക്കുകയെന്ന ഷി ജിൻപിങ്ങിന്റെ സ്വപ്നം നടപ്പാക്കാനുള്ള ലക്ഷ്യത്തോടെ നീങ്ങുന്ന ചൈന ഇനിയും തയ്‌വാനെ ലക്ഷ്യംവെക്കുമെന്നുറപ്പാണ്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കകൂടി രംഗത്തെത്തിയാൽ രണ്ടു വൻശക്തികളുടെ പോരിനാകും മേഖല സാക്ഷ്യംവഹിക്കുക. അരുണാചൽപ്രദേശിന്റെ ചില ഭാഗങ്ങൾക്ക് പുനർനാമകരണം നടത്തി ഇന്ത്യയെ പ്രകോപിപ്പിക്കാനും ചൈന അടുത്തിടെ ശ്രമം നടത്തിയിരുന്നു. ഇത് മൂന്നാംതവണയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടാകുന്നത്.
ഇതേസമയം, പശ്ചിമേഷ്യയിലും അസ്വാരസ്യത്തിന്റെ തീപ്പൊരിപടരാൻ തുടങ്ങുന്നെന്നത് ആശങ്കയുളവാക്കുന്നതാണ്. സിറിയൻ അതിർത്തി കടന്ന് ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണം ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ പുതിയൊരു പോർമുഖം തുറന്നിരിക്കുന്നു. 1967-ൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത ഗോലാൻ കുന്നുകളെയടക്കം ലക്ഷ്യമിട്ട് സിറിയയിൽനിന്നുണ്ടായ റോക്കറ്റാക്രമണത്തിന് മറുപടിയാണിതെന്നാണ് ഇസ്രയേൽ പറയുന്നത്. ക്രൈസ്തവർക്കും ജൂതർക്കും മുസ്‌ലിങ്ങൾക്കും ഒരുപോലെ പ്രധാനപ്പെട്ട ജറുസലേമിലെ അൽ അഖ്‌സാ പള്ളിയിൽ ഇസ്രയേൽ പോലീസ് പരിശോധന നടത്തിയതിനെത്തുടർന്ന് കലുഷമായ പശ്ചിമേഷ്യൻമേഖല ഈ ആക്രമണങ്ങളോടെ യുദ്ധത്തിന്റെ വക്കിലാണ്. 2006-ലെ ലെബനൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇസ്രയേൽ അതിർത്തികടന്ന് വ്യോമാക്രമണം നടത്തുന്നതെന്നത് ഇത്തവണ കാര്യങ്ങൾ ലളിതമല്ലെന്നതിന്റെ സൂചനയാണ്. പലസ്തീൻ, ലെബനൻ, സിറിയയിലെ ഇറാന്റെ സൈനികത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിക്കുമ്പോൾ തിരിച്ചടിക്കാൻ തന്നെയാണ് മറുപക്ഷത്തിന്റെയും തീരുമാനം. പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾ പരിശോധിച്ചുറപ്പിക്കാൻ യോഗംചേർന്നതായി ഇസ്രയേലിന്റെ പ്രധാന എതിരാളികളായ, ഗാസ ഭരിക്കുന്ന ഹമാസും ഇറാൻ സർക്കാരിന്റെ പിന്തുണയുള്ള ഷിയാ സംഘടന ഹിസ്ബുള്ളയും വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെയും തയ്‌വാനിലെയും യുദ്ധസാഹചര്യം ഇന്ത്യയെ സംബന്ധിച്ചും നിർണായകമാണ്. ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ 55 ശതമാനവും തെക്കൻ ചൈനാക്കടലിലൂടെയാണ്. ഇതിലേറിയപങ്കും കടന്നുപോകുന്നത് തയ്‌വാൻ കടലിടുക്കിലൂടെയും. ഇവിടെ സാഹചര്യങ്ങൾ വഷളാകുന്നത് ഇന്ത്യയെ ബാധിക്കും. 1992-ൽ ഇസ്രയേലുമായി പൂർണമായ നയതന്ത്രബന്ധം സ്ഥാപിച്ചതുമുതൽ ഇസ്രയേലുമായും അറബ് രാജ്യങ്ങളുമായും സന്തുലിതനിലപാടുള്ള ഇന്ത്യക്ക്, പശ്ചിമേഷ്യൻ വിഷയത്തിൽ ഇരുഭാഗവും തമ്മിൽ ഭിന്നത രൂക്ഷമായാൽ സുഖകരമല്ലാത്ത മൗനം പാലിക്കേണ്ടിവരും.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ കെടുതിയിൽനിന്ന് കരകയറാൻ ലോകം പാടുപെടുമ്പോഴാണ് ലോകത്തിന്റെ പല കോണുകളിൽനിന്നും യുദ്ധകാഹളം മുഴങ്ങുന്നതെന്നതാണ് സങ്കടകരം. കോവിഡേൽപ്പിച്ച കനത്തപ്രഹരം മറികടക്കാൻ ശ്രമിക്കവേയാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശം. ആരും ജയിക്കാതെ, ആരും തോൽക്കാതെ ഒരുവർഷവും രണ്ടുമാസവുമായി തുടരുന്ന യുദ്ധം തലക്കെട്ടുകളിൽനിന്ന് മറഞ്ഞെങ്കിലും അതിന്റെ അനന്തരഫലങ്ങൾ ഇന്ധനവില വർധനയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും രൂപത്തിൽ ലോകം പരോക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രൈനെ പുനർനിർമിക്കാൻ ഏതാണ്ട് 336 ലക്ഷം കോടി രൂപ വേണമെന്നാണ് ലോകബാങ്കിന്റെ കണക്ക്. ആഗോളീകരണത്താൽ പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്ന ലോകക്രമത്തിൽ യുദ്ധമെന്നാൽ വെറും രണ്ടുരാജ്യങ്ങളെമാത്രം ബാധിക്കുന്ന ഒന്നല്ലെന്ന് മനസ്സിലാക്കണം. സാമ്പത്തികമായും സാംസ്കാരികമായും അത് ലോകത്തിന്റെ നടുവൊടിക്കും. വിവേകപൂർണമായ ചർച്ചകൾമാത്രമാണ് പോംവഴി.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..