.
രാജ്യത്തിന്റെ കായികഭൂപടത്തിൽ കേരളത്തിനൊരു മേൽവിലാസമുണ്ട്. ആരുടെ മുന്നിലും തലയുയർത്തിപ്പിടിക്കാൻ കഴിയുന്ന കായികസംസ്കാരമുണ്ട്. നമ്മുടെ താരങ്ങൾ കളിക്കളത്തിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ നേട്ടങ്ങളുടെ കീർത്തിയുണ്ട്. എന്നാൽ, വാർത്തമാനകാലം പൊള്ളുന്ന യാഥാർഥ്യങ്ങളുടേതാണ്. അധികംദൂരെയല്ലാതെ പ്രതിസന്ധിയുടെ കനൽക്കാലമുണ്ടെന്ന തിരിച്ചറിവിന്റേതാണ്. ഏതു കായികയിനത്തിലാണ് ഇപ്പോൾ കേരളത്തിന് ആധിപത്യമുള്ളത്. ഫുട്‌ബോൾ, ബാസ്കറ്റ്‌ബോൾ, അത്‌ലറ്റിക്സ്, നീന്തൽ, തുഴച്ചിൽ, ഹാൻഡ്‌ബോൾ തുടങ്ങി ഒരുകാലത്ത് കേരളം കേമന്മാരായിരുന്ന കായികയിനങ്ങളിലെല്ലാം ഏറെ പിറകോട്ടുപോയിക്കഴിഞ്ഞു. വോളിബോളിൽ ദേശീയതലത്തിൽ കിരീടങ്ങളുണ്ടെങ്കിലും തളർച്ചയുടെ സൂചനകൾ വന്നുതുടങ്ങിയിട്ടുണ്ട്. ഗുജറാത്തിൽ കഴിഞ്ഞവർഷംനടന്ന ദേശീയ ഗെയിംസിലെ പ്രകടനംതന്നെ കേരള കായികമേഖലയുടെ നിലവാരത്താഴ്ച വ്യക്തമാക്കുന്നതാണ്. അത്‌ലറ്റിക്സിലെ പ്രതാപം പഴങ്കഥയാകുന്നെന്നാണ് വിവിധ പ്രായപരിധിയിലുള്ള മീറ്റുകൾ തെളിയിക്കുന്നത്. ഫുട്‌ബോളിൽ പരമ്പരാഗത ശക്തികൾ എന്ന വിശേഷണം മാത്രമാണ് ബാക്കിയുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് കിടപിടിക്കാൻ കേരള ഫുട്‌ബോളിന് കഴിയില്ലെന്നതാണ് വസ്തുത.
കേരള കായികരംഗത്തിന് എവിടെയാണ് പിഴയ്ക്കുന്നത്. അത്തരമൊരന്വേഷണമാണ് ‘കളം വിഴുങ്ങുന്ന കളികൾ’ എന്ന പരമ്പരയിലൂടെ മാതൃഭൂമി നടത്തിയത്. കേരളകായികമേഖല നേരിടുന്ന വെല്ലുവിളികളും കായികതാരങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളും അന്വേഷണത്തിൽ ബോധ്യമായതാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവും കായികതാരങ്ങളെ വളർത്തിയെടുക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ അഭാവവും കായികമേഖലയെ മൊത്തത്തിൽ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള സംവിധാനമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിനൊപ്പം കായിക അസോസിയേഷനുകളിലെ ചേരിപ്പോരും മാറിമാറിവരുന്ന സർക്കാരുകൾ സാമ്പത്തികമായി പിന്തുണയ്ക്കാത്തതുമെല്ലാം ചേരുമ്പോൾ കായികമേഖല മുന്നോട്ടുകുതിക്കാൻ പാടുപെടുന്നു.
താഴെത്തട്ടുമുതൽ കായികതാരങ്ങളെ വളർത്തിയെടുക്കാൻ മികച്ചൊരു പദ്ധതിയില്ലെന്നതാണ് കേരളത്തിന്റെ കായികരംഗം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം. അതുമൂലം നൈസർഗികപ്രതിഭകളെ കണ്ടെത്താൻ കഴിയാതെപോകുന്നു. വെല്ലുവിളികളെ അതിജീവിച്ച് ഉയർന്നുവരുന്ന താരങ്ങളെ അന്താരാഷ്ട്രതലത്തിൽ മത്സരിക്കാൻ പര്യാപ്തമാക്കുന്ന സംവിധാനവും അധികമൊന്നുമില്ല. കേരള സ്പോർട്‌സ് കൗൺസിൽ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓപ്പറേഷൻ ഒളിമ്പിയ പദ്ധതിയുടെ പരാജയം അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. അസോസിയേഷനിലെ തമ്മിലടിയാണ് മറ്റൊരു പ്രധാന പ്രശ്നം. കായികതാരങ്ങളെ വളർത്തിയെടുക്കേണ്ട അസോസിയേഷനുകളിൽ തർക്കംമൂക്കുമ്പോൾ പെരുവഴിയിലാകുന്നത് താരങ്ങളാണ്.
സമൂലമായ പൊളിച്ചെഴുത്തിലൂടെ മാത്രമേ കേരളത്തിന് കായികരംഗത്തെ പ്രതാപം തിരിച്ചുപിടിക്കാൻ കഴിയൂ. സർക്കാരിന്റെ ഉറച്ചപിന്തുണയും ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള പരിശീലനപദ്ധതികളും അസോസിയേഷനുകളുടെ ഐക്യത്തോടെയുള്ള പ്രവർത്തനവും ഇതിനാവശ്യമാണ്. കായികരംഗത്ത് പിന്നാക്കം നിൽക്കുന്ന ഒഡിഷ നടപ്പാക്കുന്ന പദ്ധതികൾ മാതൃകയായി കാണാം. അടിസ്ഥാനസൗകര്യ വികസനത്തിന് വൻകിട കമ്പനികളുടെ സഹകരണത്തോടെ 2000-ത്തോളം കോടിയാണ് അവർ നിക്ഷേപിക്കുന്നത്. സാമ്പത്തികമായ പിന്തുണ കായികരംഗത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന തിരിച്ചറിവ് ഭരണാധികാരികൾക്കുണ്ടാകണം. ഇത്തരത്തിൽ ആസൂത്രണമികവോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ കായികകേരളത്തെ വീണ്ടെടുക്കാൻ കഴിയൂ.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..