തൊഴിലുറപ്പിന്റെ  സാധ്യതകൾ


2 min read
Read later
Print
Share

തൊഴിലുറപ്പുസേനയെന്ന വൻ തൊഴിൽശക്തിയെ രാജ്യപുരോഗതിക്കു പ്രയോജനപ്പെടുത്താൻ കഴിയുന്നവിധത്തിൽ ക്രിയാത്മകമായ പ്രവൃത്തികളുൾപ്പെടുത്തി വിപുലീകരിക്കേണ്ടതുണ്ട്

.

പുതുതായി നിർമിക്കുന്ന അങ്കണവാടികളിൽ നാലിൽ മൂന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുമായി സംയോജിപ്പിച്ച് പണിയാനുള്ള വനിത-ശിശു വികസന മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. ഗ്രാമീണ ഇന്ത്യയിലെ അങ്കണവാടി സൗകര്യങ്ങൾ മെച്ചപ്പെത്തുന്നതിനൊപ്പം തൊഴിലുറപ്പു ജോലിയെ കൂടുതൽ ഉത്‌പാദനക്ഷമവും സുസ്ഥിരവുമായ പദ്ധതികളുമായി കണ്ണിചേർക്കാനും ഈ തീരുമാനം ഉപകരിക്കും. ഗ്രാമീണമേഖലയിൽ അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ നൂറ് തൊഴിൽദിനങ്ങൾ ലഭ്യമാക്കി ദാരിദ്ര്യനിർമാർജനത്തിലേക്കു ചുവടുവെക്കാനുള്ള പദ്ധതി 2005-ലാണ് നിലവിൽവന്നത്.

മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി, കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രകൃതിവിഭവ പരിപാലനത്തിനും ഉതകുന്ന പ്രവൃത്തികൾക്ക് മുൻതൂക്കം നൽകിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ദേശീയാടിസ്ഥാനത്തിൽ തയ്യാറാക്കിയ പൊതുമാനദണ്ഡങ്ങൾ പലതും ഗുണമേന്മയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് പരിമിതികളുണ്ടാക്കുന്നുവെന്ന പരാതികൾ നിലനിൽക്കുന്നുണ്ട്. ആവർത്തനസ്വഭാവമുള്ള പ്രവൃത്തികൾ ഏറ്റെടുക്കാൻ പാടില്ലെന്ന നിബന്ധന കാർഷികമേഖലയിലെ ചില പ്രവൃത്തികളെയാണ് ഏറെ ബാധിക്കുന്നത്. നെൽക്കൃഷിപോലുള്ള ആവർത്തന സ്വഭാവമുള്ള കൃഷിപ്പണി വർഷാവർഷം തുടരാൻ ഇതുവഴി കഴിയുന്നില്ല. നെൽപ്പാടമൊരുക്കുക എന്നതിനപ്പുറം ഞാറുനടാനോ നെല്ലുകൊയ്യാനോ ചില വ്യവസ്ഥകൾ കാരണം നിലവിൽ സാധ്യമല്ല. ഉത്തരേന്ത്യൻ സാഹചര്യത്തിൽ ഏക്കർകണക്കിനു ഭൂമിയുള്ള കർഷകർക്ക്‌ സ്ഥിരമായി സേവനം ലഭ്യമാവുന്നത് ഇല്ലാതാക്കാൻ കൊണ്ടുവന്ന ഈ നിബന്ധന പക്ഷേ, കേരളത്തിൽ പ്രതിസന്ധിയാവുകയാണ്. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ച് പദ്ധതി ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാവുകയെന്നതാണ് ഇതിനുള്ള പരിഹാരം. തൊഴിലും തൊഴിലാളിയും തൊഴിൽസാഹചര്യവുമൊക്കെ വ്യത്യസ്തമാണെന്നിരിക്കേ രാജ്യമൊട്ടുക്കും ഒരേ മാനദണ്ഡങ്ങൾ പ്രായോഗികമല്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.

അതേസമയം, മാനദണ്ഡങ്ങൾക്കുള്ളിൽനിൽക്കുന്ന വൈവിധ്യമാർന്ന പ്രവൃത്തികൾ അതത് വർഷത്തെ ലേബർ ബജറ്റിലുൾപ്പെടുത്തി നടപ്പാക്കുന്നതിൽ കേരളംപോലും വീഴ്ചവരുത്തുന്നുമുണ്ട്. പറമ്പ് കിളയ്ക്കൽ, തടമെടുക്കൽ, കയ്യാല, മഴക്കുഴി നിർമാണം തുടങ്ങിയ ജോലികൾ മാത്രം ചെയ്തുകൊണ്ട് വലിയൊരു തൊഴിൽ സേനയുടെ അധ്വാനശേഷി പ്രയോജനപ്പെടാതെപോവുകയാണ്. ‘കളപറയ്ക്കലാണ് പണി’യെന്ന ആക്ഷേപത്തിനുവരെ ഇടയാക്കുന്ന സാഹചര്യങ്ങളുണ്ട്. കളിസ്ഥലം, ഗ്രാമച്ചന്ത, കാർഷികനഴ്‌സറി, നീർച്ചാലുകൾ, കിണറുകൾ തുടങ്ങിയവയുടെ നിർമാണംപോലുള്ള പ്രവൃത്തികളൊക്കെയും നിലവിലെ നിബന്ധനകൾക്കുള്ളിൽനിന്ന് ചെയ്യാമെങ്കിലും അത്തരം ആസൂത്രണങ്ങളൊന്നും ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്നില്ല. രാജ്യമെങ്ങും പദ്ധതി നടത്തിപ്പിൽ കോടികളുടെ ക്രമക്കേടുകളും അഴിമതിയും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. സാമ്പത്തികവർഷം നൂറു തൊഴിൽദിനങ്ങളെന്ന പ്രഖ്യാപിത ലക്ഷ്യം മുഴുവൻ കുടുംബങ്ങൾക്കും ഉറപ്പുവരുത്താനും ഇതുവരെയും കഴിഞ്ഞിട്ടില്ല. പദ്ധതിക്കായുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതും പ്രതിസന്ധികളുണ്ടാക്കുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ജനക്ഷേമ പരിപാടിയുടെ മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങളും സാധ്യതകളും ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. രാജ്യത്ത് ഏറ്റവും മാതൃകാപരമായി പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്ന കേരളത്തിൽപ്പോലും ഇതിന്റെ ആത്മാവറിഞ്ഞുള്ള പ്രവർത്തനങ്ങളല്ല നടക്കുന്നത്. കഴിഞ്ഞ രണ്ടുവർഷവും സംസ്ഥാനത്ത് പത്തു കോടിയിലധികം തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് പ്രശംസനീയമാണ്. രാജ്യത്താദ്യമായി പദ്ധതിക്ക് സോഷ്യൽ ഓഡിറ്റ് സംവിധാനം കൊണ്ടുവന്ന സംസ്ഥാനവും കേരളമാണ്. എന്നാൽ, തദ്ദേശീയ സ്ഥാപനാടിസ്ഥാനത്തിൽ തൊഴിൽബാങ്ക് സൃഷ്ടിച്ച് വിദഗ്ധ തൊഴിൽപരിശീലനം നൽകുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ഇനിയും നടപ്പായിട്ടില്ല. തൊഴിലുറപ്പുസേനയെന്ന വൻ തൊഴിൽശക്തിയെ രാജ്യപുരോഗതിക്കു പ്രയോജനപ്പെടുത്താൻ കഴിയുന്നവിധത്തിൽ ക്രിയാത്മകമായ പ്രവൃത്തികളുൾപ്പെടുത്തി വിപുലീകരിക്കേണ്ടതുണ്ട്. 17 വർഷത്തെ അനുഭവസമ്പത്തിൽനിന്നുള്ള പാഠമുൾക്കൊണ്ടുകൊണ്ടുള്ള തിരുത്തലുകൾക്കും നവീകരണത്തിനും സമയമായിക്കഴിഞ്ഞു.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..