പി.എഫ്. പെൻഷൻ നടപടികൾ ലഘൂകരിക്കണം


2 min read
Read later
Print
Share

അപേക്ഷകരെ പ്രയാസത്തിലാക്കുന്ന അനാവശ്യ നിബന്ധനകൾ ഒഴിവാക്കണം. നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ അതും അനുവദിക്കണം

.

രാജ്യത്തെ ജീവനക്കാരുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പെൻഷൻ പരിഷ്കരണമാണ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം വരാനിരിക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ്. പെൻഷൻ ലഭിക്കാനുള്ള അവസരം തുറന്നിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഒട്ടേറേ സങ്കീർണതകളുള്ള ഇതിൽ ഓരോഘട്ടത്തിലും ഓരോ പ്രതിസന്ധികളാണ് ജീവനക്കാർ നേരിടുന്നത്. അതിലൊരു പ്രശ്നത്തിന് ഹൈക്കോടതിതന്നെ നേരിട്ട് ഇടപെട്ട് കഴിഞ്ഞദിവസം പരിഹാരമുണ്ടാക്കി.

കഴിഞ്ഞ നവംബർ നാലിനാണ് ഉയർന്ന പി.എഫ്. പെൻഷൻ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. പുതിയപദ്ധതിയിൽ ചേരാൻ ജീവനക്കാർക്ക് നാലുമാസം സമയവും അനുവദിച്ചു. എന്നാൽ ഏറെ വൈകി, ഫെബ്രുവരി 20-ന് മാത്രമാണ് അപേക്ഷിക്കാനുള്ള ലിങ്ക് ഇ.പി.എഫ്.ഒ. ലഭ്യമാക്കിയത്. അതിൽ കയറി അപേക്ഷ കൊടുക്കുന്നതിനിടയിൽ, കൂടുതൽ തുക പിടിക്കാൻ അനുമതി നൽകിയതിന്റെ രേഖയും ഹാജരാക്കണമെന്ന് നിർദേശംവന്നു. പി.എഫ്. പദ്ധതിയിലെ 26(6) ഖണ്ഡിക പ്രകാരമുള്ള വ്യവസ്ഥയാണിത്. അതോടെ പലർക്കും ഓപ്ഷൻ നൽകാൻകഴിയാത്ത സ്ഥിതിയായി. ഒരുവിഭാഗം ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെ ഈ രേഖ ഹാജരാക്കാത്തവരെയും ഓപ്ഷൻ നൽകാൻ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മാത്രമല്ല, ഈ രീതിയിൽ ഓപ്ഷൻ നൽകാൻ ഓൺലൈൻ സംവിധാനത്തിൽ വേണ്ട മാറ്റം വരുത്താനും 10 ദിവസത്തിനുള്ളിൽ ക്രമീകരണമുണ്ടാക്കാനും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ ഇടപെടൽ അപേക്ഷർക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.

ഇതുപ്രകാരം ഇപ്പോൾ പി.എഫ്. പോർട്ടലിൽ അനുമതിയുടെ തെളിവ് നൽകേണ്ട കോളം ഒഴിവാക്കി അപേക്ഷിക്കാം. അതുമാത്രമല്ല, ഓൺലൈനിൽ അപേക്ഷിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടാകുന്നപക്ഷം അപേക്ഷ കടലാസിൽ സ്വീകരിക്കാനുള്ള ക്രമീകരണമൊരുക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. ഇതും അപേക്ഷകർക്ക് ഗുണകരമാണ്. കാരണം ഓപ്ഷൻ നൽകാനുള്ള അവസാന തീയതി അടുത്തമാസം മൂന്നാണ്. എന്നാൽ, പലർക്കും സാങ്കേതിക തടസ്സങ്ങൾകൊണ്ട് അപേക്ഷിക്കാൻ കഴിയുന്നില്ല. ഇ.പി.എഫിന്റെ വെബ്‌സൈറ്റ് കിട്ടാത്തതും പാസ്ബുക്ക് അടക്കമുള്ള ചില പി.ഡി.എഫ്. ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തതുമായ പ്രശ്നങ്ങൾ നിലവിലുണ്ട്. ഒരുപാടുപേർ ഒരേസമയം ഈ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതുകൊണ്ട് സ്തംഭിക്കുന്നതാണെന്ന് പറയുന്നു. പി.എഫ്. ആപ്പ് ഉപയോഗിക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ.

ഇതിനെല്ലാം ഉപരിയായി, ഉയർന്ന പി.എഫ്. പെൻഷനെക്കുറിച്ച് ഇപ്പോഴും ജീവനക്കാർക്കിടയിൽ വേണ്ടത്ര വ്യക്തതയില്ല. സംശയങ്ങൾ തീർക്കാൻ പര്യാപ്തമായ ഔദ്യോഗികമായ സംവിധാനങ്ങളില്ല. ഈ മേഖലയിലെ വിദഗ്ധർതന്നെ രണ്ടുതരം അഭിപ്രായങ്ങളാണ് പറയുന്നത്. ഭാവിയിൽ തങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുക പെൻഷൻതുകയോ പി.എഫ്. അക്കൗണ്ടിലെ തുകയോ എന്ന് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഉയർന്ന ശമ്പളംവാങ്ങുന്ന പലരും ഇക്കാരണംകൊണ്ടുതന്നെ ഓപ്ഷൻ കൊടുക്കുന്നില്ല. കൊടുത്തവർക്കുതന്നെ പിൽക്കാലത്ത് ഇതിൽ എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്ന് ഭയവുമുണ്ട്. ഇക്കാലംവരെയുള്ള സമ്പാദ്യത്തിലെ സുപ്രധാനമായ വിഹിതമാണ് പലർക്കും കുടിശ്ശികയെന്ന നിലയിൽ പി.എഫിലേക്ക് കൊടുക്കാനുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ആശങ്കകൾ തീർക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിനിടയിലാണ് അപേക്ഷിക്കുന്ന സംവിധാനത്തിലെ സാങ്കേതികക്കുരുക്കുകൾ. അപേക്ഷിക്കുന്നവരിൽ വലിയൊരു ശതമാനവും സാധാരണക്കാരാണ്. അവർക്കായി ഈ പ്രക്രിയ കൂടുതൽ ലളിതമാക്കണം. അപേക്ഷകരെ പ്രയാസത്തിലാക്കുന്ന അനാവശ്യ നിബന്ധനകൾ ഒഴിവാക്കണം. നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണെങ്കിൽ അതും അനുവദിക്കണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..