കൈനീട്ടമാവട്ടെ നല്ല നാളുകൾ


2 min read
Read later
Print
Share

.

മഹാമാരിക്കാലത്തിന്റെയും നൂറ്റാണ്ടുകണ്ട വൻപ്രളയത്തിന്റെയും ക്ഷീണത്തെ മറികടന്ന് ഐശ്വര്യത്തിന്റെ പൊൻകണിയിലേക്കാണ് മലയാളി ഇന്നുണരുക. കണ്ണനുമുന്നിൽ കൊന്നപ്പൂവും കണിവെള്ളരിയും സ്വർണവസ്ത്രാദികളും നിറച്ചൊരുക്കിയ കണികാണാൻ സ്നേഹം നിറച്ചൊരാൾ പിന്നിൽനിന്ന്‌ കണ്ണുപൊത്തിച്ചാനയിക്കും. പ്രളയരാശിയായ മീനത്തിൽനിന്ന് മേടരാശിയിലേക്കുള്ള സൂര്യായനത്തിന്റെ തുടക്കമാണിന്ന്. പരീക്ഷണകാലം കഴിഞ്ഞു, ഇനി വരുംനാളുകൾ നല്ലതുമാത്രമെന്ന് വിളിച്ചുപറയുംപോലെ. തുല്യമായത് എന്നർഥമുള്ള വിഷുവമെന്ന സംസ്കൃതപദത്തിൽനിന്നാണ് വിഷുവിന്റെ ജനനം. രാവിനും പകലിനും ഒരേ ദൈർഘ്യമുള്ള വർഷത്തെ രണ്ടുദിവസങ്ങളിലൊന്ന്.
പ്രളയരാശി വിട്ട് സൂര്യൻ മുന്നോട്ടുചലിച്ചുതുടങ്ങിയെങ്കിലും കടുത്തചൂടിൽ പൊള്ളുകയാണിപ്പോഴും കേരളം. ഉഷ്ണതരംഗത്തിന്റെ വക്കിലാണ് നമ്മൾ. നാംതന്നെ കാരണക്കാരായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ് മിന്നൽപ്പേമാരിയായും ചുട്ടുപൊള്ളിക്കുന്ന ചൂടായും തിരിച്ചടിക്കുന്നതെന്നറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച്‌ മുന്നോട്ടുപോകുന്നു. സമൃദ്ധമായ വിളവെടുപ്പിന്റെ ഉത്സവംകൂടിയാണ് വിഷു. എന്നാൽ, പ്രതിബന്ധങ്ങളെ മറികടന്ന് നല്ലവിളവുണ്ടാക്കിയിട്ടും അതിനുള്ള പ്രതിഫലംകിട്ടാതെ കർഷകർക്ക് വിഷമകാലമായിരിക്കുന്നു ഈ വിഷുക്കാലം. പാടങ്ങളിൽനിന്ന് നെല്ല് ശേഖരിച്ചിട്ടും സപ്ലൈകോ അതിന്റെ വില കൊടുക്കാൻ വൈകുന്നത് കർഷകർക്ക് ഈ ഉത്സവകാലത്തേറ്റ തിരിച്ചടിയായി. കർഷകർ മാത്രമല്ല, അധ്വാനത്തിന്റെ ഫലം കാത്തിരിക്കേണ്ട അവസ്ഥയിലുള്ളത്. ശമ്പളത്തിനായി സർക്കാരിന്റെയും കോടതിയുടെയും കനിവുതേടി കാത്തിരിക്കേണ്ട ഗതികേടിലാണ് കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർ. കൈത്തറി മേഖലയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഉത്സവകാലത്തുപോലും വേണ്ടത്ര വരുമാനമില്ലാതെ പട്ടിണിയുടെ വക്കിലാണിവർ. ചെയ്യുന്ന ജോലിക്ക് കൃത്യമായ കൂലി കൃത്യസമയത്തെങ്കിലും ലഭ്യമാകുന്നെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. സംസ്ഥാനം സാമ്പത്തിക ഉന്നമനത്തിന്റെ പാതയിലെന്നു പറയുമ്പോഴും ചില വിഭാഗങ്ങളെ ഇത്തരത്തിൽ കണ്ടില്ലെന്നു നടിക്കുന്നതും കൈയൊഴിയുന്നതും ജനാധിപത്യ സർക്കാരിനു ചേർന്നതല്ല. വയോജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പെൻഷൻ മസ്റ്ററിങ് വേഗത്തിൽ നടപ്പാക്കുകയെന്നതാണ് ഉടൻ നടപടിവേണ്ട മറ്റൊരു കാര്യം. മസ്റ്ററിങ്ങിനായി വയോജനങ്ങൾ കത്തുന്ന വെയിലിൽ അലയുന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌.
വിഷുപ്പുലരിയിൽ പ്രകൃതിയെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്ന പതിവുണ്ട്. സകലചരാചരങ്ങളും സമമെന്നതിന്റെ പ്രതീകമാണത്. മനുഷ്യനൊപ്പം മറ്റു ജന്തുജാലങ്ങൾക്കും ഇവിടെ അവകാശമുണ്ടെന്ന ഓർമപ്പെടുത്തൽ. അരിക്കൊമ്പൻ വിഷയമടക്കം മനുഷ്യ-വന്യജീവി സംഘർഷം മൂർച്ഛിച്ചുനിൽക്കുന്ന ഇക്കാലത്ത്, വികാരങ്ങൾക്കപ്പുറം ഇരുപക്ഷത്തിന്റെയും അതിജീവനം കണക്കിലെടുത്ത് യുക്തമായ തീരുമാനമുണ്ടാകേണ്ടത് അത്യാവശ്യമാണ്. തർക്കങ്ങളുടെ പേരിൽ തീരുമാനമെടുക്കാൻ വൈകുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഉപകരിക്കൂ. കോവിഡുണ്ടാക്കിയ സാമ്പത്തികനഷ്ടത്തിൽനിന്ന് കരകയറിവരുകയാണെങ്കിലും മഹാമാരി പൂർണമായും തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്ന വസ്തുത മറന്നുപോകരുത്. കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നാം കൂടുതൽ ശ്രദ്ധപുലർത്തണം.
കേരളത്തിനുള്ള വിഷുക്കൈനീട്ടം പോലെയാണ് വെള്ളിയാഴ്ച വന്ദേഭാരത് എക്സ്പ്രസ് കുതിച്ചെത്തിയത്. ഏഴരമണിക്കൂർകൊണ്ട് അഞ്ഞൂറുകിലോമീറ്റർ ഓടിയെത്തുന്ന ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കുമത്. പ്രത്യാശയുടെ ഉത്സവമാണ് വിഷു. കണിയും കൈനീട്ടവും നല്ലനാളേക്കായുള്ള പ്രതീക്ഷയും. കെട്ടകാലത്തിൽനിന്ന് പഠിച്ച പാഠങ്ങൾ വരുംകാലത്തിനു മുതൽക്കൂട്ടാകട്ടെ. ഇനിയുള്ള നന്മയുടെയും ശുഭവാർത്തകളുടേതുമാകട്ടെ.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..