.
മുൻ എം.പി.യും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തോടെ ഉത്തർപ്രദേശ് വീണ്ടും ദേശീയതലത്തിൽ ചർച്ചയാവുകയാണ്. കൊലക്കേസിൽപ്പെട്ട് ജയിലിലായിരുന്ന പ്രതികൾ ആരോഗ്യപരിശോധനയ്ക്ക് വിധേയരായി മടങ്ങുംവഴിയാണ് ഇരുവർക്കുംനേരെ ആക്രമണമുണ്ടായത്. മാധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ പ്രതികൾ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്കു മുന്നിൽവെച്ച്, കനത്ത പോലീസ് ബന്തവസുപോലും ഭേദിച്ച് പോയന്റ് ബ്ലാങ്കിൽ നിറയൊഴിക്കുകയായിരുന്നു. നിയമനിർമാണസഭയിലെ മുൻ സാമാജികർകൂടിയായ രണ്ടുപേർ പൊതുമധ്യത്തിൽ ഇത്തരത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം തീർച്ചയായും അപലപനീയംതന്നെ.
അതേസമയം, അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകം രാജ്യത്തെ രാഷ്ട്രീയസംവിധാനത്തിന്റെ മൂല്യച്യുതിയെക്കുറിച്ചും ഉത്തർപ്രദേശിന്റെ ക്രമസമാധാനനിലയെക്കുറിച്ചും ചോദ്യങ്ങളുയർത്തുന്നുണ്ട്. നൂറ്റമ്പതോളം കേസുകളാണ് കൊല്ലപ്പെട്ട അതീഖിന്റെ പേരിലുള്ളത്. ഇതിൽ നൂറെണ്ണവും കൊലപാതകക്കേസുകളാണ്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, അനധികൃത ഖനനം തുടങ്ങിയ കേസുകൾ വേറെയും. സാമാജികരുടെ പേരിനൊപ്പം ‘ഗുണ്ടാനേതാവ്’ എന്ന വിശേഷണംകൂടി ചേർക്കേണ്ട ഗതികേടിലേക്ക് നമ്മുടെ രാഷ്ട്രീയത്തെ തരംതാഴ്ത്തിയത് ആരെന്നതാണ് ഏറ്റവും പ്രധാന ചോദ്യം. ഇത്രയേറെ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ അഞ്ചുതവണയാണ് നിയമസഭാംഗമായത്. ഒരു തവണ ലോക്‌സഭാംഗവും; അതും ജവാഹർലാൽ നെഹ്രുവും വി.പി. സിങ്ങുമടക്കമുള്ള മഹദ്‌വ്യക്തികൾ പ്രതിനിധാനംചെയ്തിരുന്ന ഫുൽപുർ മണ്ഡലത്തിൽനിന്ന്. സ്വതന്ത്രനായി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശംചെയ്ത അതീഖിന്റെ സ്വാധീനം വർധിച്ചതോടെ പിന്നീട് നിയമനിർമാണസഭയിലേക്ക് ടിക്കറ്റ് നൽകിയത് സമാജ്‌വാദി പാർട്ടിയും അപ്‌നാദളുമായിരുന്നു. സമൂഹത്തിന് ഭീഷണിയായ ക്രിമിനലുകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലേക്ക് സ്വാഗതംചെയ്തുകൊണ്ട് എന്തുസന്ദേശമാണ് നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ നൽകുന്നത്? കേവലം ഒരു അതീഖ് അഹമ്മദിനെയും എസ്.പി., അപ്‌നാദൾ പാർട്ടികളെയുംമാത്രം പ്രതിസ്ഥാനത്തുനിർത്തേണ്ട വിഷയമല്ലിത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പരവതാനി വിരിക്കുന്നത് ഭൂരിഭാഗം പാർട്ടികളിലും പതിവായിരിക്കുന്നു. ഭയംവിതച്ചിട്ടാണെങ്കിലും പെട്ടിയിൽ വീഴുന്ന വോട്ടുമാത്രമാണ് ഇവരുടെ ലക്ഷ്യം.
എന്നാൽ, എത്രത്തോളം ഗുരുതരമായ കുറ്റകൃത്യംചെയ്തയാളാണെങ്കിലും നീതിന്യായസംവിധാനത്തിന്റെ എഴുതപ്പെട്ട ചട്ടങ്ങളെ മറികടന്ന് തെരുവിൽ ശിക്ഷവിധിക്കപ്പെടുന്നത് ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്തിനുചേർന്നതല്ല. തെറ്റുചെയ്തവരെ വിചാരണചെയ്യാനും ശിക്ഷവിധിക്കാനും നടപ്പാക്കാനും നമുക്കൊരു നീതിനിർവഹണ സംവിധാനമുണ്ട്. ആ സംവിധാനത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് പൊതുജനങ്ങളും പോലീസും ആയുധം കൈയിലെടുക്കുന്നത് രാജ്യത്തിന്റെ സമാധാനത്തിന് വൻ ഭീഷണിയുയർത്തുമെന്നത് തീർച്ചയാണ്. ഏറ്റുമുട്ടൽ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശ് മോഡൽ പോലീസിങ് ഇതിനകംതന്നെ ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ളതാണ്. ഐക്യരാഷ്ട്രസഭപോലും ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2017 മുതൽ ഇതുവരെ 183 ക്രിമിനലുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നും അയ്യായിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയുംചെയ്തെന്നാണ് കഴിഞ്ഞദിവസം യു.പി. പോലീസ് പുറത്തുവിട്ട റിപ്പോർട്ട്. അതീഖ് അഹമ്മദിന്റെ മകൻ ആസദും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിചാരണകൂടാതെ കുറ്റക്കാരെന്നോ നിരപരാധിയെന്നോ തെളിയിക്കപ്പെടാതെ, പ്രതിയെന്നുകരുതുന്നവരെ ഒറ്റബുള്ളറ്റിൽ കൊന്നുതള്ളുന്നതല്ല മാതൃകാപരമായ ക്രമസമാധാനപാലനം. ഒരു തെറ്റിനുള്ള മറുപടി മറ്റൊരു ഹീനമായ തെറ്റെന്ന സ്ഥിതിയിലേക്കാകും ഇത് സമൂഹത്തെ നയിക്കുക. ‘നന്മതിന്മകളുടെ ഫലം ഈ ജന്മത്തിൽത്തന്നെ ലഭിക്കും’ എന്നായിരുന്നു അതീഖ് അഹമ്മദിന്റെ കൊലപാതകത്തെക്കുറിച്ച് ഒരു യു.പി.മന്ത്രിയുടെ പ്രതികരണം. ദൂരവ്യാപകമായ പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ ഇത്തരത്തിൽ കൊലപാതകത്തെ ന്യായീകരിച്ചവർ ഏറെയുണ്ട്. തീർത്തും തെറ്റായ സന്ദേശമാണിത് സമൂഹത്തിനുനൽകുന്നതെന്ന് ഇവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അതത് രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾക്കുണ്ട്. ക്രിമിനലുകളെ രാഷ്ട്രീയനേതാക്കളാക്കുന്നതിനും ഏറ്റുമുട്ടൽക്കൊലകൾക്കും എതിരേ രാഷ്ട്രീയപ്പാർട്ടികൾ ശക്തമായ നിലപാടുസ്വീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊല.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..