തണലേകി നിൽക്കട്ടെ,  ഈ ബോർഡ്


2 min read
Read later
Print
Share

പ്ലാറ്റിനംജൂബിലി വർഷത്തിൽ ബോർഡ് മുൻഗണന നൽകേണ്ടത് റബ്ബർ കർഷകരുടെ ഭാവിക്കാണ്

.

കേരളത്തിന്റെ സമ്പദ്ഘടനയെ ആഴത്തിൽ സ്വാധീനിക്കുന്ന റബ്ബർക്കൃഷിയെ ജനകീയമാക്കിയ റബ്ബർ ബോർഡിന് 75 വയസ്സ് തികയുകയാണ്. ബോർഡ് രൂപവത്‌കരണത്തിന് കാരണമായ റബ്ബർ ആക്ടിനും അതേ വയസ്സുണ്ട്. 1947 ഏപ്രിൽ 18-നാണ് ആക്ട് നിലവിൽവന്നത്. മരംനടാനും വളർത്താനും വിളവെടുക്കാനും വിപണനം നടത്താനും കൃഷിക്കാർക്കൊപ്പം നിന്നു എന്നതാണ് ബോർഡിനെ ജനകീയമാക്കിയത്. ലോകം ശ്രദ്ധിക്കുംവിധം നിലവാരമുള്ള ഷീറ്റുത്‌പാദിപ്പിക്കാൻ പഠിപ്പിച്ചതും മറ്റാരുമായിരുന്നില്ല.കുറച്ച് മരത്തിൽനിന്ന് കൂടുതൽ വിളവ് എന്ന നിലയിൽ കൃഷിയിൽ വിപ്ലവം കൊണ്ടുവന്നത് ബോർഡിന്റെ ഗവേഷകരാണ്. 1950-കളിൽ 75,000 ഹെക്ടർ കൃഷിയുണ്ടായിരുന്നത് എട്ടേകാൽ ലക്ഷത്തിലേക്ക് കുതിച്ചു. വയലുകളിൽപ്പോലും മരംനടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യംവഹിച്ചു. കിലോഗ്രാമിന് 249 രൂപ എന്ന മാജിക് മലയോരങ്ങളിൽ സാമ്പത്തികക്കുതിപ്പുണ്ടാക്കി.

1990-കളിലെ ഉദാരസാമ്പത്തികനയങ്ങൾ റബ്ബറിന് അവസരം തുറന്നതിനൊപ്പം തിരിച്ചടികളും നൽകി. ആഗോളകരാറുകൾ റബ്ബറിന്റെ വിലയെ സ്വാധീനിച്ചു. രാജ്യത്ത് വ്യാവസായിക വളർച്ചയുണ്ടായതോടെ നമ്മുടെ ഉത്‌പാദനം പോരാതെവന്നു. 7.75 ലക്ഷം ടൺ രാജ്യത്ത് ഉത്‌പാദിപ്പിക്കുമ്പോൾ ഉപഭോഗം 12 ലക്ഷം ടണ്ണെന്ന നിലയിലേക്ക് വളർന്നു. കുറവുനികത്താൻ ഗുണഭോക്താക്കളായ ടയർ കമ്പനികൾ ഇറക്കുമതി ശക്തമാക്കി. വേണ്ടതിലേറെ ഇറക്കുമതിചെയ്ത് ശേഖരിച്ച് പ്രാദേശിക ചരക്ക് ഒഴിവാക്കി വിലയിടിക്കുന്ന തന്ത്രവും പയറ്റി. ഷീറ്റുവില കിലോഗ്രാമിന് 100 രൂപയിലും താഴേക്ക് പതിച്ച സന്ദർഭങ്ങളുമുണ്ടായി. കഴിഞ്ഞ കുറെ വർഷങ്ങളായി വില 100-നും 180-നും ഇടയിൽ ചാഞ്ചാടി നിൽക്കുകയാണ്. ഈ അനിശ്ചിതാവസ്ഥ കൃഷിക്കാരുടെ മനസ്സ് മടുപ്പിച്ചു. ഉത്‌പാദനച്ചെലവ് വരുമാനത്തിലും കൂടുതലായതോടെ കിലോഗ്രാമിന് 250 രൂപയെങ്കിലും കിട്ടണമെന്ന ആവശ്യം കൃഷിക്കാർ ഉന്നയിക്കുന്നു.

പ്ലാറ്റിനംജൂബിലിവർഷത്തിൽ ബോർഡ് മുൻഗണന നൽകേണ്ടത് കൃഷിക്കാരുടെ ഭാവിക്കാണ്. തോട്ടങ്ങൾ പലതും അടഞ്ഞുകിടക്കുന്നു. 2544 റബ്ബർ ഉത്‌പാദകസംഘങ്ങളും 661 സ്വയം സഹായസംഘങ്ങളും 17 കമ്പനികളും ഏതാണ്ട് സ്തംഭനത്തിലാണ്. ബോർഡിന് എന്തുചെയ്യാനാകും എന്നതാണ് ചർച്ചാവിഷയം. സംസ്ഥാന വിലസ്ഥിരതാഫണ്ടിന് സമാനമായി കേന്ദ്രസർക്കാരിന്റെ സഹായനിധിക്കും ആവർത്തനക്കൃഷി സഹായം ഹെക്ടറിന് കാൽലക്ഷത്തിൽനിന്ന് അരലക്ഷമാക്കി ഉയർത്തുന്നതിനും ബോർഡ് ശുപാർശ നൽകിയിട്ടുണ്ട്. ഇവ പ്ലാറ്റിനം ജൂബിലിവേളയിൽ കേന്ദ്രം പ്രഖ്യാപിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കുന്നു. വലിയ പ്രതിസന്ധിക്കാലത്ത് ബോർഡ് നടത്തിയ ചില നല്ല ഇടപെടലുകളും മറന്നുകൂടാ. ഒരു കിലോഗ്രാം ഷീറ്റ് ഉത്‌പാദിപ്പിക്കാൻ രണ്ടുരൂപ സഹായം നൽകിയതാണ് ഒന്ന്. വിപണി ബഹിഷ്കരിച്ച ടയർകമ്പനികളെ ചരക്കെടുക്കാൻ നിർബന്ധിതരാക്കി. കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാക്കിയതും ബോർഡ് ശുപാർശ പരിഗണിച്ചാണ്. ഇടയ്ക്ക്‌ നിർത്തലാക്കിയ ആവർത്തനക്കൃഷി സഹായം പുനഃസ്ഥാപിച്ചതും പ്രധാനമാണ്.

ഇറക്കുമതി ഘട്ടംഘട്ടമായി ഇല്ലാതാക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചു. ബോർഡ് കേരളത്തിനോട് അവഗണന കാട്ടുന്നു എന്ന ആക്ഷേപം ഇതിനൊപ്പം ഉയർന്നെങ്കിലും ദേശീയതലത്തിൽ റബ്ബർ ഒരു നിർണായകവിളയായി മാറേണ്ടത് അനിവാര്യമാണെന്നുള്ളത് മറന്നുകൂടാ. എങ്കിലും ഫീൽഡ് ഓഫീസുകൾ പൂട്ടിയതും ബോർഡിനുള്ള കേന്ദ്രവിഹിതം മുമ്പേ പ്പോലെ ഇല്ലാത്തതും കുറവായിത്തന്നെ നിലനിൽക്കുന്നു. പോയ മാസങ്ങളിൽ ബോർഡിന്റെ നിലനിൽപ്പുതന്നെ ചർച്ചയായിരുന്നു. ബോർഡ് ആവശ്യമില്ലെന്ന രീതിയിൽ നിതി ആയോഗ് ശുപാർശനൽകിയത് മാതൃഭൂമിയാണ് ലോകത്തെ അറിയിച്ചത്. അതിനെതിരേയുള്ള പ്രതിഷേധം കേന്ദ്ര വാണിജ്യമന്ത്രാലയം പരിഗണിക്കുകയും ബോർഡ് അനിവാര്യമാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തത് ആശ്വാസകരമാണ്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..