പോലീസ് സേനയിൽ പുഴുക്കുത്തുകൾ പാടില്ല


2 min read
Read later
Print
Share

കേരളപോലീസിന്റെ തലകുനിയാനിടയാകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിതാന്തജാഗ്രത സ്വീകരിച്ചേ മതിയാവൂ

.

ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് ആഭ്യന്തരവകുപ്പ് അവഗണിക്കുമ്പോഴും പോലീസ് സേനയ്ക്കു കളങ്കമുണ്ടാക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. തലശ്ശേരിയിൽ സ്റ്റേഷനിലെത്തിയ കുടുംബത്തെ മദ്യലഹരിയിൽ ആക്രമിക്കുകയും അസഭ്യംപറയുകയും ചെയ്ത പോലീസ് ഇൻസ്പെക്ടർ സസ്പെൻഷനിലായതാണ് ഒടുവിലത്തെ സംഭവം.പോലീസ് സേനാംഗങ്ങളായ 744 ക്രിമിനൽക്കേസ് പ്രതികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സ്ത്രീധനപീഡനം തൊട്ട് പോക്സോവരെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവയിൽ പലതും. വിവിധ കേസുകളിൽ പ്രതിയായ 691 പേർ വകുപ്പുതല അന്വേഷണവും നേരിടുന്നുണ്ട്. ഗുരുതര കുറ്റകൃത്യത്തിലുൾപ്പെട്ട 59 പോലീസുകാരുണ്ടെന്ന് ആഭ്യന്തരവകുപ്പ് സമ്മതിക്കുമ്പോഴും കഴിഞ്ഞ 10 വർഷത്തിനിടെ സർവീസിൽനിന്ന് പുറത്താക്കപ്പെട്ടത് 20-ൽത്താഴെപ്പേർ മാത്രമാണ്. ഈയിടെ സർവീസിൽനിന്ന് പുറത്താക്കപ്പെട്ട തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതി കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സുനു 16 ക്രിമിനൽക്കേസിൽ പ്രതിയായിരുന്നു. 15 തവണ വകുപ്പുതലനടപടി നേരിട്ടിട്ടും ഇയാൾ പുറത്താക്കപ്പെടുന്ന കാലത്ത് സുപ്രധാന ചുമതലയിലായിരുന്നുവെന്നത് ഗൗരവതരമാണ്. സുനുവിനുപിന്നാലെ ജനുവരിയിൽ പുറത്താക്കപ്പെട്ട മൂന്നു പോലീസ് ഓഫീസർമാരിൽ രണ്ടും സ്ത്രീപീഡനക്കേസുകളിലെ പ്രതികളാണ്. ക്രിമിനൽവത്കരിക്കപ്പെട്ട പോലീസ് ഓഫീസർമാരിൽനിന്ന് നാടിനെന്തു നീതി പ്രതീക്ഷിക്കാനാവുമെന്നതാണ് ചോദ്യം.

അതിക്രമങ്ങൾ വാർത്തയാവുമ്പോൾ സ്ഥലംമാറ്റവും സസ്പെൻഷനുമുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് അന്തരീക്ഷം തണുപ്പിക്കുകയെന്ന രീതിയാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചുവരുന്നത്. 60 ശതമാനം ശമ്പളത്തോടെയുള്ള ഈ സസ്പെൻഷൻകാലം പല പോലീസുകാർക്കും വിശ്രമകാലമാണെന്നാണ് പോലീസിനുള്ളിൽത്തന്നെയുള്ള സംസാരം. ആറുമാസത്തെ സസ്പെൻഷനുശേഷമോ വിഷയം പൊതുചർച്ചയിൽനിന്ന് മാറുമ്പോഴേ ഇവർ സർവീസിൽ തിരിച്ചുവരും. ഇവർക്കെതിരേയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വർഷങ്ങൾ നീട്ടി സഹായിക്കാനാണ് മേലുദ്യോഗസ്ഥർ പലപ്പോഴും ശ്രമിച്ചുപോരുന്നത്. കാലമേറെക്കഴിഞ്ഞ്‌ റിപ്പോർട്ടുനൽകുമ്പോൾ പെൻഷനെ ബാധിക്കാത്ത രീതിയിൽ മയപ്പെടുത്തി രക്ഷപ്പെടുത്തുകയും ചെയ്യും. പോലീസിലെ ഗുണ്ടാ, മാഫിയ ബന്ധം ഇന്ന് വാർത്തപോലുമല്ല. പോലീസ് അതിക്രമങ്ങൾ കൈകാര്യംചെയ്യാൻ ജില്ലകളിൽ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റികളും സംസ്ഥാന കംപ്ലയിന്റ്‌സ് അതോറിറ്റിയും നിലവിലുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ് ദൈനംദിന സംഭവങ്ങൾ വിളിച്ചുപറയുന്നത്.

2016 ജൂണിൽ പോലീസ് ഉദ്യോഗസ്ഥരെ ആദ്യമായി ഔദ്യോഗികമായി അഭിസംബോധനചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ക്രിമിനലുകളെ പോലീസിൽ വെച്ചുപൊറുപ്പിക്കില്ലെന്നാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ പിന്നീടും പരസ്യമായിത്തന്നെ അദ്ദേഹം സംസാരിക്കുന്നുണ്ടെങ്കിലും ശുദ്ധീകരണപ്രഖ്യാപനം പ്രായോഗിക തലത്തിലെത്തുന്നില്ലെന്നതാണ് അനുഭവം. 55,000-ത്തോളം അംഗങ്ങളുള്ള സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വളരെ ചെറിയ ശതമാനമാണെന്ന വാദം അംഗീകരിക്കാമെങ്കിലും സേനയെ സംബന്ധിച്ച് ഇത് അവഗണിക്കാനാവുന്ന സംഖ്യയല്ല. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളാവുമ്പോൾ സേനയുടെ വിശ്വാസ്യതതന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്. പോലീസ് അതിക്രമമോ ക്രിമിനൽവത്കരണമോ പുതിയകാലവാർത്തകളോ സംഭവങ്ങളോ അല്ലെന്നതും ഓർക്കണം. ലോകത്തെവിടെയുമെന്നപോലെ കേരളത്തിലെ പോലീസ് ചരിത്രത്തിലും ഒട്ടേറെ കറുത്ത ഏടുകളുണ്ട്. അടിയന്തരാവസ്ഥയുടെ കുപ്രസിദ്ധ നാളുകളിൽ മുപ്പതോളം പേരാണ് പോലീസ് പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. ചോരമണക്കുന്ന ലോക്കപ്പുകളെന്ന ഇന്നലെകളിൽനിന്ന് കേരള പോലീസ് ഏറെദൂരം മുന്നോട്ടുനടന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. കുറ്റാന്വേഷണ മിടുക്കിലും രാജ്യത്തെ ഒന്നാംനിര പോലീസാണ് സംസ്ഥാനത്തുള്ളത്. വിദ്യാസമ്പന്നരായ യുവാക്കൾ പോലീസിലേക്കു കടന്നുവരാൻ തുടങ്ങിയതോടെ സേനയുടെ മുഖംമാറുന്നുണ്ടെന്നതും ശരിയാണ്. അതേസമയം, പുഴുക്കുത്തുകളെ നീക്കംചെയ്ത് കൂടുതൽ നീതിയുക്തവും പൗരബോധത്തിലധിഷ്ഠിതവുമായ ക്രമസമാധാനസംവിധാനം ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം സർക്കാരിനും സേനയ്ക്കുമുണ്ട്. കേരളപോലീസിന്റെ തലകുനിയാനിടയാകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിതാന്തജാഗ്രത സ്വീകരിച്ചേ മതിയാവൂ.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..