പിഴയിടുന്നത് പിഴവ്  തിരുത്താനാവണം


2 min read
Read later
Print
Share

ഗതാഗതസംസ്കാരം യഥാർഥത്തിൽ നിയമപാലനംകൊണ്ട് സാധ്യമാക്കേണ്ട ഒന്നല്ല. ഉയർന്ന മൂല്യബോധംകൊണ്ട് സമൂഹം ആർജിക്കേണ്ടതാണ്

.

വർധിച്ചുവരുന്ന വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ നടപടികളുമായി നിരത്തിലിറങ്ങുകയാണ് മോട്ടോർവാഹനവകുപ്പ്. പരിശോധന ശാസ്ത്രീയമാക്കാൻ 675 നിർമിതബുദ്ധി ക്യാമറകൾ സംസ്ഥാനത്തെ പ്രധാനപാതകളിൽ സ്ഥാപിച്ചുകഴിഞ്ഞു. ചെറിയ നിയമലംഘനംപോലും കണ്ടെത്താൻശേഷിയുള്ള ഈ ക്യാമറ ഒന്നിനുതന്നെ അമ്പതിനായിരം രൂപയോളം വിലയുണ്ട്. കെൽട്രോണിന്റെ സാങ്കേതികസഹായത്തോടെയാണിത് പ്രവർത്തിക്കുന്നത്. നിയമലംഘകരുടെ ചിത്രംസഹിതം കെൽട്രോണിന്റെ സെർവറിൽ വിവരമെത്തും. അത് ജില്ലാ അധികൃതർക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പിഴയടയ്ക്കാം. 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കോടതിയിൽ പോയി ഇരട്ടിത്തുക അടയ്ക്കേണ്ടിവരും. മോട്ടോർവാഹനവകുപ്പ് ഇത്തരമൊരു കടുത്തനടപടിയിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം ഗൗരവകരമാണ്. സംസ്ഥാനത്ത് 2020-ൽ 1239-ഉം 2021-ൽ 1390-ഉം പേർ വാഹനാപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഇതിൽ 60 ശതമാനത്തോളം ഇരുചക്രവാഹനയാത്രികരാണ്. 2022-ലുണ്ടായ 57 ശതമാനം അപകടങ്ങൾക്കും കാരണം അതിവേഗമാണെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ്‌ ബ്യൂറോ പറയുന്നത്. മോട്ടോർവാഹന വകുപ്പിന്റെ കണക്കുപ്രകാരം 1.66 കോടിയിലധികം വാഹനങ്ങളുള്ള കേരളത്തിൽ 1.08 കോടിയും ഇരുചക്രവാഹനങ്ങളാണ്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ കേരളത്തിൽ അത് കൂടുകയാണെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ റിപ്പോർട്ടും പറയുന്നു.

ഈ സാഹചര്യത്തിൽ മനുഷ്യജീവന് മൂല്യംകല്പിക്കുന്ന ഏതൊരു സംവിധാനവും ഉണർന്നുപ്രവർത്തിക്കുകതന്നെചെയ്യും. നിരത്തിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം, നിയമപാലനം മാനുഷികവും കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്തുകയും വേണം. കഴിഞ്ഞവർഷം സ്ഥാപിച്ച നൂറുകണക്കിന് എ.ഐ. ക്യാമറകൾ ധനവിനിയോഗ ബില്ലിന് അംഗീകാരം ലഭിക്കാത്തതിനാൽ മാസങ്ങളോളം ഉപയോഗമില്ലാതെ കിടന്നിരുന്നു. ഇത്തരം പ്രതിബന്ധങ്ങൾ ഇനി ഉണ്ടായിക്കൂടാ. ക്യാമറകളുടെ നിരന്തരപരിചരണവും കാര്യക്ഷമതയും ഉറപ്പുവരുത്തണം. കഴിഞ്ഞദിവസം മലപ്പുറത്ത് ഒരു കാർയാത്രികന് ഹെൽമെറ്റിടാത്തതിനാൽ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് അറിയിപ്പുവന്നു. ഇതിലെയും വില്ലൻ മോട്ടോർവാഹനവകുപ്പിന്റെ ക്യാമറയാണെന്നാണ് സൂചന. ഇത്തരം അപാകങ്ങൾ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം. പ്രമുഖരുടെ വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന വാർത്ത പൊതുജനത്തെ പരിഹസിക്കുന്നതാണ്. നിയമത്തിനുമുന്നിൽ എല്ലാ പൗരന്മാരും തുല്യരാണ്. നിയമത്തിന് തങ്ങളോട് വേർതിരിവുണ്ടെന്ന തോന്നൽപോലും ജനാധിപത്യത്തിൽ മുറിവേൽപ്പിക്കും. സാധാരണക്കാരെമാത്രം പിഴകൊണ്ട് പിഴിയുന്ന സംവിധാനമായി വാഹനപരിശോധന മാറിക്കൂടാ.

ഗതാഗതസംസ്കാരം യഥാർഥത്തിൽ നിയമപാലനംകൊണ്ട് സാധ്യമാക്കേണ്ട ഒന്നല്ല. ഉയർന്ന മൂല്യബോധംകൊണ്ട് സമൂഹം ആർജിക്കേണ്ടതാണ്. റോഡിൽ മാലിന്യമിടുക, തുപ്പുക, വരിതെറ്റിച്ച് വാഹനങ്ങൾ ഇടയിൽ കയറ്റുക, അനാവശ്യമായി ഹോണടിക്കുക തുടങ്ങി നിരത്തിൽ പ്രാകൃതമായ ഒട്ടേറെ ശീലങ്ങൾ തുടരുന്ന ഒരു ജനതയാണ് നമ്മൾ. ഒരുഭാഗത്ത് ഇവയെ നിയമംകൊണ്ട് നേരിടുമ്പോൾ മറുഭാഗത്ത് മൂല്യബോധം ഉള്ളിലുറച്ച ഒരു പൗരസമൂഹത്തെ നാം രൂപപ്പെടുത്തണം. അതിന് പൊതുസമൂഹത്തിലും നിരത്തിലും പെരുമാറേണ്ടരീതികൾ പഠനപദ്ധതിയുടെ ഭാഗമാക്കണം. ശാസ്ത്ര-മാനവിക വിഷയങ്ങൾക്കൊപ്പം തുല്യപ്രാധാന്യംനൽകി സാമൂഹികജീവിത പാഠങ്ങളും പഠിപ്പിക്കണം. പല രാജ്യങ്ങളും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. മൂല്യബോധനം നടക്കാത്ത ഒരു സമൂഹവും, മറ്റെന്തു നേട്ടംകൈവരിച്ചാലും പരിഷ്കൃതമെന്നു പറയാനാവില്ല.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..