ജനസംഖ്യക്കുതിപ്പ് അനുകൂലമാക്കണം


2 min read
Read later
Print
Share

മനുഷ്യവിഭവശേഷിയിൽ മറ്റേതുരാജ്യത്തെക്കാളും മുന്നിലെത്തുന്നത് ഇന്ത്യക്ക്‌ മേൽക്കൈ നൽകുന്നതാണ്. പ്രത്യേകിച്ചും ജനസംഖ്യയുടെ പകുതിപ്പേരും

.

ഇക്കൊല്ലം പകുതിയോടെ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം പുറത്തുവിട്ട ലോക ജനസംഖ്യാറിപ്പോർട്ടിൽ പറയുന്നത്. ജൂണോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയിലെത്തും. ചൈനയിലേതിനെക്കാൾ 29 ലക്ഷംപേർ അധികം. 2011-നുശേഷം ഇന്ത്യയിൽ സെൻസസ് നടക്കാത്തതിനാൽ കൃത്യമായ ജനസംഖ്യ ലഭ്യമല്ലാത്തതിനാലും 2021-22 കാലഘട്ടത്തിൽ ചൈനീസ് ജനസംഖ്യയിൽ എട്ടരലക്ഷത്തിന്റെ കുറവുണ്ടായതിനാലും ഇതിനകംതന്നെ ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായിട്ടുണ്ടാകുമെന്നാണ് കരുതേണ്ടത്. ജനസംഖ്യയിലെ ഈ മുന്നേറ്റം ഒരേസമയം ആഹ്ലാദവും ആശങ്കയും ജനിപ്പിക്കുന്നുണ്ട്.

മനുഷ്യവിഭവശേഷിയിൽ മറ്റേതുരാജ്യത്തെക്കാളും മുന്നിലെത്തുന്നത് ഇന്ത്യക്ക്‌ മേൽക്കൈ നൽകുന്നതാണ്. പ്രത്യേകിച്ചും ജനസംഖ്യയുടെ പകുതിപ്പേരും അതായത്, 70 കോടിയോളം പേർ 25 വയസ്സിനു താഴെയുള്ളവരായതിനാൽ ലഭിക്കുന്ന ജനസംഖ്യാപരമായ ലാഭവിഹിതത്തെ ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താനാകണം. അതേസമയം, ജനസംഖ്യാവളർച്ചയ്ക്കൊപ്പം തൊഴിലില്ലായ്മയും വർധിക്കുന്നത് കണക്കിലെടുക്കണം. യുവാക്കളുടെ എണ്ണത്തിനനുസരിച്ച് തൊഴിലവസരങ്ങളും വർധിച്ചാൽമാത്രമേ ഈ മനുഷ്യവിഭവശേഷികൊണ്ട് കാര്യമുള്ളൂ.

2030-നുമുമ്പ് കാർഷികേതര മേഖലയിൽ 90 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചാലേ ഇന്ത്യയിൽ യുവാക്കൾക്ക് തൊഴിൽ ഉറപ്പുനൽകാനാകൂവെന്നാണ് മക് കിൻസെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നത്. മനുഷ്യവിഭവശേഷിയെ പൂർണമായും ഉപയോഗിക്കാനാവുന്നില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാകുന്നുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ അറുപതുശതമാനംപേർ തൊഴിലെടുക്കാൻ പ്രാപ്തരായവരാണെങ്കിലും അതിൽ വെറും 40 ശതമാനംപേർ മാത്രമാണ് തൊഴിലെടുക്കാൻ തയ്യാറാകുന്നത്. തൊഴിൽസേനയിലെ സ്ത്രീകളുടെ കുറവാണ് ഈ അന്തരത്തിനു പ്രധാനകാരണം. ചൈനയിൽ 44.8 ശതമാനം സ്ത്രീകളും തൊഴിൽസേനയുടെ ഭാഗമാകുമ്പോൾ ഇന്ത്യയിലിത് 25.1 ശതമാനംമാത്രമാണ്. ഈ വിവേചനം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടായില്ലെങ്കിൽ തൊഴിലെടുക്കാൻ പ്രാപ്തരായവരിൽ പകുതിയിലേറെപ്പേരുടെയും സേവനം സമ്പദ്‌വ്യവസ്ഥയ്ക്ക് നഷ്ടമാകും.

വിദഗ്ധതൊഴിലാളികളുടെ എണ്ണത്തിലുള്ള കുറവും വെല്ലുവിളിയാകും. ചൈനയിലെ തൊഴിൽസേനയുടെ 26 ശതമാനത്തിനും വിദഗ്ധപരിശീലനം ലഭിക്കുമ്പോൾ ഇന്ത്യയിലത് അഞ്ചുശതമാനം മാത്രമാണ്. നിർമിതബുദ്ധി ഭാവി നിർണയിക്കുന്ന ഇക്കാലത്ത് ഇന്ത്യയുടെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാനുള്ള ഇടപെടലുമുണ്ടാകണം. ഗ്രാമീണമേഖലകളിലെ 60 ശതമാനംപേരും ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ജനസംഖ്യ വർധിക്കുന്നതിന് ആനുപാതികമായി വിഭവങ്ങളുടെ വർധനയുണ്ടാകുന്നില്ലെന്നതാണ് ഇന്ത്യയെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളി. ആഹാരം, പാർപ്പിടം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ജനസംഖ്യക്കനുസരിച്ച് വർധിപ്പിക്കാനാകുന്നില്ല. ഉപഭോഗസംസ്കാരത്തിൽനിന്നുമാറി വിഭവങ്ങളുടെ ഉത്പാദനത്തിലേക്കുകൂടി ഇന്ത്യക്ക്‌ കാര്യമായ ശ്രദ്ധനൽകേണ്ടിവരും. പൊതുജനാരോഗ്യമാണ് ശ്രദ്ധവേണ്ട മറ്റൊരു കാര്യം. ഇന്ത്യയിൽ 15 മുതൽ 49 വരെ പ്രായമുള്ള സ്ത്രീകളിൽ 57 ശതമാനവും വിളർച്ചയുള്ളവരാണ്. ആകെ ജനസംഖ്യയുടെ പകുതിപ്പേരും പൊണ്ണത്തടി, പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലായ്മ, ഉയരക്കുറവ് തുടങ്ങിയ നേരിടുന്നവരും. ആരോഗ്യമുള്ള ജനതയ്ക്കേ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകാനാകൂ. ഇതിനായി പൊതുജനാരോഗ്യ സംരക്ഷണത്തിനായി മെച്ചപ്പെട്ട പദ്ധതികളുണ്ടാകണം. ജനസംഖ്യാപരമായി 2055 വരെ ഇന്ത്യക്ക്‌ വലിയ അവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വെല്ലുവിളികളെ മറികടന്ന് മനുഷ്യവിഭവശേഷിയെ നേട്ടത്തിലേക്കുള്ള മാർഗമാക്കിമാറ്റാൻ നമുക്കുമുന്നിൽ ഇനിയും സമയമുണ്ടെന്നു വ്യക്തം. അതിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാവിഷ്കരിക്കുകയാണ് ഇനിയാവശ്യം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..