ഈ മുന്നറിയിപ്പ്‌  ഗൗരവമായെടുക്കണം


2 min read
Read later
Print
Share

സാമ്പത്തിക താത്പര്യം മാത്രമല്ല, ഭാവിയെക്കൂടി മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് നിലനിൽപ്പിനാവശ്യമെന്ന തിരിച്ചറിവുണ്ടാകണം

.

അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22-നാണ് ലോക കാലാവസ്ഥാ സംഘടനയുടെ 2022-ലെ ആഗോള കാലാവസ്ഥാ റിപ്പോർട്ട് പുറത്തുവന്നത്. ആശങ്കാജനകമായ മുന്നറിയിപ്പുകളാണ് റിപ്പോർട്ടിലുള്ളത്. പ്രതീക്ഷിച്ചതുപോലെത്തന്നെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തോത് ഇക്കൊല്ലവും പുതിയ ഉയരംതേടിയിട്ടുണ്ട്. ഇതോടെ കരയിലെയും സമുദ്രത്തിലെയും ഊഷ്മാവ്, സമുദ്രജലനിരപ്പിലെ വർധന, ഹിമാനികളും മഞ്ഞുപാളികളും ഉരുകുന്നതിന്റെ വേഗം എന്നിവ ഇനിയും ഉയരുമെന്നുറപ്പായി. പ്രധാന ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ ബഹിർഗമനത്തോതിൽ വീണ്ടും വലിയ വർധനയാണുണ്ടായിട്ടുള്ളത്.

സമുദ്രജലനിരപ്പുയരുന്നതിന്റെ വേഗം മുൻദശാബ്ദത്തെ അപേക്ഷിച്ച് ഇരട്ടിയായെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ മറ്റൊരു ഗൗരവമായ കാര്യം. 1993-2002-ൽ സമുദ്രജലനിരപ്പ് പ്രതിവർഷം ശരാശരി 2.27 മില്ലിമീറ്റർ ഉയർന്നപ്പോൾ 2003-2022-ൽ അത് 4.62 മില്ലീമീറ്ററാണ്. ശരാശരി 1.18 മീറ്ററെന്ന തോതിലാണ് മഞ്ഞുപാളികൾ ഉരുകിക്കൊണ്ടിരിക്കുന്നത്. അന്തരീക്ഷ താപനില കുറയ്ക്കാനുതകുന്ന ലാ നിന പ്രതിഭാസം പസഫിക് സമുദ്രത്തിൽ തുടർച്ചയായ മൂന്നുകൊല്ലം നിലനിന്നിട്ടും ആഗോള താപനിലയിലെ വർധന നിയന്ത്രിക്കാനായിട്ടില്ലെന്നത് ആശങ്കയോടെത്തന്നെ കാണണം. രേഖപ്പെടുത്തപ്പെട്ടവയിൽ ഏറ്റവും ചൂടുകൂടിയ എട്ടുവർഷമാണ് കടന്നുപോയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലാ നിന ‘എൽ നിനോ’ പ്രതിഭാസത്തിന് വഴിമാറാൻ തുടങ്ങുന്നെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പും കഴിഞ്ഞദിവസമാണെത്തിയത്. മഴലഭ്യത കൂട്ടി അന്തരീക്ഷത്തെ തണുപ്പിക്കുന്നതാണ് ലാ നിനയെങ്കിൽ മഴയില്ലാതാക്കുന്നതാണ് എൽ നിനോ. പസഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കൻ ഭാഗം ചൂടുപിടിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന എൽനിനോ ഈവർഷം അവസാനത്തോടെയോ അടുത്തവർഷം തുടക്കത്തിലോ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. അസഹ്യമായ ചൂടിൽ ചുട്ടുപൊള്ളിക്കൊണ്ടിരിക്കുന്ന കേരളമടക്കം ഈ റിപ്പോർട്ടിനെ ഗൗരവമായി കണ്ടേപറ്റൂ.

കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ ആഗോളക്കൂട്ടായ്മ വേണമെന്നും അത് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നുമുള്ള ആവശ്യത്തിന് ഒന്നരപ്പതിറ്റാണ്ടോളം പഴക്കമുണ്ട്. എന്നാൽ, ഇന്നും അത് സാധ്യമായിട്ടില്ലെന്നത് സങ്കടകരമാണ്. ആഗോള താപനിലവർധന ശരാശരി വ്യാവസായികവിപ്ലവത്തിന് മുമ്പുള്ള നിലയായ 1.50 ഡിഗ്രിയിൽ നിലനിർത്തണമെന്നാവശ്യപ്പെടുന്ന പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക്‌ എട്ടുവയസ്സായിട്ടും കാര്യമായ പ്രതിഫലനമുണ്ടാക്കാനായിട്ടില്ല. 194 രാജ്യങ്ങൾ ഒപ്പുവെച്ചെങ്കിലും ഉടമ്പടിയിലെ ലക്ഷ്യങ്ങൾ നേടാൻ ശ്രമംതുടങ്ങിയത് വെറും 24 രാജ്യങ്ങൾ മാത്രമാണ്. ആ 24 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നത് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ, വളരെപ്പെട്ടെന്ന് നേടിയെടുക്കാവുന്ന ഒന്നല്ല പാരീസ് ഉടമ്പടി മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യങ്ങൾ. പ്രത്യേകിച്ചും, വ്യവസായത്തിലൂന്നി മുന്നോട്ടുപോകുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ കണ്ണടച്ചു നടപടിയെടുക്കാനാവില്ല. പരിസ്ഥിതിയെയും ജനങ്ങളുടെ സാമ്പത്തികക്ഷേമത്തെയും തുല്യമായി പരിഗണിക്കുന്ന സുസ്ഥിരനടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കുകയാണാവശ്യം. കാലാവസ്ഥാ സംരക്ഷണത്തോട് വികസിതരാജ്യങ്ങൾ മുഖംതിരിച്ചുനിൽക്കുന്നതാണ് മറ്റൊരു വെല്ലുവിളി. ഇത്തരം സമീപനങ്ങളെ തിരുത്താൻ ആഗോളക്കൂട്ടായ്മ അനിവാര്യമാണ്.

ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസ് താഴെത്തന്നെ പിടിച്ചുനിർത്തുകയെന്നതാണ് കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള പ്രത്യാഘാതങ്ങൾ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ച് പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളെ ഉപയോഗപ്പെടുത്താനും കാർഷികമേഖലയെയും വനവത്കരണത്തെയും ശക്തിപ്പെടുത്താനുമുള്ള നടപടി ശക്തമാക്കാനും ഇനിയും വൈകിക്കൂടാ. ചുട്ടുപൊള്ളുന്ന, വറ്റിവരണ്ടൊരു ഭൂമിയെയാവരുത് വരുംതലമുറയ്ക്ക് കൈമാറാനായി നാം കാത്തുവെക്കേണ്ടത്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..