.
സാമൂഹികക്ഷേമ പെൻഷൻ കൈപ്പറ്റുമ്പോൾ വയോജനങ്ങളുടെ മുഖത്തുവിരിയുന്ന തെളിഞ്ഞ ചിരിയിലുണ്ട്, ആ ചെറിയതുക അവർക്ക് എത്രമാത്രം വലുതാണെന്ന്. ജീവിതസായന്തനത്തിൽ മരുന്നുവാങ്ങാനുള്ള തുകയെങ്കിലും കിട്ടുന്നത് അവർക്ക് സഹായവും ആശ്വാസവുമാണ്. മക്കളും ബന്ധുക്കളുമൊന്നുമില്ലാത്ത ഒട്ടേറെപ്പേരുടെ ജീവിതോപാധിതന്നെ പെൻഷനാണ്. അതേസമയം, ജീവിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനായി ഏർപ്പെടുത്തിയ മസ്റ്ററിങ് സംവിധാനം അവരെ സംബന്ധിച്ച് പരീക്ഷണംതന്നെയാണ്. പ്രായാധിക്യത്താലുള്ള അസുഖങ്ങളെല്ലാംപേറി, ചുട്ടുപൊള്ളുന്ന ചൂടിൽ അക്ഷയകേന്ദ്രങ്ങളിൽ മണിക്കൂറുകളോളം ഊഴംകാത്തിരിക്കേണ്ട അവസ്ഥയിലാണ് 52.19 ലക്ഷം പെൻഷൻകാർ. സെർവർ തകരാർകാരണം പലവട്ടം വന്നുമടങ്ങേണ്ടിവരുന്നുവെന്നതാണ് അതിലേറെ സങ്കടകരം. സെർവർ പ്രശ്നങ്ങളെല്ലാം മറികടന്നെത്തിയ അരലക്ഷത്തോളം ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ വാർത്ത. വർഷങ്ങൾക്കുമുമ്പ് ആധാർ എടുക്കുമ്പോൾ രേഖപ്പെടുത്തിയ വിരലടയാളവുമായി നിലവിലുള്ള വിരലടയാളം പൊരുത്തപ്പെടാത്തതാണ് കാരണം. 17.11 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോഴാണിത്. മൊത്തം ഒന്നരലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിൽ ഈ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. വിരലടയാളം പൊരുത്തപ്പെടാത്തവർക്ക് അക്ഷയകേന്ദ്രങ്ങളിൽതന്നെ ഐറിസ് സ്കാനർ ഉപയോഗിച്ച് കൃഷ്ണമണിഘടന നൽകി നടപടി പൂർത്തിയാക്കാനാവുമെങ്കിലും അധികൃതർ അതിനുള്ള സൗകര്യമൊരുക്കുന്നില്ല. മസ്റ്ററിങ് പരാജയപ്പെട്ടെന്ന രേഖയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും ഹാജരാക്കിയാലേ ഇനിയവർക്ക് പെൻഷൻ ലഭിക്കുകയുള്ളൂ. അതിനായുള്ള ഓട്ടമാണ് അടുത്തപടി.
സർക്കാരിന്റെ ജീവൻരേഖ പോർട്ടലിലേക്കുള്ള ലോഗിൻ പരാജയപ്പെടുന്നത് പതിവാണ്. സംസ്ഥാനത്തെ രണ്ടായിരത്തോളം അക്ഷയകേന്ദ്രങ്ങൾക്കാണ് നിലവിൽ ലോഗിൻ സൗകര്യമുള്ളത്. തിരക്കുകാരണം ഇവിടെയുള്ള നാലും അഞ്ചും കംപ്യൂട്ടറുകൾ ഒരേസമയം പ്രയോജനപ്പെടുത്തുന്നതിനാൽ ദിവസേനെയുള്ള ലോഗിൻ പതിനായിരത്തോളം വരും. ഇതുവഴി സെർവർ തകരാറിലാകുന്നതോടെ മണിക്കൂറുകൾ കാത്തുനിന്നവർക്ക് നിരാശരായി മടങ്ങേണ്ടിവരുന്നു. സെർവർശേഷി കൂട്ടാതെ കൂടുതൽ ഇന്റർനെറ്റ് സേവനകേന്ദ്രങ്ങൾക്ക് ലോഗിൻ സൗകര്യം നൽകാനാവില്ല. സെർവർശേഷി കൂട്ടി കൂടുതൽ കേന്ദ്രങ്ങളിൽ മസ്റ്ററിങ് ഏർപ്പെടുത്തിയാൽ ഒരുപരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കോമൺ സർവീസ് സെന്ററു(സി.എസ്.സി.)കളിലും മസ്റ്ററിങ് സൗകര്യം ഏർപ്പെടുത്താവുന്നതാണ്. വാഹൻ, സാരഥി തുടങ്ങിയവയുടെ അംഗീകൃത സേവനദാതാക്കളായ സി.എസ്.സി. സെന്ററുകൾ പാൻകാർഡ്, പാസ്പോർട്ട്, പി.എം.ജി. ദിശ തുടങ്ങിയ മുന്നൂറിലധികം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
മരിച്ചവരും സംസ്ഥാനത്തില്ലാത്തവരും പെൻഷൻവാങ്ങുന്നതും പലരും ഒന്നിൽക്കൂടുതൽ പെൻഷൻ കൈപ്പറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ 2016-‘17 കാലയളവിൽ മസ്റ്ററിങ് കൊണ്ടുവന്നത്. ബയോമെട്രിക് വിവരങ്ങൾ ആധാറിനെ അടിസ്ഥാനമാക്കി ശേഖരിക്കുന്ന മസ്റ്ററിങ് നിലവിൽവന്നതോടെ അഞ്ചുലക്ഷത്തോളം അനധികൃത പെൻഷൻകാർ പട്ടികയിൽനിന്ന് പുറത്തായി. വർഷം 600 കോടിയോളംരൂപ ഇതുവഴി ലാഭിക്കാൻ സർക്കാരിനായി. ഈ സംവിധാനത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യുന്നില്ലെങ്കിലും വയോജനങ്ങളെ ദുരിതത്തിലാക്കുന്ന രീതി അംഗീകരിക്കാനാവില്ല. രോഗവും പ്രായവും കാരണം അവശതയിലായവരെ ‘വെയിലത്തുനിർത്തി’ വയോജനസൗഹൃദസംസ്ഥാനമെന്ന് അവകാശപ്പെടുന്നതിൽ സത്യസന്ധതയില്ല. വരുംവർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മസ്റ്ററിങ് നടത്തണമെന്നാണ് സർക്കാർ നിർദേശം. 80 ശതമാനത്തിലധികം ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ തുടങ്ങിയവരുടെ വീടുകളിലെത്തി മസ്റ്ററിങ് ചെയ്യിക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്. മുഴുവൻ വയോജനങ്ങളുടെ കാര്യത്തിലും ഇത് നടപ്പാക്കാനാവുമോ എന്ന കാര്യം സർക്കാരിന് പരിഗണിക്കാവുന്നതാണ്. കോവിഡ്കാലത്ത് നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി വയോജനങ്ങളുടെ വോട്ട് രേഖപ്പെടുത്തി മാതൃകയായിരുന്നു. അക്ഷയകേന്ദ്രങ്ങളിൽ നേരിട്ടെത്തിയുള്ള മസ്റ്ററിങ്ങിനുപകരം, പ്രായോഗികമായ മറ്റുസാധ്യതകൾ സർക്കാർ ആരായേണ്ടതുണ്ട്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..