.
സംസ്ഥാനത്തെ ഗതാഗതനിയമപാലന രംഗത്ത് വലിയ പരിഷ്കരണം കൊണ്ടുവരുന്നതാണ് പുതിയ നിർമിതബുദ്ധി ക്യാമറകളുടെ വിന്യാസം എന്ന കാര്യത്തിൽ സംശയമില്ല. വർധിച്ചുവരുന്ന അപകടങ്ങളും മരണങ്ങളും തടയാൻ അതത് കാലത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ തേടുകതന്നെ വേണം. അതേസമയം, നിയമലംഘനം തടയാനുള്ള സംവിധാനത്തിൽ നിയമവിരുദ്ധതയും അഴിമതിയും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിർമിതബുദ്ധിക്യാമറകളുടെ കരാറും ചെലവുമെല്ലാം ഇപ്പോൾ സംശയങ്ങളുടെ നിഴലിലാണ്. കരാറിലും ഉപകരാറുകളിലുമെല്ലാം വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷകക്ഷികൾ രേഖകൾ വെച്ച് ആരോപിക്കുന്നു. നിർമിതബുദ്ധി ക്യാമറകൾ എന്ന വിശേഷണത്തിന്റെ സാംഗത്യംതന്നെ ചോദ്യംചെയ്യപ്പെടുന്നുണ്ട്. 232 കോടിരൂപ ചെലവിട്ട് സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകൾ എത്രത്തോളം നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ട് എന്ന് സർക്കാരോ കെൽട്രോണിന്റെ സാങ്കേതികവിദഗ്ധരോ വ്യക്തമാക്കിയിട്ടില്ല. രാത്രിയും പകലും വ്യക്തമായ ചിത്രമെടുക്കുന്ന ക്യാമറയെന്നതിൽക്കവിഞ്ഞ് ഇതിന്റെ നിർമിതബുദ്ധിപരമായ മറ്റു സവിശേഷതകൾ എന്തൊക്കെയാണെന്ന് ആരും പറയുന്നില്ല.
പദ്ധതിക്ക് കരാർ കൊടുത്തതിൽ അഴിമതിയുണ്ടെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളോട് ഇനിയും സർക്കാർ വ്യക്തമായി പ്രതികരിച്ചിട്ടില്ല. കരാർകമ്പനി കെൽട്രോൺ ആണെങ്കിലും അവർ സ്രിറ്റ് എന്ന ഒരു കമ്പനിക്ക് ഉപകരാർ കൊടുത്തിട്ടുണ്ട്. ആ കമ്പനി മറ്റ് രണ്ടുകമ്പനികൾക്ക് വീണ്ടും ഉപകരാർ കൊടുത്തു. അവർ 75 കോടിരൂപയ്ക്ക് നടപ്പാക്കാമെന്നുപറഞ്ഞ പദ്ധതിയാണ് ഇപ്പോൾ 232 കോടിരൂപയ്ക്ക് നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഉപകരാർ ലഭിച്ച കമ്പനികൾക്ക് ഇത് നടപ്പാക്കാൻ മുൻപരിചയവും പ്രാപ്തിയുമുണ്ടോ എന്ന ചോദ്യവും ഉയരുന്നു. ഇതിന്റെയൊക്കെ വസ്തുതയെന്താണെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. എന്നാൽ, ഗതാഗതമന്ത്രി ഉത്തരവാദിത്വം കെൽട്രോണിനാണെന്നാണ് വ്യക്തമാക്കുന്നത്. ഉപകരണങ്ങൾ സ്വകാര്യകമ്പനികളിൽ നിന്ന് വാങ്ങരുതെന്ന ധനവകുപ്പിന്റെ നിർദേശം കെൽട്രോൺ ലംഘിച്ചെന്ന് ആരോപണമുണ്ട്. തങ്ങൾ കരാർ നൽകിയ കമ്പനി മറ്റാർക്കെങ്കിലും ഉപകരാർ നൽകിയതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്. ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണിപ്പോൾ ഈ പദ്ധതി. ഇതിന്റെയൊക്കെ വിശദവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും അത് നൽകുന്നില്ലെന്നത് കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും അറിയാൻ ജനത്തിന് അവകാശമുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടിനൽകി ഈ വിവാദം അവസാനിപ്പിക്കേണ്ടത് സർക്കാരാണ്.
ഇത്തരമൊരു ഗതാഗതനിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിന് സമാന്തരമായി നമ്മൾ നടത്തേണ്ട മുന്നൊരുക്കവും പ്രധാനമാണ്. ഹെൽമെറ്റ് ധരിക്കാത്ത യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനങ്ങളിൽ രണ്ടിലേറെപ്പേരെ കയറ്റുക, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം, അനധികൃത പാർക്കിങ്, അതിവേഗം, ചുവപ്പുസിഗ്‌നൽ ലംഘനം എന്നീ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും ആദ്യഘട്ടത്തിൽ ക്യാമറകളുടെ സഹായത്തോടെ പിടികൂടുന്നത്. ഈ വിഷയങ്ങളിൽ വ്യാപകമായ ബോധവത്കരണപരിപാടികൾ നേരത്തേ സംഘടിപ്പിക്കേണ്ടതായിരുന്നു. സ്കൂൾ പാഠ്യപദ്ധതിയിൽത്തന്നെ ഇവയൊക്കെ ഉൾപ്പെടുത്തണം. നമ്മുടെ റോഡുകൾ റബ്ബറൈസ് ചെയ്ത് നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഇടുങ്ങിയതാണ്. ഒരിടത്തും പാർക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ല. ഇതൊരുക്കാതെ അനധികൃതപാർക്കിങ്ങിന് പിഴചുമത്തുന്നതിന്റെ യുക്തി ചോദ്യംചെയ്യപ്പെടും. നിരന്തരം ഗതാഗതക്കുരുക്കുണ്ടാവുന്ന റോഡുകളിൽ പലനിയമങ്ങളും നോക്കുകുത്തിയാവും. പലയിടത്തും സിഗ്‌നൽലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. റോഡിലെ വെള്ളയും മഞ്ഞയും വരകൾപോലും തെളിയാത്തിടങ്ങളുണ്ട്. നിയമപരിഷ്കരണം കൊണ്ടുവരുമ്പോൾ ഇത്തരം ഭൗതികസാഹചര്യങ്ങൾ കൂടി മെച്ചപ്പെടുത്തണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..