കേരളത്തിനുവേണ്ടത്  കൂടുതൽ പരിഗണന


2 min read
Read later
Print
Share

രാഷ്ട്രീയ പദ്ധതികൾക്കപ്പുറം കേരളത്തിന്റെ കാതലായ പ്രശ്നങ്ങൾ മറ്റുപലതാണ്

.

രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണമാണ് സംസ്ഥാനം നൽകിയത്. തേവര എച്ച്.എസ്. കോളേജ് മൈതാനത്തെ ജനക്കൂട്ടം അതിന്റെ തെളിവാണ്. യുവാക്കളോട് സംവദിക്കുന്ന ‘യുവം 2023’ പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. അതോടൊപ്പം കേരളത്തിലൂടെയുള്ള വന്ദേഭാരത് തീവണ്ടി സർവീസ്, കൊച്ചി വാട്ടർ മെട്രോ, സയൻസ് പാർക്ക്, വിവിധ റെയിൽവേ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാജ്യത്തിന് മാതൃകയാണ് കേരളത്തിന്റെ വികസന പദ്ധതികൾ എന്നദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇത്തവണ വ്യക്തമായ വിവിധോദ്ദേശ്യപദ്ധതിയുമായാണ് പ്രധാനമന്ത്രിയുടെ വരവെന്ന് നിസ്സംശയം പറയാം. വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനപ്പുറം ചില രാഷ്ട്രീയലക്ഷ്യങ്ങൾകൂടി അതിന്റെ പിറകിലുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് അദ്ദേഹം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടത്തെ യുവാക്കളെ കൂടെനിർത്താനുള്ള ശ്രമം ഓരോ വേദിയിലും പ്രകടമായിരുന്നു. കേരളമെന്ന ബാലികേറാമല കയറാൻ കൈത്താങ്ങിനുവേണ്ടിയാണ് ക്രൈസ്തവ മതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവർ നൽകിയ പിന്തുണ കേരളത്തിൽനിന്നും ഉണ്ടാവണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ഇത്തരം രാഷ്ട്രീയപദ്ധതികൾക്കപ്പുറം കേരളത്തിന്റെ കാതലായ പ്രശ്നങ്ങൾ മറ്റുപലതാണ്. അതിൽ ചിലതിനെങ്കിലും പ്രധാനമന്ത്രിയുടെ വരവിലൂടെ പരിഹാരവുമെന്ന് കരുതിയവർ നിരാശരായി. കേരളം കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്വപ്നപദ്ധതിയാണ് എയിംസ്. 2014-ൽ അത് കേരളത്തിന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാലംവരെ അതിന് ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഇതിനിടയിൽ 23 സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചിട്ടുണ്ട്. നാലുജില്ലകളിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടും പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ല. ഇത് കേരളത്തോടുള്ള തികഞ്ഞ അവഗണനയാണെന്നു പറയാതിരിക്കാനാവില്ല. റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്ന് ക്രൈസ്തവ മതാധ്യക്ഷന്മാരുമായി ഇത്തവണ നടത്തിയ ചർച്ചയിലും അവർ ആവശ്യപ്പെട്ടു. പക്ഷേ, അനുകൂലമായ ഒരു മറുപടിയും ഉണ്ടായില്ല. ഇപ്പോഴും കിലോയ്ക്ക് 150 രൂപയിൽത്താഴെയാണ് റബ്ബറിന്റെ വില. പുതുകൃഷിക്കുള്ള സബ്‌സിഡി കൂട്ടണമെന്ന് കേരളം എത്രയോ കാലമായി ആവശ്യപ്പെടുന്നതാണ്. അതിവേഗ തീവണ്ടിയെന്നത് കേരളത്തിന് എന്നോ വേണ്ടതായിരുന്നു. ‘വന്ദേഭാരത്’ ആ കുറവുനികത്തുമെന്ന് പ്രതീക്ഷിക്കുമ്പോഴും അതിവേഗത്തിന് യോജിച്ച പാതകൾ കേരളത്തിലില്ല എന്ന യാഥാർഥ്യം മുന്നിലുണ്ട്. പുതുതലമുറതീവണ്ടികൾക്ക് യോജിച്ച പുതിയപാതകൾ കേരളത്തിനു വേണം. നിലവിലെ ചില പാതകളെങ്കിലും ഇരട്ടിപ്പിക്കണം. വരുംവർഷങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കാം.

കേന്ദ്രനികുതിയിൽനിന്ന് കേരളത്തിന് കിട്ടേണ്ട വിഹിതത്തിൽ ഈയിടെയായി വലിയകുറവാണ് വരുത്തിയിട്ടുള്ളത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കേരളത്തിന് അർഹമായ കേന്ദ്രവിഹിതം തടസ്സംകൂടാതെ ലഭിക്കണം. ഒരുഭാഗത്ത് ജനസംഖ്യ കുറയ്ക്കാൻ ആവശ്യപ്പെടുകയും മറുഭാഗത്ത് ജനസംഖ്യാനുപാതികമായി വിഹിതം കുറയ്ക്കുകയും ചെയ്യുന്നത് കേരളംപോലുള്ള സംസ്ഥാനങ്ങളോട് ചെയ്യുന്ന നീതികേടാണ്. കേന്ദ്രവിഹിതവും വികസനപദ്ധതികളുമെല്ലാം കേരളീയരുടെ അവകാശമാണ്. അവരുടെകൂടി നികുതിപ്പണമാണത്. അവകാശങ്ങൾ രാഷ്ട്രീയത്തിനതീതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണാധികാരികൾക്കാണ്. കേരളവും കേന്ദ്രവും ഒരുമിച്ചു പരിശ്രമിച്ചാൽ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..