.
മലയാളസിനിമയെന്ന വൻമരം ഇലപൊഴിക്കുന്ന വേനൽക്കാലമാണിത്. പ്രേക്ഷകരുടെ മനസ്സിലേക്ക് വേരുപടർത്താൻ പോഷകമൊരുക്കിയവർ ഓരോരുത്തരായി കൊഴിഞ്ഞുപോകുന്നു. ഇന്നസെന്റ് വിടപറഞ്ഞതിന്റെ വേദനമാറുംമുമ്പേ ഇപ്പോൾ മാമുക്കോയയും യാത്രയായി. മലയാളസിനിമയിൽ താരഭാരങ്ങളില്ലാത്ത നടനായിരുന്നു ടി.കെ. മാമു, മാമു തൊണ്ടിക്കാട് എന്നൊക്കെ അറിയപ്പെട്ടിരുന്ന മാമുക്കോയ. 1946 ജൂലായ് അഞ്ചിന് കോഴിക്കോട് പള്ളിക്കണ്ടിയിൽ ജനിച്ച അദ്ദേഹം പത്താംക്ലാസുവരെ കോഴിക്കോട് എം.എം. ഹൈസ്കൂളിൽ പഠിച്ചു. തുടർപഠനം ജീവിതമെന്ന മഹാസർവകലാശാലയിൽ. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ നാടകങ്ങളായിരുന്നു കൂട്ട്. സാധാരണ മുസ്‌ലിം കുടുംബത്തിൽ ജനിച്ച മാമുക്കോയയെ കലയുടെ കൈവഴികളിലേക്ക് കൈപിടിക്കാൻ അന്ന് കെ.ടി. മുഹമ്മദും വാസുപ്രദീപും എ.കെ. പുതിയങ്ങാടിയുമൊക്കെ ഉണ്ടായിരുന്നു. അവരുടെയൊക്കെ നാടകങ്ങളിൽ അഭിനയിച്ചു. അപ്പോഴും ജീവിതം എന്ന യാഥാർഥ്യം മാമുക്കോയയെ നോക്കി പല്ലിളിച്ചു. അതിനെ നേരിടാൻ കല്ലായിയിലെ മരമില്ലുകളിൽ പണിക്കുപോയി. മരമളന്നും നമ്പറിട്ടും ഗുണം നോക്കിയും വരുമാനം കണ്ടെത്തി. കലങ്ങിയും കരകവിഞ്ഞും മെലിഞ്ഞും പലഭാവങ്ങളിലൊഴുകിയിരുന്ന കല്ലായിപ്പുഴ മാമുക്കോയയെ ജീവിതത്തിന്റെ കുത്തൊഴുക്കുകൾക്കെതിരേ നീന്താൻ പഠിപ്പിച്ചു. 1979-ൽ നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലൂടെ മാമുക്കോയയുടെ മുഖം ആദ്യമായി തിരശ്ശീലയിൽ തെളിഞ്ഞു.
പിന്നീട് ചെറിയചെറിയ വേഷങ്ങൾ. കൂടുതലും മാപ്പിളത്തനിമയുള്ളവയായിരുന്നു. മാമുക്കോയയുടെ വരവോടെ മലയാളസിനിമയിൽ കോഴിക്കോടൻ മാപ്പിളഭാഷയുടെ പുത്തൻ കൊടിയേറ്റമായി. നാടൻ കഥാപാത്രങ്ങളുടെ നൈർമല്യവും നർമവും മാമുക്കോയയിലൂടെ മലയാളസിനിമയിലേക്ക് പതഞ്ഞൊഴുകി. മന്ത്രമോതിരം എന്ന സിനിമയിൽ മഹർഷിയുടെ വേഷം കെട്ടുന്ന, നാടകക്കാരനായ അബ്ദുക്ക എന്ന മാമുക്കോയയുടെ കഥാപാത്രത്തിന്റെ ഭാഷയെ ദിലീപിന്റെ കഥാപാത്രം പരിഹസിക്കുന്നുണ്ട്. അതിന് മറുപടി ഇങ്ങനെയായിരുന്നു: ‘‘കുമാരാ, അനക്ക് ഈയിടെയായിട്ട് വർഗീയത കുറച്ച് കൂടുന്നുണ്ട്. മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനയേ പറയൂ.’’ ഈ നിഷ്കളങ്കത തന്നെയായിരുന്നു മാമുക്കോയയുടെ അഭിനയത്തിന്റെ സൗന്ദര്യം. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ നമ്പൂതിരിവേഷം കെട്ടിയ മാപ്പിളയായി മാമുക്കോയ നമ്മെ രസിപ്പിച്ചു. ആൾമാറാട്ടം നടത്തുമ്പോൾ ഈ ഭാഷ പ്രശ്നമാണെന്ന് മോഹൻലാലിന്റെ കഥാപാത്രം ഓർമിപ്പിക്കുമ്പോൾ മാമുക്കോയയുടെ കഥാപാത്രം പറയുന്നത്: ‘‘ഇങ്ങള് സബൂറാക്കീന്ന്, ഒക്കെ സലാമത്താവും’’ എന്നാണ്. ജാതിയും മതവും തീർത്ത ആഢ്യധാരണകളുടെ നീർക്കുമിളകളെ നാട്ടുഭാഷയുടെ കൂർത്ത ഹാസ്യമുനകൊണ്ട് കുത്തിപ്പൊട്ടിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലും സിനിമയിലും അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.
ഭാഷമാത്രമല്ല, പരിഹസിക്കപ്പെടാവുന്ന സ്വന്തം ശരീരസവിശേഷതകളെയും അദ്ദേഹം അഭിനയോപാധിയാക്കി. കൺകെട്ടിലെ കീലേരി അച്ചു, റാംജിറാവുവിലെ ഹംസക്കോയ, നാടോടിക്കാറ്റിലെ ഗഫൂർ, വരവേൽപ്പിലെ ഹംസ, മഴവിൽക്കാവടിയിലെ കുഞ്ഞിക്കാദർ തുടങ്ങിയവയൊക്കെ മാമുക്കോയക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളാണ്. ‘പെരുമഴക്കാല’ത്തിലൂടെ ഗൗരവമേറിയ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ഇതിലെ അബ്ദു എന്ന കഥാപാത്രത്തിന് പ്രത്യേക ജൂറി പരാമർശമുണ്ടായിരുന്നു. സിനിമാതാരമെന്ന ജാടയില്ലാതെ, കേരളത്തിലങ്ങോളമിങ്ങോളം മാമുക്കോയ നാട്ടുകാർക്കിടയിലൂടെ നടന്നു. ഓരോ ജനകീയപ്രശ്നങ്ങളിലും ഇടപെട്ടു. സിനിമയിലെ കലയും കള്ളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ എതിർത്തു. സ്വയംനശിച്ചുകൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുന്നവരെ പരിഹസിച്ചു. തീവ്രവാദരാഷ്ട്രീയത്തെ ചീത്തപറഞ്ഞു. തീവ്രവാദത്തിന്റെ പേരിൽ ഒരുവിഭാഗത്തെമാത്രം കുറ്റപ്പെടുത്തുന്നതിനെ വിമർശിച്ചു. എന്നിട്ടും ഒരു വിവാദത്തിന്റെയും വലയിൽ അദ്ദേഹം കുരുങ്ങിയില്ല. അതായിരുന്നു മാമുക്കോയ എന്ന പച്ചമനുഷ്യൻ. ആഡംബരങ്ങളില്ലാത്ത ആ കലാജീവിതത്തിന് മാതൃഭൂമിയുടെ ആദരാഞ്ജലികൾ.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..