ഇളവുകൾ സ്വാഗതാർഹം


2 min read
Read later
Print
Share

വിജ്ഞാപനം വന്നതോ സർക്കാർ പരിഗണനയിലുള്ളതോ ആയ വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധി ബാധകമാകില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്

.


കരുതൽമേഖല സംബന്ധിച്ച മുൻ ഉത്തരവിൽ ഇളവുകൾ നൽകിയ സുപ്രീംകോടതി വിധി വലിയ ആശ്വാസമായി. വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്കുചുറ്റും ഒരു കിലോമീറ്റർ കരുതൽമേഖല നിർബന്ധമാക്കി 2022 ജൂൺ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇളവുകൾ അനുവദിച്ചത്. എന്നാൽ, ഖനനം, വൻകിട നിർമാണം എന്നിവയ്ക്ക് ഇളവില്ല. ദൈനംദിന ജനജീവിതത്തെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചത് വിഷയത്തിൽ ഉയർന്നുവന്ന ആശങ്കകൾ മനസ്സിലാക്കിയാകണം.വിജ്ഞാപനം വന്നതോ സർക്കാർ പരിഗണനയിലുള്ളതോ ആയ വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധി ബാധകമാകില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇതും വളരെ ഗുണകരമാണ്. കേരളത്തിൽ 17 സങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും കരട് വിജ്ഞാപനം കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞതാണ്. മതികെട്ടാനിൽ അന്തിമവിജ്ഞാപനവുമായി. പല സംസ്ഥാനങ്ങളിലായി കിടക്കുന്നതും സംസ്ഥാനാതിർത്തികളിലുള്ളതുമായ സംരക്ഷിതമേഖലകളിലും ജൂൺ മൂന്നിലെ വിധി ബാധകമാകില്ലെന്നാണ് കോടതി പറഞ്ഞത്.

കേരളത്തിൽ വന്യജീവിസങ്കേതങ്ങളുടെയും ഉദ്യാനങ്ങളുടെയും ചുറ്റും ഓരോ കിലോമീറ്റർ നിയന്ത്രണം ഏർപ്പെടുത്തിയാൽ നാലുലക്ഷം ഏക്കർ ഭൂമി നിയന്ത്രണത്തിലായിപ്പോകും. സംസ്ഥാന സർക്കാർ ജൂൺ മൂന്നിന്റെ വിധിയുടെ പശ്ചാത്തലത്തിൽ നടത്തിയ പഠനത്തിൽ കരുതൽ മേഖലകളിൽ 70,582 നിർമിതികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സാധാരണജീവിതം സ്തംഭിച്ചു പോകുമെന്ന തിരിച്ചറിവിൽ സംസ്ഥാനത്ത് വലിയതോതിൽ ജനകീയസമരങ്ങൾ രൂപപ്പെട്ടിരുന്നു.ജൂൺ മൂന്നിലെ വിധിപ്രകാരം കരുതൽമേഖലയിൽ ഖനനം, നിർമാണം, കൃഷിയിടരൂപമാറ്റം, അടിസ്ഥാനസൗകര്യവികസനം, ഫാക്ടറികളുടെ പ്രവർത്തനം, മരംമുറി, രാത്രിയാത്ര എന്നിവയ്ക്കെല്ലാം നിയന്ത്രണം വന്നേനെ. കേരളത്തിന്റെ മലയോരമേഖലകളുടെ വികസനം പൂർണമായും നിലച്ചുപോകുമെന്ന നിലയുണ്ടായി. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഭൂരേഖകൾ കൈവശമുള്ള, പലതലമുറകളായി ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ അവകാശങ്ങളിലുള്ള കൈകടത്തലായി ഈ നിയന്ത്രണങ്ങൾ വിലയിരുത്തപ്പെട്ടു. രേഖകളുള്ള മറ്റ് റവന്യൂഭൂമികളിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ ഇവിടെമാത്രം അടിച്ചേൽപ്പിക്കുന്നതായും കൃഷിക്കാർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തന്നെ ഇത്തരം വിഷമങ്ങൾ മനസ്സിലാക്കിയെന്നത് സംസ്ഥാനത്തിന് ആശ്വാസമായി. നിയമപോരാട്ടം നടത്തിയ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കർഷകസംഘടനകൾക്കും അഭിമാനിക്കാനും വകയുണ്ട്.

ആശ്വാസത്തിന്റെ അന്തരീക്ഷത്തിലും ചില ആശങ്കകൾ ഇപ്പോഴും ബാക്കിയാണ്. 2022 മേയ് 17-ന് പുറത്തിറക്കിയ കേന്ദ്ര ഉത്തരവ്, 2011 ഫെബ്രുവരിയിലെ കരുതൽമേഖലാ നിയന്ത്രണ നിർദേശങ്ങൾ എന്നിവ പാലിക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നതാണ് കാരണം. പരിസ്ഥിതിലോലമേഖലകളിൽ ഭൂവിനിയോഗങ്ങൾക്കോ പദ്ധതികൾക്കോ മൂന്ന് വിഭാഗമായി തിരിച്ച് അനുമതി നൽകുന്നതാണ് മേയ് 17-ലെ ഉത്തരവിലുള്ളത്. 2011-ലെ കരുതൽമേഖലാ മാർഗനിർദേശങ്ങൾ എന്തൊക്കെയാകാം, പാടില്ല എന്നതാണ്. ഖനനം, മരമില്ലുകളുടെ പ്രവർത്തനം, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, ജലവൈദ്യുത പദ്ധതികൾ, വിറകിന്റെ വാണിജ്യപരമായ ഉപയോഗം എന്നിവയ്ക്കാണ് പൂർണവിലക്ക് അതിലുള്ളത്. ഹോട്ടൽ, റിസോർട്ട് പ്രവർത്തനം, കൃഷിയിട രൂപമാറ്റം, മതിൽ, വേലി നിർമാണം, രാത്രിയാത്ര, മരംവെട്ട് എന്നിവയ്ക്ക് നിയന്ത്രണവും പറയുന്നുണ്ട്. ഈ രണ്ട് സർക്കാർ മാർഗരേഖകൾ സംബന്ധിച്ച് കോടതിതന്നെ കൃത്യത വരുത്തണമെന്ന് കർഷകരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. കരുതൽമേഖലയിൽ ഇളവുകൾ മാത്രമാണ് വന്നതെന്നും കരുതൽമേഖല ഇല്ലാതാക്കിയിട്ടില്ലെന്നും അവർ പറയുന്നു. മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന കോടതികളുടെ മുൻ നിലപാടുകൾ ഇതിലും തുണയാകുമെന്ന് കരുതുന്നു.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..