അതിർത്തികൾ ശാന്തമാവട്ടെ


2 min read
Read later
Print
Share

സംഘർഷഭരിതമായ അതിർത്തികൾക്കുള്ളിൽ കഴിയുന്ന ഒരു ജനതയും ശാന്തമായി ജീവിച്ചിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്

.

പതിറ്റാണ്ടുകളായി പുകയുന്ന ഇന്ത്യ-ചൈന അതിർത്തിത്തർക്കത്തിന് അല്പം അയവുണ്ടാകുമെന്ന പ്രതീക്ഷനൽകുന്നതാണ് കഴിഞ്ഞദിവസം ഇരു പ്രതിരോധമന്ത്രിമാരും തമ്മിൽനടന്ന ചർച്ച. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുവും തമ്മിലാണ് ന്യൂഡൽഹിയിൽ ചർച്ചനടത്തിയത്. മൂന്നുവർഷത്തിനുശേഷമാണ് ഇരു പ്രതിരോധമന്ത്രിമാരും തമ്മിൽ ഇത്തരമൊരു ചർച്ച നടക്കുന്നത്. ചൈനയുമായുള്ള അതിർത്തിത്തർക്കത്തിന് ബ്രിട്ടീഷ് ഇന്ത്യാ കാലത്തോളംനീണ്ട ചരിത്രമുണ്ട്. സിംല കൺവെൻഷന്റെ ഭാഗമായി, 1914 മാർച്ചിൽ ഇരുരാജ്യങ്ങളുടെയും അതിർത്തിയായി മക്‌മോഹൻ രേഖ നിശ്ചയിച്ചു. എന്നാൽ, അത് ചൈനയ്ക്ക് സ്വീകാര്യമായിരുന്നില്ല. കാരക്കോറം മലനിരകളിലെ ജലപാതനിര അതിർത്തിയാക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം. കുൻലുൻ മലനിരകളുടെ ജലപാതനിര അതിർത്തിയാക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു. 1975-ൽ സിക്കിം ഇന്ത്യയിൽ ചേർന്നെങ്കിലും ചൈന അത് അംഗീകരിക്കുന്നത് 2004-ലാണ്. എന്നിട്ടും 2017-ൽ സിക്കിം പ്രദേശം തങ്ങളുടേതാക്കിക്കാണിച്ച് അവർ ഭൂപടം പ്രസിദ്ധീകരിച്ചു. 1962-ലെ യുദ്ധത്തിനുശേഷം അരുണാചൽപ്രദേശിൽനിന്ന് ചൈന പിൻവാങ്ങിയിരുന്നു. എന്നാൽ, പിന്നീടും പലതവണ അരുണാചൽ തങ്ങളുടെ അവിഭാജ്യഭാഗമാണെന്ന് അവർ ആവർത്തിച്ചു. അങ്ങനെ അതിർത്തിയിൽ നിരന്തരം സംഘർഷമുണ്ടായി. 2020 ജൂണിൽ 14-ാം പട്രോൾ പോയന്റിൽ ചൈന സ്ഥാപിച്ച ടെന്റ് നീക്കാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ജൂൺ 15-ന് രാത്രി ഗാൽവനിൽ നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറിയ ചൈനീസ് പട്ടാളത്തെ ഇന്ത്യൻസേന നേരിട്ടു. അന്ന് 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. അതിലിരട്ടി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു. തുടർന്ന് രണ്ടുരാജ്യങ്ങളിലെയും സൈനികോദ്യോഗസ്ഥരും പ്രതിരോധമന്ത്രിമാരും ചർച്ച നടത്തുകയും സൈന്യങ്ങളെ അതിർത്തിയിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

ആ സംഭവത്തിനുശേഷം ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ തമ്മിൽ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ച എന്ന പ്രാധാന്യം ഇപ്പോഴുണ്ട്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. അതിർത്തിയിലെ സമാധാനമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയെന്നും നിയന്ത്രണരേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് രാജ്‌നാഥ് സിങ്, ലീ ഷാങ്ഫുവോട് ആവശ്യപ്പെട്ടത്. നിലവിലുള്ള കരാറുകളുടെ ലംഘനമാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും സിങ് സൂചിപ്പിച്ചു. എന്നാൽ, അതിർത്തിയിലെ സ്ഥിതി സുസ്ഥിരമായി തുടരുകയാണെന്നാണ് ലീയുടെ പക്ഷം. സൈനിക നയതന്ത്ര വഴികളിലൂടെ ആശയവിനിമയം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇരുപക്ഷവും ദീർഘകാല വീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഇരുസൈന്യവും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിൽ തുടർച്ചവേണം. ഇന്ത്യയും ചൈനയും തമ്മിൽ ഭിന്നതകളെക്കാൾ പൊതുതാത്പര്യങ്ങളാണ് പങ്കിടുന്നതെന്ന, പ്രതീക്ഷയേകുന്ന നിലപാടുകൂടി അദ്ദേഹം പറഞ്ഞു.

എന്തുതന്നെയായാലും, അതിർത്തിത്തർക്കങ്ങൾ ഏതു രാജ്യത്തെയും ജനങ്ങളുടെ സ്വസ്ഥജീവിതത്തെയാണ് നശിപ്പിക്കുന്നത്. ചൈന ഒരുവർഷം 17,900 കോടി ഡോളറും ഇന്ത്യ 6600 കോടി ഡോളറും പ്രതിരോധ ആവശ്യങ്ങൾക്കായി ചെലവിടുന്നെന്നാണ് കണക്ക്. ഇരുരാജ്യത്തെയും വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട പണമാണിത്. സംഘർഷഭരിതമായ അതിർത്തികൾക്കുള്ളിൽ കഴിയുന്ന ഒരു ജനതയും ശാന്തമായി ജീവിച്ചിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. സാമ്രാജ്യവികസനത്തിനായി പരസ്പരം പോരാടിയ പ്രാകൃത ഗോത്രസമൂഹമല്ലിത്. ഇന്റർനെറ്റിന്റെ വലകൾക്കുള്ളിൽ കണ്ണിചേർക്കപ്പെട്ടതാണ് നമ്മുടെ സമൂഹം. ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും മനുഷ്യർ ആഗോളമാനവരായി വികസിക്കുകയും ചെയ്യുന്ന കാലത്ത് അതിരുകൾ എന്ന സങ്കല്പംതന്നെ പരിഹാസ്യമാണ്. ‘സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധിതേടുന്നു’ എന്ന കവിവാക്യമാണ് ഇനി നമ്മെ നയിക്കേണ്ടത്. പരസ്പരം വിട്ടുവീഴ്ചകൾചെയ്ത് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾ എന്നന്നേക്കുമായിത്തന്നെ പരിഹരിക്കണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..