ആത്മാഭിമാനത്തെ പ്രതിച്ഛായകൊണ്ട് അളക്കരുത്


2 min read
Read later
Print
Share

നീതിനിഷേധംപോലെത്തന്നെ അപകടകരമാണ് നീതിക്കായി തെരുവിലിറങ്ങേണ്ടിവരുന്നവരെ തള്ളിപ്പറയുന്നതും

.

ഒളിമ്പിക്സ് വേദിയിലെ പോഡിയത്തിൽ മെഡലുമായി രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയ താരങ്ങൾ വെറുംനിലത്ത് നീതിക്കായി കൈകൂപ്പിയിരിക്കുന്ന സങ്കടകരമായ കാഴ്ചയിലൂടെയാണ് ഇന്ത്യൻ കായികരംഗം ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്താൻ ഏറ്റവും നല്ലമാർഗം അവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയാണെന്ന തിരിച്ചറിവില്ലാത്ത കായികനേതൃത്വം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. നീതിനിഷേധംപോലെത്തന്നെ അപകടകരമാണ് നീതിക്കായി തെരുവിലിറങ്ങേണ്ടിവരുന്നവരെ തള്ളിപ്പറയുന്നതും.

ഒളിമ്പിക്സ് അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഗുസ്തിതാരങ്ങളാണ് ഡൽഹിയിലെ ജന്തർമന്തറിൽ നീതിക്കായി സമരംചെയ്യുന്നത്. അവരുടെ പ്രശ്നം സങ്കീർണമാണ്. ഗുസ്തി ഫെഡറേഷൻ മേധാവിയും രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പി.യുടെ ലോക്‌സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ഏഴു വനിതാ ഗുസ്തിതാരങ്ങളാണ് ലൈംഗികാരോപണമുയർത്തി പരാതി നൽകിയത്. ഇക്കാര്യത്തിൽ നടപടി വൈകിയതോടെയാണ് താരങ്ങൾക്ക് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നത്. ടോക്യോ ഒളിമ്പിക്സിൽ വെങ്കലംനേടിയ ബജ്‌രംഗ് പുനിയ, റിയോ ഒളിമ്പിക്സിൽ വെങ്കലംനേടിയ സാക്ഷി മാലിക്, ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണംനേടിയ വിനേഷ് ഫൊഗട്ട് എന്നിവരാണ് സമരത്തിന് നേതൃത്വംനൽകുന്നത്. ഒടുവിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ ബ്രിജ് ഭൂഷണിന്റെപേരിൽ ഡൽഹി പോലീസ് രണ്ടുകേസെടുത്തിട്ടുണ്ട്. പോക്സോ പ്രകാരവും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കുമാണ് കേസുകൾ. ഗോദയിൽ നേരിട്ടതിനെക്കാൾ കടുപ്പമേറിയ പോരാട്ടമാണ് താരങ്ങൾക്ക് അധികൃതരിൽനിന്ന് നേരിടേണ്ടിവന്നത്. രണ്ടാംവട്ടവും താരങ്ങൾ നീതിക്കായി തെരുവിലെത്തിയതിനെ രൂക്ഷമായി വിമർശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, തങ്ങളുടെ കൂറ് എവിടെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന നേടിയ മൂന്നുതാരങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടിവന്നത് കായികസംഘടനാരംഗത്തെ മൂല്യച്യുതി വെളിപ്പെടുത്തുന്നു.

ജനുവരിയിൽ ബ്രിജ്ഭൂഷണിനെതിരേ താരങ്ങൾ സമരവുമായി തെരുവിലെത്തിയിരുന്നു. എന്നാൽ, കേന്ദ്ര കായികമന്ത്രാലയം കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിച്ചു. ഇതിന്റെ ഭാഗമായി ബോക്‌സിങ് താരം മേരികോം അധ്യക്ഷയായി ഏഴംഗസമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്മേൽ നടപടി വൈകുന്നതും ബ്രിജ്ഭൂഷണിന്റെപേരിൽ പോലീസ് കേസെടുക്കാത്തതുമാണ് രണ്ടാംവട്ടവും താരങ്ങളെ ജന്തർമന്തറിലേക്ക് എത്തിച്ചത്. താരങ്ങൾ തെരുവിലിറങ്ങിയത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടെ വിമർശനം എരിതീയിൽ എണ്ണയൊഴിക്കുന്നതായി. കായികതാരങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട സംഘടന നിർണായകഘട്ടത്തിൽ തള്ളിപ്പറയുമ്പോൾ കായികതാരങ്ങളുടെ മനോവീര്യം നഷ്ടപ്പെടുന്നു. അതും അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന വിഷയത്തിൽ. തുടക്കത്തിൽ ഒന്നറച്ചുനിന്നെങ്കിലും കഴിഞ്ഞദിവസങ്ങളിൽ പ്രമുഖരായ കായികതാരങ്ങൾ പിന്തുണയുമായെത്തിയതും രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും ഒപ്പംചേർന്നതും സമരത്തിന് കരുത്തേകുന്നുണ്ട്.

ബ്രിജ്ഭൂഷണിന്റെപേരിൽ പരാതി നൽകിയവരിൽ പ്രായപൂർത്തിയാകാത്ത താരവുമുണ്ട്. 12 വർഷം ഗുസ്തി ഫെഡറേഷനെ അടക്കിഭരിച്ച, ആറുവട്ടം ഉത്തർപ്രദേശിൽനിന്ന് ലോക്‌സഭാംഗമായ ബ്രിജ് ഭൂഷണിനെതിരേ നടപടിയെടുക്കാത്തതിൽ രാഷ്ട്രീയകാര്യങ്ങളുണ്ടാകാം. ഏതു പാർട്ടിയിൽ നിന്നാലും കൈസർഗഞ്ചിൽനിന്ന് ലോക്‌സഭയിലേക്കെത്താമെന്നതാണ് ബ്രിജ്ഭൂഷണിന്റെ കൈയിലെ തുറുപ്പുചീട്ട്. യു.പി. രാഷ്ട്രീയത്തിലെ അതികായനെതിരേ നടപടിക്ക് മുതിരാൻ ഭരണകൂടം മടിക്കുന്നത് രാഷ്ട്രീയതാത്‌പര്യംകൊണ്ടുകൂടിയാണ്. കായികസംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയപ്രവർത്തകർ നിലയുറപ്പിക്കുന്നതിന്റെ അപകടവും ബ്രിജ്ഭൂഷൺ നൽകുന്നു. കായികരംഗത്തെ പ്രമുഖരുടെ പിന്തുണയും സുപ്രീംകോടതിയുടെ ഇടപെടലുകളും പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അപ്പോഴും ഓർക്കേണ്ട ഒന്നുണ്ട്, അവർക്കാവശ്യം രാജ്യത്തിന്റെ മൊത്തം പിന്തുണയാണ്. കാരണം, അവരുടെ നേട്ടങ്ങളിൽ അഭിമാനിച്ചത് രാജ്യമാണ്. സന്തോഷിച്ചത് ഇന്ത്യൻ ജനതയാണ്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..