.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതത്തിന്റെ പേരിൽ നമ്മൾ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് ചോദിച്ചത് സുപ്രീംകോടതിയാണ്. മതനിരപേക്ഷമായ രാജ്യത്തെ ഞെട്ടിക്കുന്നതാണ് ഇവിടെ നടക്കുന്ന വിദ്വേഷപ്രസംഗങ്ങളെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഇക്കാര്യത്തിൽ ശക്തമായൊരു ഇടപെടലാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ നടത്തിയത്. വിദ്വേഷപ്രസംഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരെങ്കിലും പരാതി നൽകുന്നത് കാത്തിരിക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അന്നത്തെ ഉത്തരവ് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കുള്ളതായിരുന്നെങ്കിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അതിന്റെ വ്യാപ്തി രാജ്യവ്യാപകമാക്കിക്കൊണ്ട് സുപ്രീംകോടതി സുപ്രധാനമായൊരു ഉത്തരവിറക്കി.
2022 ഒക്ടോബർ 21-ലെ ഉത്തരവിന്റെ വ്യാപ്തി രാജ്യവ്യാപകമാക്കിയതോടെ, വിദ്വേഷ പ്രസംഗങ്ങളിൽ പരാതി ലഭിക്കാതെത്തന്നെ സ്വമേധയാ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ബാധ്യതയായി. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ അതിഗൗരവമായി കാണുമെന്നും കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പുകൂടി നൽകിയതോടെ സുപ്രീംകോടതി ഇതിനെ എത്ര പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും വ്യക്തമായി. ജഡ്ജിമാർക്ക് രാഷ്ട്രീയമില്ലെന്നും അവർക്കുമുന്നിലുള്ളത് രാജ്യത്തിന്റെ ഭരണഘടന മാത്രമാണെന്നും ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. നിയമവാഴ്ച ഉറപ്പാക്കുകമാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിദ്വേഷപ്രസംഗവിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തുന്നത് ആദ്യമല്ല. ഏറ്റവും ഒടുവിലത്തെ ഉത്തരവ് ഷഹീൻ അബ്ദുള്ള എന്നയാളുടെ പരാതിയിലാണ്. 2021 ഡിസംബർ 17-ന് ഡൽഹിയിൽ ഹിന്ദു യുവവാഹിനിയുടെ സമ്മേളനം, ഡിസംബർ 19-ന് ഹരിദ്വാറിൽ യതി നരസിംഹാനന്ദ് നടത്തിയ പ്രസംഗം, 2022 ജനുവരി 29-ന് അലഹാബാദിൽ നടത്തിയ സമാനമായ പരിപാടി, മേയ് അഞ്ചിന് ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിലും സെപ്റ്റംബർ നാലിന് ഡൽഹി ബദർപുരിലും നടന്ന പരിപാടികൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയനേതാക്കൾ വിദ്വേഷപ്രസംഗം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ്, വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കാൻ പരാതിക്ക് കാത്തുനിൽക്കേണ്ടെന്ന് മൂന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. 2022 ഒക്ടോബറിലെ ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കണമെന്നുകാട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതും ഷഹീൻ അബ്ദുള്ളയാണ്. അതിലാണ് നിർദേശം രാജ്യവ്യാപകമാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായതും.
ഇതിനുമുൻപ് വിദ്വേഷപ്രസംഗങ്ങളുടെ വിഷയത്തിൽ സുപ്രീംകോടതി ശക്തമായ നിരീക്ഷണങ്ങൾ നടത്തിയ കേസുകളിലൊന്ന് ചാനൽചർച്ചകളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. കാഴ്ചക്കാരുടെ എണ്ണവും റേറ്റിങ്ങും കൂട്ടാനായി ചില ചാനൽ അവതാരകർ വിദ്വേഷപ്രസംഗം നടത്തുകയും അതിന് വളംവെച്ചുകൊടുക്കുകയും ചെയ്യുന്നതിലാണ് അന്ന് സുപ്രീംകോടതി കടുത്ത അതൃപ്തിയറിയിച്ചത്. ജസ്റ്റിസ് കെ.എം. ജോസഫിന്റെ ബെഞ്ചുതന്നെയായിരുന്നു അന്നും കേസ് പരിഗണിച്ചിരുന്നത്. മനസ്സിലുള്ളതെന്തും വിളിച്ചുപറയാൻ ചാനൽഅവതാരകർക്ക് അവകാശമില്ലെന്ന് അവർ മനസ്സിലാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ, അന്ന് സുപ്രധാനമായൊരു കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിദ്വേഷപ്രസംഗങ്ങൾ തടയാൻ ക്രിമിനൽ നടപടിച്ചട്ടത്തിൽ പ്രത്യേക ഭേദഗതി കൊണ്ടുവരുമെന്നാണ് കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വ്യക്തമാക്കിയത്. ബന്ധപ്പെട്ടവരുമായി ഇതിനുവേണ്ടി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞത് പ്രതീക്ഷയ്ക്ക് വകനൽകുന്നു. നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ (വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാനം തകർക്കൽ), 153-ബി (ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ നടത്തൽ), 295-എ (മതവികാരം വ്രണപ്പെടുത്തൽ), 506 (കൊല്ലുമെന്നോ മുറിവേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരമാണ് വിദ്വേഷപ്രസംഗ സംഭവങ്ങളിൽ കേസെടുക്കേണ്ടത്. എന്നാൽ, വിദ്വേഷപ്രസംഗങ്ങളെ പ്രത്യേക കുറ്റമായിത്തന്നെ കണ്ട് ശിക്ഷിക്കാൻ നടപടി സ്വീകരിക്കാനായിരിക്കാം സർക്കാർ നീങ്ങുന്നത്. ക്രിമിനൽ നടപടിച്ചട്ടം ഇതിനായി ഭേദഗതി ചെയ്യാനുള്ള നീക്കം വിദ്വേഷപ്രസംഗം തടയുന്നതിനുള്ള ശക്തമായ ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..